വഴിയൊരുക്കി; മല തുരന്ന്

Mail This Article
പന്തളം ∙ കുരമ്പാല ആതിരമല ഐഎച്ച്ഡിപി കോളനിയിലെ നിർധന കുടുംബങ്ങൾക്ക് വഴിനടക്കാൻ മല തുരന്ന് പുതിയ റോഡ് നിർമാണത്തിനു തുടക്കം. ഉഴത്തിൽപടി-കൊച്ചുവിളപ്പടി റോഡിനായി മണ്ണെടുപ്പ് ജോലികൾ പൂർത്തിയായി. 270 മീറ്റർ നീളത്തിലാണ് പുതിയ റോഡിനായി സ്ഥലമൊരുക്കിയത്. 15 കുടുംബങ്ങൾ റോഡിന്റെ ഗുണഭോക്താക്കളായുണ്ട്. കോളനി നിവാസികൾക്ക് വീടുകളിലെത്താൻ 2 കിലോമീറ്ററിലധികം ചുറ്റിത്തിരിയേണ്ട ദുരവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. എസ്‍സി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതിയുടെ പ്രാരംഭ ജോലികൾ പൂർത്തിയാക്കിയത്.
കോളനി നിവാസികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പദ്ധതി തയാറാക്കിയതെന്നും റോഡിന്റെ തുടർ നിർമാണത്തിനായി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും കൗൺസിലർ എം.ജി.രമണൻ പറഞ്ഞു. കൗൺസിൽ തീരുമാന പ്രകാരം മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഉൾപ്പെടെ അനുമതിയോടെയും നിയമങ്ങൾ പാലിച്ചുമാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ണ് നഗരസഭ ഉപയോഗിക്കണം
റോഡിനായി നീക്കുന്ന മണ്ണ് പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണത്തിനായി ഉപയോഗിക്കണമെന്നാണ് ബിജെപി കൗൺസിലർമാരുടെ ആവശ്യം. വിഷയം ചർച്ച ചെയ്ത കൗൺസിലിൽ തന്നെ ഈ ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ലെന്നും മണ്ണെടുപ്പിനു പിന്നിൽ അഴിമതിയുണ്ടെന്നും ബിജെപി കൗൺസിലർ കെ.വി.പ്രഭ പറഞ്ഞു.