ജീവത്യാഗം ചെയ്ത പൊലീസുകാർക്ക് സഹപ്രവർത്തകരുടെ സല്യൂട്ട്

Mail This Article
പത്തനംതിട്ട ∙ കർത്തവ്യ നിർവഹണത്തിനിടെ ജീവത്യാഗം ചെയ്ത പൊലീസുകാരെ അനുസ്മരിച്ച് രക്തസാക്ഷി ദിനാചാരണം നടത്തി. ജില്ലാ പൊലീസ് ആസ്ഥാനത്ത് അനുസ്മരണ പരേഡും അനുബന്ധ ചടങ്ങുകളും നടന്നു. രക്തസാക്ഷികൾക്കുള്ള സ്മാരക മണ്ഡപത്തിൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പുഷ്പചക്രം സമർപ്പിച്ചു. ഇന്ത്യയിലാകെ 265 പൊലീസ് ഉദ്യോഗസ്ഥരാണ് ഒരു വർഷത്തിനിടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ചത്. 31 വരെ നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് പൊലീസ് രക്തസാക്ഷികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നാളെ ഇവരുടെ വീടുകളിൽ പൊലീസെത്തി കുടുംബാംഗങ്ങളുടെ ക്ഷേമാന്വേഷണം നടത്തുകയും സഹായങ്ങളും പിന്തുണയും ഉറപ്പാക്കുകയും ചെയ്യും. സ്‌കൂളുകളിലെ കുട്ടികൾക്കായി പൊലീസ് രക്തസാക്ഷിത്വത്തിന്റെ പ്രാധാന്യം എടുത്തു പറയും വിധം ഉപന്യാസ രചന, ബറ്റാലിയൻ പൊലീസുകാരെ ഉൾപ്പെടുത്തി കൂട്ടയോട്ടം, പൊലീസ് ബാൻഡ് ഡിസ്‌പ്ലേ, പൊതുജനങ്ങളെ ഉൾപ്പെടുത്തി പൊലീസുകാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം സംബന്ധിച്ച് സെമിനാർ, പൊലീസ് ധീരകൃത്യങ്ങൾ ഉയർത്തിക്കാട്ടുന്ന ലഘുചിത്രം തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ
പത്തനംതിട്ട ∙ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിലെ എട്ട് പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. ജില്ലയിലെ ഏക വനിതാ പൊലീസ് സ്റ്റേഷനായ പത്തനംതിട്ട സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫിസർ തടിയൂർ സ്വദേശിനി എ.ആർ.ലീലാമ്മ, ജില്ലാ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ വള്ളിക്കോട് സ്വദേശി വി.പ്രമോദ്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ എഎസ്ഐമാരായ കുടശ്ശനാട് സ്വദേശി ആർ.അനന്തകുമാർ, സി.എം.അജിത് കുമാർ, എആർ ക്യാംപ് എഎസ്ഐ കെ.രാജൻപിള്ള, എസ്ഐമാരായ പി.സി.പ്രസാദ്, കെ.ജെ.മാർട്ടിൻ എന്നിവരാണ് മെഡലിന് അർഹരായത്.