കാടുകയറിയ പൊതുശ്മശാനം വൃത്തിയാക്കി യുവജനങ്ങൾ

Mail This Article
പെരുമ്പെട്ടി ∙ കൊറ്റനാട് പഞ്ചായത്തിൽ കാടുകയറി കിടന്ന പൊതുശ്മശാനം പഞ്ചായത്ത് ഭരണ സമിതിയുടെയും വിവിധ യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വൃത്തിയാക്കി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് പലപ്പോഴും തിരുവല്ലയിലെ പൊതുശ്മശാനത്തിൽ എത്തിക്കേണ്ടി വരുമായിരുന്നു. ഈ ദുരിതമകറ്റുന്നതിനുവേണ്ടി ഭരണ സമിതി വേഗത്തിൽ ഇതിന്റെ പുനരുദ്ധാരണം നടത്തി. പ്രമോദ് നാരായൺ എംഎൽഎ, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് മനോജ് ചരളേൽ,വൈസ് പ്രസിഡന്റ് തങ്കമ്മ ജോർജ്,അംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.
വിവിധ യുവജന സംഘടനാ പ്രതിനിധികളായ സാം വർഗീസ്, അഭിലാഷ് ജി.നായർ, ദീപുകുമാർ, സിനാജ് ചാമക്കാല, അനിൽ കുമാർ, അരവിന്ദ്, പി.കെ.സുരേഷ്, ജെഫിൻ എന്നിവർ പങ്കെടുത്തു. 50 സെന്റ് സ്ഥലമാണ് പൊതുശ്മശാനത്തിനുള്ളത്. ഇവിടെ വാഹനങ്ങൾ എത്താൻ വഴിയില്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഇവിടെ ചുറ്റുമതിൽ നിർമിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ച് നിർമാണോദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ റോഡ് സൗകര്യമില്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബറിൽ രാജു ഏബ്രഹാം എംഎൽഎ മുഖേന റവന്യു മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് റോഡ് നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായും പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.