ആയത്തിലാടിയാൽ ആകാശം തൊടണം...

Mail This Article
ഓണത്തുമ്പിയെ കണ്ടിട്ടുണ്ടോ? മെല്ലെ താഴ്ന്നു പറന്ന്, ഒന്നു പയ്യെ ഉയർന്ന്, ചിങ്ങവെയിലിൽ ചിറകൊന്നുമിനുക്കി പിന്നെ ആയത്തിലങ്ങു പറക്കും. അങ്ങനെ വേണം ഊഞ്ഞാലും. ആടിയുയർന്ന്, വെയിൽതെളിഞ്ഞ നീലാകാശത്തെ മേഘത്തുണ്ടിൽ തൊട്ടു തൊട്ടില്ലെന്നപോലെ, പറക്കാൻ. കൊച്ചുകുട്ടികളും യുവതികളും അമ്മമാരും എന്തിന് പ്രായമായ അമ്മൂമ്മമാർവരെ ഒന്നു കൊതിക്കും, ഓണത്തുമ്പികളെപ്പോലെ ഒരു നിമിഷം ഉയരത്തിലൊന്നുനിന്നു താഴേക്കു പാറിയിറങ്ങാൻ. ഓണത്തിന്റെ വിളംബരം കൂടിയാണ് ഊഞ്ഞാൽ. തൊടിയിലെ, പത്തനംതിട്ടക്കാരുടെ ഭാഷയിൽ അയ്യത്തെ ഏറ്റവും ഉയർന്ന മരക്കൊമ്പിലാണ് ഊഞ്ഞാലിന്റെ സ്ഥാനം. മുന്നിലെ മുത്തശ്ശൻമാവിലോ രണ്ടു കൊന്നത്തെങ്ങുകൾ ചേർത്തു കമുകിൻകീറുകൊണ്ടു കെട്ടി അതിലോ നല്ല കനമുള്ള ഇഴക്കയർ വരിഞ്ഞുകെട്ടി, പലകയോ മടലോ വെട്ടി ഇരിപ്പിടമുണ്ടാക്കിയ വമ്പൻ ഒരൂഞ്ഞാൽ.....ആയത്തിലാടിയാൽ ആകാശം തൊടണം. ഏറ്റവും ഉയരത്തിലാടുന്നവരാണു മിടുക്കരും ധൈര്യശാലികളും.
ഓരോരുത്തരും മനസ്സിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ചിറകുകൾ ആരുംകാണാതെ വിടർത്തിയുയർത്തുന്നതും ഊഞ്ഞാലിലാണ്. ഊഞ്ഞാലൊന്നു കണ്ടാൽ ഉള്ളിലെവിടെയോ നിന്ന് ഒരു കുട്ടി ഓടിയുണർന്നുവരും. ഉയരെ പറന്നുകയറിയതോ കെട്ടാൻ മരത്തിൽക്കയറിയപ്പോൾ വീണതിന്റെയോ ഊഴമിട്ട് ആടിയിട്ടും തീരാതെ പോയ കൊതിയുടെയോ ചിലപ്പോൾ ഒരിക്കലും കെട്ടാതെപോയ ഒരൂഞ്ഞാലിന്റെയോ ഓർമയില്ലാത്ത ആരുണ്ട്, മലയാളക്കരയിൽ?
പണ്ടൊക്കെ പലതരം വളളികളിലായിരുന്നു ഊഞ്ഞാൽ. വള്ളിയറുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. മൂടോടെ അറുത്തെടുക്കരുത്. കിളുന്തുവള്ളി അരിഞ്ഞെടുക്കരുത്. വള്ളിപടർന്ന മരത്തിനുപോലും നോവാതെ വേണം ഊഞ്ഞാലിനെടുക്കാൻ. കെട്ടുമ്പോൾ തടിയിലുരയാതെ കെട്ടാൻ കേമത്തമുള്ള അമ്മാവന്മാരോ ചേട്ടന്മാരോ ഒക്കെയുണ്ടാവും നാട്ടിൻപുറത്ത്. ഏതു തുഞ്ചത്തും വലിഞ്ഞുകയറുന്നൊരു കൊച്ചുചെറുക്കനോ പെൺകൊച്ചോ കൂടിയുണ്ടാകും, കൂടെ നടക്കാനും സഹായിക്കാനും. മരത്തിൽ ഉറുമ്പുണ്ടോ, കിളിക്കൂടോ കിളികളുള്ള പോടോ ഉണ്ടോ എന്നൊക്കെ നോക്കിയേ ഊഞ്ഞാലിടൂ. കാരണം, കുഞ്ഞുങ്ങളുടെ ആഹ്ലാദത്തിലും ഓണക്കാല സന്തോഷത്തിലും ഒരു കുഞ്ഞുസങ്കടത്തിന്റെയും നിഴൽ വീഴരുത്.
