കുടുംബ വഴക്ക്: നെല്ലിയാമ്പതി മലയിലേക്ക് കയറിപ്പോയ യുവാവിനെ തിരികെയെത്തിച്ചു
Mail This Article
എലവഞ്ചേരി∙ നെല്ലിയാമ്പതി മലനിരകളിലൂടെ കയറിപ്പോയ യുവാവിനെ കണ്ടെത്തി. കുടുംബവഴക്കിനെ തുടർന്ന് എലവഞ്ചേരി കരിങ്കുളം എസ്. റിഷാദാണ് കാടുകറിയത്. റിഷാദിനെ കാണാതായത് നാട്ടിൽ പരിഭ്രാന്തി പരത്തിയിരുന്നു. എലവഞ്ചേരി കിഴക്കുമുറിയിൽ വാടക വീട്ടിലാണ് റിഷാദും കുടുംബവും താമസിക്കുന്നത്.
ഭാര്യ അവരുടെ വീട്ടിലേക്കു പോയതിനാൽ റിഷാദ് മാത്രമേ വീട്ടിലുള്ളൂ. വീട്ടിൽ തനിച്ചായതിൽ വിഷമത്തിലായിരുന്നു റിഷാദ്. ഇന്നലെ ഉച്ചയ്ക്ക് 12 ന് നെല്ലിയാമ്പതി മലനിരകൾക്കു താഴെ മിനുക്കശ്ശേരി മലയിലേക്കു റിഷാദ് കയറിപ്പോകുന്നത് കണ്ട പ്രദേശവാസികൾ കുടുംബക്കാരെ വിവരമറിയിക്കുകയായിരുന്നു.
ബന്ധുക്കൾ മൊബൈൽ ഫോണിൽ റിഷാദിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരിധിക്കു പുറത്തായിരുന്നു. പിന്നീട് കൊല്ലങ്കോട് പൊലീസ്, വനപാലകർ, അഗ്നിരക്ഷാസേന എന്നിവരെത്തി വൈകിട്ട് നാലിനു തിരച്ചിൽ തുടങ്ങി. ഒടുവിൽ രാത്രി 8.30ന് വനത്തിൽ നിന്ന് റിഷാദിനെ കണ്ടെത്തുകയായിരുന്നു. റിഷാദിനെ താഴെ എത്തിച്ച ശേഷം നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു പരിശോധന നടത്തി .