ടികെ റോഡിന്റെ മോടി കൂട്ടുന്നു

Mail This Article
തിരുവല്ല ∙ സംസ്ഥാന പാതയായ തിരുവല്ല കുമ്പഴ റോഡിൽ ജംക്‌ഷനുകൾ വികസിപ്പിക്കുന്ന ജോലികൾ തുടങ്ങി. തിരുവല്ല വൈഎംസിഎ ജംക്‌ഷൻ മുതൽ വള്ളംകുളം പാലം വരെയുള്ള ഭാഗത്താണ് പണികൾ നടത്തുന്നത്. ശബരിമല വികസന പദ്ധതിയിൽ ഇതിനായി 34 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മഞ്ഞാടി ,കറ്റോട്, തോട്ടഭാഗം എന്നിവിടങ്ങളാണ് പ്രധാനമായും മോടി പിടിപ്പിക്കുന്നത്. റോഡിന്റെ വശങ്ങളിൽ പൂട്ടുകട്ടകൾ പാകി വൃത്തിയാക്കും.ആവശ്യമായ സ്ഥലങ്ങളിൽ ഓവു ചാലുകളും ഐറിഷ് ഡ്രെയ്നേജും നിർമിക്കും.ജംക്‌ഷനുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും ഇത് സഹായകരമാകും എന്ന വിലയിരുത്തലാണ് പിഡബ്ല്യുഡിക്കുള്ളത്.
കാൽനട യാത്രക്കാർക്കായി സീബ്ര ലൈനുകൾ ഉൾപ്പെടെ തെർമോ പ്ലാസ്റ്റിക്കിൽ അടയാളപ്പെടുത്താനും പദ്ധതിയിൽ നിർദേശമുണ്ട്. ടികെ റോഡിൽ വഴിയോര കച്ചവടങ്ങൾ അപകടങ്ങൾ കാരണമാകുമെന്ന് അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ വഴിയോര കച്ചവടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതും അധികാരികളുടെ പരിഗണനയിൽ ഉണ്ട്.