ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സാങ്കേതിക വിദ്യകളുടെ വളർച്ച, അസാധ്യം എന്ന് കരുതുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധ്യമാക്കി തരുന്നുണ്ട്. വീടുകൾ പോലും അപ്പാടെ എടുത്തുമാറ്റി വേണ്ട സ്ഥലത്തെത്തിച്ച് സ്ഥാപിക്കാൻ ഇന്ന് കഴിയും. അങ്ങനെ തങ്ങളുടെ സ്വപ്നഭവനം എക്കാലവും നിലനിൽക്കണമെന്ന ആഗ്രഹത്തിൽ 100 അടി അകലത്തിലേക്ക് മാറ്റിസ്ഥാപിക്കുകയാണ് ബെംഗളൂരു സ്വദേശികളായ രണ്ടു സഹോദരന്മാർ. അച്ഛന്റെ ഓർമകൾ നശിക്കാതെ സംരക്ഷിക്കാനും അമ്മയ്ക്ക് ആ വീടിനോടുള്ള സ്നേഹം കണക്കിലെടുത്തുമാണ് ഇങ്ങനെ ഒരു തീരുമാനം ഇവർ എടുത്തത്.

ഈസ്റ്റ് ബെംഗളൂരുവിലെ തുബാരഹള്ളി പാല്യയിലാണ് ദേവരാജ്, വാസു എന്നീ സഹോദരന്മാരുടെ വീട് സ്ഥിതി ചെയ്യുന്നത്. എന്നാൽ സമീപത്തുള്ള തടാകം നിരന്തരം കരകവിഞ്ഞ് വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും മോശം ഡ്രൈനേജും മൂലം ഇവരുടെ വീട് തകർന്നുപോകുമെന്ന അവസ്ഥയിലായിരുന്നു. ഷീറ്റിട്ട ഒരു ചെറിയ വീട്ടിലായിരുന്നു ആദ്യകാലത്ത് കുടുംബത്തിന്റെ താമസം. പിന്നീട് 2002 ൽ ഇവരുടെ പിതാവ് യെല്ലപ്പയാണ് 11 ലക്ഷം രൂപ ചെലവിട്ട് രണ്ടുനിലവീട് നിർമിച്ചത്. ഏതാനും വർഷങ്ങൾക്കു മുൻപ് അദ്ദേഹം മരണപ്പെടുകയും ചെയ്തു.

വെള്ളക്കെട്ട് മൂലം വീട് ജീവിക്കാനാവാത്ത അവസ്ഥയിലാകുമെന്ന ഘട്ടം വന്നതോടെ അത് പൊളിച്ച് മറ്റൊരു സ്ഥലത്ത് പുതിയതൊന്നു നിർമിക്കാമെന്നായിരുന്നു  സഹോദരന്മാരുടെ ആദ്യത്തെ തീരുമാനം. എന്നാൽ തന്റെ ഭർത്താവ് അത്രയധികം ആഗ്രഹിച്ചു നിർമിച്ച വീട് പൊളിച്ചു കളയുന്നത് ഇവരുടെ അമ്മയ്ക്ക് വളരെ സങ്കടകരമായ കാര്യമായിരുന്നു. വീട് നശിക്കാതെ സംരക്ഷിക്കാനും അതോടൊപ്പം അമ്മയുടെ ആഗ്രഹം നിറവേറ്റാനും എന്തുചെയ്യാനാകുമെന്ന ചിന്തയ്ക്കൊടുവിലാണ് 100 മീറ്റർ അകലെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് വീട് അപ്പാടെ ഇളക്കി എടുത്തുകൊണ്ടുവന്നു സ്ഥാപിക്കാം എന്ന തീരുമാനത്തിൽ എത്തിയത്. ശ്രീരാം ബിൽഡിങ് ലിഫ്റ്റിംഗ് എന്ന കമ്പനി വീട് മാറ്റി സ്ഥാപിക്കുന്നതിനായി ഇവരുടെ സഹായത്തിനെത്തി.

ഒരാഴ്ച മുൻപ് വീട് നീക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. വീടിന്റെ ജനാലകൾക്കോ, ഭിത്തികൾക്കോ, വാതിലുകൾക്കോ യാതൊരുവിധ കേടുപാടുകളും നീക്കിവയ്ക്കുന്ന സമയത്ത് ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് ശ്രീരാം ബിൽഡിങ് ലിഫ്റ്റിങിന്റെ എം.ഡി വികാസ് റാണ പറയുന്നു.

200 ഇരുമ്പ് ജാക്കുകൾ, 125 ഇരുമ്പ് റോളറുകൾ, ഏഴ് പ്രധാന ജാക്കുകൾ എന്നിവ ഉപയോഗിച്ചാണ് വീട് ഉയർത്തിയെടുത്ത് മാറ്റുന്നത്. ഇതിനോടകം 15 അടി അകലേക്ക് വീട് നീക്കാൻ സാധിച്ചിട്ടുമുണ്ട്. ശേഷിക്കുന്ന 85 അടി ദൂരത്തേക്ക്  വീട് നീക്കി പുതിയ അടിത്തറയിലേക്ക് സ്ഥാപിക്കാൻ 30 ദിവസം സമയം വേണ്ടിവരും. 10 ലക്ഷം രൂപയാണ് വീട് മാറ്റിവയ്ക്കുന്നതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ പുതിയ സ്ഥലത്ത് വീട് എത്തിച്ച ശേഷം നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അഞ്ചു ലക്ഷം രൂപയും സഹോദരന്മാർ നീക്കിവച്ചിട്ടുണ്ട്.

English Summary:

Brothers planning to shift house to 100 ft to save fathers memories

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com