ഗുണനിലവാരമുള്ള പാൽ തേടി റോഡിലിറങ്ങി; പൊലീസ് തിരിച്ചയച്ചു

Mail This Article
പത്തനംതിട്ട ∙ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജില്ലയിൽ മൂന്നാം ദിനവും ലോക്ഡൗൺ പൂർണം. ആശുപത്രികളിലും സർക്കാർ ഓഫിസുകളിലും പോകുന്നവരുടെ വാഹനങ്ങളല്ലാതെ വലിയ വാഹനത്തിരക്ക് ഇല്ലായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവരെ താക്കീത് നൽകി പൊലീസ് വിട്ടയച്ചതോടെ തെരുവുകൾ പൂർണമായും വിജനമായി.
മെഡിക്കൽ സ്റ്റോറുകൾ, അവശ്യ സാധനങ്ങൾ, പാൽ, പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ അടഞ്ഞു കിടന്നു. ഇന്നലെയും പച്ചക്കറി, പലചരക്ക് വരവ് കാര്യമായി ഉണ്ടായില്ല, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കൂടി ലോക്ഡൗൺ തുടങ്ങിയതോടെ പച്ചക്കറി, പലചരക്ക് വരവ് ഗണ്യമായി കുറഞ്ഞു. വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നു പഴവർഗങ്ങളുടെ പുതിയ ലോഡ് വരുന്നില്ല. കടകളിലെ സ്റ്റോക്ക് തീർന്നു തുടങ്ങി.
പ്രധാന റോഡുകളിൽ ഓരോ 3 കിലോമീറ്ററിലും ബാരിക്കേഡുകൾ സ്ഥാപിച്ച് കർശന വാഹന പരിശോധനയാണ് നടക്കുന്നത്. തിരക്ക് കുറഞ്ഞ റോഡുകളും പൊലീസ് സേന നിരീക്ഷിക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ ഇ പാസ്സിനൊപ്പം തിരിച്ചറിയൽ കാർഡുകളും കാണിച്ചാൽ മാത്രമേ പൊലീസ് കടത്തിവിടുന്നുള്ളു.
ഗുണനിലവാരമുള്ള പാൽ തേടി റോഡിലിറങ്ങി; പൊലീസ് തിരിച്ചയച്ചു
അടൂർ ∙ നിസാരകാര്യത്തിനു വാഹനത്തിൽ പുറത്തിറങ്ങുന്നവരെ തിരിച്ചയച്ച് അടൂർ പൊലീസ്. വീടിന്റെ അടുത്ത് പാൽ വിൽക്കുന്ന കടയുണ്ടായിട്ടും അവിടുത്തെ പാലിനു ഗുണനിലവാരമില്ലെന്നും പാരസെറ്റമോൾ ഗുളിക വാങ്ങാനെന്നും പറഞ്ഞിറങ്ങുന്നവരെയാണ് തിരിച്ചയച്ചത്. അടൂർ, പുതുവൽ എന്നിവിടങ്ങളിലെ പരിശോധനാ സ്ഥലത്താണ് ഇത്തരത്തിൽ എത്തുന്നവരെ പൊലീസ് തിരിച്ചയച്ചത്. രാവിലെ ഈ ആവശ്യം പറഞ്ഞിറങ്ങുന്നവർ ധാരാളം പേരുണ്ടെന്നും പൊലീസ് പറഞ്ഞു.