അക്കൗണ്ടിൽ പണമില്ലാത്തതിനാൽ നൽകിയില്ല; യുവാവ് ബാങ്ക് തല്ലിത്തകർത്തു

Mail This Article
ആലത്തൂർ ∙ എസ്ബിഐ എരിമയൂർ ശാഖയിൽ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാനെത്തിയ യുവാവ് ബാങ്കിലെ കൗണ്ടറിന്റെ ചില്ല് തകർത്ത്, കംപ്യൂട്ടർ വലിച്ചു നിലത്തിട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.എരിമയൂർ ചേരാനാട് പുത്തൻതൊടി വീട്ടിൽ ഷമീറും പിതാവ് യൂസഫും ഒന്നിച്ചാണ് ബാങ്കിൽ എത്തിയത്. 14,000 രൂപയുടെ ചെക്ക് ബാങ്കിൽ നൽകി. അക്കൗണ്ടിൽ അത്രയും തുക ഇല്ലാത്തതിനാൽ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ബാങ്കിൽ നിന്ന് അപായ സൈറൺ മുഴക്കി. വിവരമറിഞ്ഞ ആലത്തൂർ പൊലീസ് സ്ഥലത്തെത്തി ഷമീറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് കൈകാലുകളിൽ പരുക്കേറ്റതിനാൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 11 വർഷമായി മാനസിക അസ്വാസ്ഥ്യത്തിനു ഇയാൾ ചികിത്സയിലാണെന്ന് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.