പോറ്റി ഡോക്ടർ @ 80 മൃഗപരിപാലനം @ 60

Mail This Article
പത്തനംതിട്ട ∙ വിവാഹസംഘം പന്തലിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോളാണ് സാധുവായ ഒരു മനുഷ്യൻ വിവാഹവീട്ടിലേക്ക് ഓടിവരുന്നത്. അദ്ദേഹം തിരഞ്ഞത് പോറ്റി ഡോക്ടറെ ആയിരുന്നു. ഡോക്ടറെ കണ്ടതും അയാൾ ഡോക്ടറുടെ മുന്നിലേക്ക് ഓടിവന്നു. 'വീട്ടിലെ പശുവിന് എന്തോ ഏനക്കേട്...ആകെയുള്ള ഉപജീവന മാർഗമാണ്. ഡോക്ടർ ഒന്നു വരണം.’ വെപ്രാളത്തിലാണ് അയാൾ പറഞ്ഞുനിർത്തിയത്. കേട്ടപാടെ മകളുടെ കല്യാണമാണെന്ന കാര്യംപോലും മറന്നു പോറ്റി ഡോക്ടർ പോകാനിറങ്ങി. ബന്ധുക്കൾ തടഞ്ഞെങ്കിലും ഉടൻ തിരികെയെത്താമെന്ന ഉറപ്പിൽ അദ്ദേഹം പോയി. ചെന്നപ്പോൾ പശുവിന് പ്രസവസമയം അടുത്തിരുന്നു. ഉടൻതന്നെ ക്ടാവിനെ പുറത്തെടുത്തു. അവിടെനിന്ന് കല്യാണ മണ്ഡപത്തിലേക്കുള്ള ഓട്ടപ്പാച്ചിൽ. വൈകിയത് 2 മണിക്കൂർ. വിവാഹത്തിന്റെ മുഹൂർത്തം തെറ്റിയതിന്റെ ആധിയിലായിരുന്നു എല്ലാവരും. 10.30ന് നടക്കേണ്ട വിവാഹം നടന്നത് 12ന് ശേഷം.
ഡോ.എ.എൻ.ബാലചന്ദ്രൻ എന്ന പോറ്റി ഡോക്ടർക്ക് ജീവിതമെന്നാൽ പക്ഷിമൃഗാദികളാണ്. ചികിത്സയ്ക്കായി എത്തുന്ന മൃഗങ്ങളെ സ്നേഹിച്ചും പരിചരിച്ചും ജീവിതത്തിലെ 60 വർഷങ്ങളാണ് കൊഴിഞ്ഞുവീണത്. ഇപ്പോൾ പ്രായം 80 കഴിഞ്ഞെങ്കിലും ചികിത്സാരംഗത്ത് സജീവമാണ്. എന്നും വീട്ടിലേക്ക് ആളുകൾ മൃഗങ്ങളുമായി എത്തും. നേരിൽപോയി ചികിത്സിക്കേണ്ട സാഹചര്യങ്ങളിൽ നേരിട്ട് പോവുകയും ചെയ്യും. മൃഗപാലനത്തിലെ തന്റെ ഷഷ്ഠിപൂർത്തി വർഷമാണിതെന്ന് സരസമായി, ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറയുന്നു. തൃശൂർ മണ്ണൂത്തിയിലെ കേരള വെറ്ററിനറി കോളജിൽ നിന്നായിരുന്നു ബാച്ച്ലർ ഓഫ് വെറ്ററിനറി സയൻസിൽ പഠനം പൂർത്തിയാക്കിയത്. 20–ാം വയസ്സിൽ തിരുവനന്തപുരം പാങ്ങോട് വെറ്ററിനറി ഡിസ്പെൻസറിയിൽ വെറ്ററിനറി സർജനായി ജോലിയിൽ പ്രവേശിച്ചു.
