ഗ്രീൻഫീൽഡ് ഹൈവേ കല്ലിടൽ 10 കിലോമീറ്റർ പിന്നിട്ടു; നഷ്ടപരിഹാരം സംബന്ധിച്ചാണ് കൂടുതൽ ആശങ്കകൾ

Mail This Article
പാലക്കാട് ∙ കല്ലടിക്കോടൻ മലയടിവാരത്തിലൂടെ നിർമിക്കുന്ന പാലക്കാട്–കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമാണത്തിനായി അതിരുനിർണയ കല്ലുകൾ സ്ഥാപിക്കൽ പത്തു കിലോമീറ്റർ പിന്നിട്ടു. മുണ്ടൂരിൽ റവന്യൂവകുപ്പിന്റെ സർവേ നടപടികളും ആരംഭിച്ചു. അലൈൻമെന്റിന്റെ ഭാഗമായുള്ള കല്ലിടലിനൊപ്പം സർവേ സ്കെച്ചും പൂർത്തീകരിക്കും. മുണ്ടൂർ, കരിമ്പ , മീൻവല്ലം വഴിയാണ് കല്ലിടൽ നടപടികൾ തുടരുന്നത്.
61.44 കിലോമീറ്റർ നീളത്തിലാണ് ജില്ലയിൽ പാത നിർമിക്കുക. അതേസമയം, ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കകളും ശക്തമായി. നഷ്ടപരിഹാരം സംബന്ധിച്ചാണ് കൂടുതൽ ആശങ്കകൾ . കല്ലിടൽ നടത്തുമ്പോൾ ഭൂമി പലതും രണ്ടായി മുറിഞ്ഞുപോകുന്നുണ്ട്. വീടുകളോടും കെട്ടിടങ്ങളോടും ചേർന്നാണു പലയിടത്തും കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. വീട്ടിൽനിന്നു നേരെ റോഡിലേക്ക് കാൽ വയ്ക്കുന്ന സാഹചര്യം വരുമെന്നതിനാൽ വീടുകൂടി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് പലരും ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം, വീടും കെട്ടിടങ്ങളും ഉപയോഗിക്കാൻ കഴിയാതെയാകും.
ഏറ്റെടുക്കുന്നതിൽ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇത്തരം പരാതികളെല്ലാം ദേശീയപാത അതോറിറ്റിക്കു കൈമാറുമെന്നും അവരാണ് തീരുമാനം എടുക്കേണ്ടതെന്നും റവന്യൂവകുപ്പ് പറയുന്നു. കല്ലിടൽ പോകുന്നതിനൊപ്പം സർവേ നടപടികളും മുന്നോട്ടുപോകണമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ റവന്യൂവകുപ്പിനു കീഴിലുള്ള ദേശീയപാത ഭൂമിയെടുപ്പ് വിഭാഗത്തു ലഭിക്കണം. 28 പേർ അടങ്ങുന്ന പുതിയ യൂണിറ്റ് അനുവദിക്കുമെന്നാണു പറഞ്ഞതെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.