അടുക്കളയിൽ വറുത്തുകോരുന്ന ഉപ്പേരി ചൂടോടെയൊന്നുവാരി, നാലു ശർക്കരവരട്ടികൂടിയെടുത്ത് ഒരോട്ടമാണ്. നിൽക്കുന്നത് ഊഞ്ഞാലിനടുത്ത്. അയൽപക്കത്തും ബന്ധുവീടുകളിലുമെല്ലാമുള്ള കുട്ടിക്കൂട്ടങ്ങളുണ്ടാകും. പട്ടുപാവാടത്തിളക്കവും പാദസരക്കിലുക്കവുമായി ചേച്ചിമാരും. ആടിയാടിയെത്തി ഏറ്റവും മുകളിലെ ഇലയോ കമ്പോ ഒടിച്ചെടുക്കാനായിരുന്നു മത്സരം. ഓരോരുത്തർക്കും ഊഴമാണ്. ആടിയെത്തുമ്പോൾത്തുടങ്ങും, ഒന്നേ, രണ്ടേ ....
അങ്ങനെ നാൽപത്തിയൊൻപത് ആടിയെത്തുമ്പോഴേക്ക് അടുത്തയാളെത്തും. അൻപത് ഏറ്റവും ഉയരത്തിലേക്ക്, ഏറ്റവും പിറകിലേക്കു വലിച്ചുവിട്ട് പറക്കാനാണ്. ‘ആട്ടം പറക്കുക’ എന്നാണു ചിലയിടത്ത് ആയത്തിലാടുന്നതിനു പറയുക.
ഇരുന്നും നിന്നും എതിർദിശയിലേക്കു തിരിഞ്ഞിരുന്നുമൊക്കെ ഊഞ്ഞാലാട്ടങ്ങളുണ്ടാകും. രണ്ടുപേർചേർന്ന് ഒരാൾ നിന്നും മറ്റേയാൾ ഇരുന്നുമൊക്കെ ആടുന്നതും ഊഞ്ഞാൽക്കളികളിൽ ചിലതാണ്. തിരുവോണത്തിന് ഉച്ചവരെയേ കൂട്ടിക്കൂട്ടങ്ങൾക്ക് ഊഞ്ഞാലുളളൂ. പിന്നെയത് അമ്മമാർക്കാണ്. സദ്യയൊരുക്കിന്റെയും വൃത്തിയാക്കലിന്റെയും ക്ഷീണം തീർക്കാൻ...ചെറുതായൊന്നു മയങ്ങി ഉണർന്നെഴുന്നേറ്റു വന്ന് അയൽവീടുകളിലെ ഓണവിശേഷങ്ങളറിയാനൊക്കെയാണ് ഈ ഊഞ്ഞാൽസമയം. ഒരുപാടായത്തിലേക്ക് ഉയർന്നു പറക്കുമ്പോൾ ചില മുത്തശ്ശിമാർ പറയും, എത്ര ഉയരെപ്പോയാലും താഴെവന്നല്ലേ, വീണ്ടും ആടാനൊക്കൂ എന്ന്. അതേ, എത്രയൊക്കെ ഉയരെപ്പോയാലും ദൂരെപ്പോയാലും. ഒന്നു വന്നുപോകൂവെന്നു വീണ്ടും വീണ്ടും വിളിക്കുന്ന പിൻവിളി കൂടിയാണല്ലോ ഓണം.....