അവർ നാടകം കളിച്ചു; മൃഗാശുപത്രി പിറന്നു

1974ൽ പ്രമാടം വെറ്ററിനറി ഡിസ്പെൻസറിയിൽ സർജനായി സ്ഥലംമാറ്റം ലഭിച്ചാണ് ജില്ലയിലെത്തുന്നത്. അക്കാലത്ത് ഓലമേഞ്ഞ ചെറുകുടിലിലായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്. സാധാരണക്കാർ ഏറെയുള്ള കൊച്ചുഗ്രാമത്തിൽ കാലിവളർത്തും മറ്റുമായിരുന്നു ആളുകളുടെ പ്രധാന ഉപജീവനമാർഗം. അവിടത്തെ ജനങ്ങൾക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ ഡോ. ബാലചന്ദ്രനും സാമൂഹിക പ്രവർത്തകനും മുൻ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന പരേതനായ ആക്ലേത്ത് രാജപ്പൻപിള്ളയും നാട്ടുകാരും ചേർന്ന് പുതിയ ആശുപത്രി നിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഫണ്ട് കണ്ടെത്താൻ അവർ തിരഞ്ഞെടുത്ത വഴികളിലൊന്ന് നാടകാവതരണം ആയിരുന്നു. പ്രമാടത്തെ നേതാജി ഹൈസ്കൂളിലെ അധ്യാപകൻ കൂടിയായിരുന്ന രാജപ്പൻപിള്ള സ്കൂളിലെ അധ്യാപകരെയും നാട്ടിലെ കലാകാരന്മാരെയും ഒന്നിപ്പിച്ച് നാടക പരിശീലനം ആരംഭിച്ചു. തോപ്പിൽ ഭാസിയുടെ ‘കൂട്ടുകുടുംബം’എന്ന നാടകമായിരുന്നു തിരഞ്ഞെടുത്തത്. രചന, സംവിധാനം, സംഗീതം, ആലാപനം തുടങ്ങി നാടകത്തിന്റെ എല്ലാ മേഖലകളും നാട്ടുകാർ തന്നെയാണ് കൈകാര്യം ചെയ്തത്. പ്രതീക്ഷിച്ചതിനെക്കാൾ ഉയർന്ന സ്വീകാര്യത നാടകത്തിന് ലഭിച്ചു. അങ്ങനെ പ്രമാടത്ത് സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രിയായി. അന്നു മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് ഉദ്ഘാടനം നിർവഹിച്ചത്. പോറ്റി ഡോക്ടർക്ക് സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചു.
പത്തനംതിട്ട ജില്ലയുടെ വെറ്ററിനറി പോളിക്ലിനിക് അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ ആനിമൽ ഹസ്ബൻഡറി വിഭാഗം ജോയന്റ് ഡയറക്ടർ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ റജിസ്ട്രാർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1997ൽ പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ് ഡയറക്ടറായാണ് വിരമിക്കുന്നത്. വിശ്രമ ജീവിതത്തിന്റെ 25 വർഷങ്ങൾ കടന്നുപോകുമ്പോഴും പോറ്റീസ് പെറ്റ്സ് ക്ലിനിക്കിലൂടെ മൃഗപരിചരണം ഇന്നും തുടരുകയാണ്. ഒപ്പം 25 വർഷമായി തുടരുന്ന യോഗയും ചെടി പരിപാലനവുമാണ് പ്രധാന വിനോദങ്ങൾ. വെറ്ററിനറി രംഗത്തെ പുതിയ മാറ്റങ്ങൾ, ആധുനികവൽക്കരണം തുടങ്ങി വിവിധ മേഖലകളിലുള്ള പഠനവും അദ്ദേഹം തുടരുന്നുണ്ട്.
കോവിഡ് കാലത്ത് മൃഗങ്ങളിൽ കണ്ടുവന്ന അപൂർവ ത്വക്ക് രോഗത്തിന് ചികിത്സയില്ലാതെ വിഷമിച്ച സാഹചര്യത്തിൽ പുതിയ മരുന്ന് കണ്ടെത്തിയതും പോറ്റി ഡോക്ടറുടെ കൈപ്പുണ്യമാണ്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ സജീവ അംഗം കൂടിയാണ് അദ്ദേഹമിപ്പോൾ.ഡി. ശാന്താകുമാരിയാണ് ഭാര്യ. തിരുവല്ല മാർ അത്തനാസിയോസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയാണ് മകൻ ഡോ.സുദീപ് ബി.ചന്ദ്രമന. മകൾ സൂര്യാ കൃഷ്ണൻ സൈക്കോളജിസ്റ്റാണ്.