ആദ്യം ഡമ്മിയായി എത്തി, ഒറിജിനലായി; നീതുവിന് നിനച്ചിരിക്കാത്ത ഭാഗ്യം

Mail This Article
പത്തനംതിട്ട ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെന്നീർക്കര പഞ്ചായത്ത് അഞ്ചാം വാർഡിലെ നീതു രാജന് (സിപിഎം) ഇരട്ട ഭാഗ്യം. ആദ്യം ഡമ്മിയായി എത്തി ഒറിജിനലായി. പിന്നെ ഉമ്മിനിക്കാവ് വാർഡിലെ ജനഹൃദയം കീഴടക്കി വിജയക്കൊടി പാറിച്ചു. പട്ടികജാതി സംവരണ വാർഡാണിത്. ആദ്യം സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ഡി. പ്രമീളയെയാണ്. വാർഡിൽ ഉടനീളം ഫ്ലെക്സുകൾ സ്ഥാപിച്ചു. വീടുകൾ കയറിയിറങ്ങി വോട്ടും ചോദിച്ചു. ഇതിനിടെ പ്രമീളയുടെ പത്രികയോടൊപ്പം ഹാജരാക്കിയ ജാതി സർട്ടിഫിക്കറ്റിനെപ്പറ്റി പരാതി ഉയർന്നു. എതിർ കക്ഷികൾ തഹസിൽദാർക്ക് രേഖാമൂലം പരാതി നൽകി.
ഏതെങ്കിലും കാരണവശാൽ പ്രമീളയുടെ പത്രിക തള്ളിയാൽ പകരം ഡമ്മി സ്ഥാനാർഥിയായിട്ടാണ് നീതു രാജനെ പാർട്ടി കളത്തിൽ ഇറക്കിയത്. 5 മാസം മാത്രം പ്രായമായ കൈക്കുഞ്ഞുള്ളതിനാൽ ആദ്യം മടിച്ചെങ്കിലും സമ്മർദത്തിനു വഴങ്ങി അവസാന ദിവസം പത്രിക നൽകി. പ്രമീളയുടെ ജാതി സർട്ടിഫിക്കറ്റ് കോഴഞ്ചേരി തഹസിൽദാർ റദ്ദാക്കിയതോടെ പത്രികയും തള്ളിപ്പോയി. ഇതോടെ നീതു സജീവമായി പ്രചാരണത്തിനിറങ്ങി. കുഞ്ഞിനെ അമ്മ പൊന്നമ്മ, ബന്ധു അഞ്ജു എന്നിവരെ ഏൽപിച്ചാണ് വോട്ടുതേടിയിറങ്ങിയത്.
കുഞ്ഞ് ഉള്ളതിനാൽ രാവിലെ 10 കഴിഞ്ഞേ ഇറങ്ങാൻ പറ്റുമായിരുന്നുള്ളൂ. ഉച്ചയ്ക്കു മുൻപേ വീട്ടിൽ തിരിച്ചെത്തി കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുകയും വേണമായിരുന്നു. ഭർത്താവ് പ്രക്കാനം അടിച്ചുവാതുക്കൽ കെ.രഘുനാഥനെ കൂട്ടിയാണ് എല്ലാ ദിവസവും പ്രചാരണത്തിനിറങ്ങിയത്. പ്രമീളയും പാർട്ടി പ്രവർത്തകരും പ്രചാരണത്തിൽ സജീവമായി പങ്കെടുത്തു. ത്രികോണ മത്സരത്തിൽ നീതു രാജൻ 18 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നീതുവിന് 319 ഉം എതിർസ്ഥാനാർഥി കോൺഗ്രസിലെ പ്രസീതയ്ക്ക് 301ഉം വോട്ടുകൾ കിട്ടി.