വനിതാ പൊലീസ് സ്റ്റേഷന് പത്തനംതിട്ട ജില്ലയിൽ തറക്കല്ലിട്ടു

Mail This Article
പത്തനംതിട്ട ∙ വനിതാദിനത്തിൽ ജില്ലയ്ക്കു സമ്മാനമായി വനിതാ പൊലീസ് സ്റ്റേഷൻ. സംസ്ഥാനത്താകെ 18 പൊലീസ് സ്റ്റേഷനുകൾ അനുവദിച്ചതിന്റെ ഭാഗമായാണു ജില്ലയിൽ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷനെത്തുന്നത്. ജില്ല മുഴുവനുമാണ് അധികാരപരിധി. 1.48 കോടി ചെലവിട്ട് ആധുനിക സജ്ജീകരണങ്ങളോടെയാണു സ്റ്റേഷൻ നിർമിക്കുക. ജില്ലാ സായുധ ക്യാംപ് ആസ്ഥാനത്തു മന്ത്രി വീണാ ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു.
ആധുനിക പൊലീസ് സ്റ്റേഷനുകളുടെ വരവ് ജില്ലാ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു മന്ത്രി പറഞ്ഞു. പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിന്റെ പുതിയ കെട്ടിടത്തിനും ഇതിനൊപ്പം ശിലയിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർമാണ ഉദ്ഘാടനം നിർവഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പത്തനംതിട്ട ഡിവൈഎസ് പി.കെ. സജീവ്, വനിതാ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ.ആർ. ലീലാമ്മ തുടങ്ങിയവർ പങ്കെടുത്തു.