അടൂർ നഗരസഭ: ഉപാധ്യക്ഷയിൽനിന്ന് അധ്യക്ഷയിലേക്ക് ദിവ്യ റെജി മുഹമ്മദ്
Mail This Article
അടൂർ ∙ നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് (44) എത്തിയത് അധ്യക്ഷ സ്ഥാനത്തേക്ക്. അധ്യക്ഷ സ്ഥാനം ജനറൽ ആയിരുന്നിട്ടുകൂടി ദിവ്യയെ അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചതോടെയാണ് ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. എൽഡിഎഫിലെ ധാരണ പ്രകാരം അധ്യക്ഷ സ്ഥാനത്തുനിന്ന് സിപിഐയിലെ ഡി. സജി മാറിയതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ തർക്കത്തെ തുടർന്ന് അവസാന നിമിഷംവരെയും സിപിഎമ്മിനു സാധിച്ചിരുന്നില്ല.
ഒടുവിൽ ഇന്നലെ രാവിലെ അടൂരിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദിവ്യയ്ക്ക് നറുക്കുവീണതും ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി എത്തിപ്പെട്ടതും. അധ്യാപികയായിരുന്ന ദിവ്യ 2010ൽ നഗരസഭ ഭരണ സമിതിയിലും കൗൺസിലറായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം ഏരിയ കമ്മിറ്റി അംഗം, എൻആർഇജിഎസ് മുനിസിപ്പൽ സെക്രട്ടറി, പറക്കോട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം.
ഭർത്താവ്: പൊതുപ്രവർത്തകനും കോൺട്രാക്ടറുമായ റെജി മുഹമ്മദ്. മക്കൾ: റിഥ്വിക് എസ്.ആർ.മുഹമ്മദ്, പ്രിഥ്വിക് എസ്.ആർ.മുഹമ്മദ്. ഉപാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട രാജി ചെറിയാൻ ആശാ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി), സിപിഐ മണ്ഡലം കമ്മിറ്റി അംഗം, ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗം, മഹിളാ സംഘം മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഭർത്താവ്: സജീവ് വർഗീസ്.
തലപ്പത്ത് വനിതകൾ
അടൂർ∙ നഗരസഭയുടെ ഭരണചക്രം തിരിക്കുന്നത് ഇനി 2 വനിതകൾ. അധ്യക്ഷ സ്ഥാനം ജനറൽ ആയിരുന്നിട്ടു കൂടി ഈ സ്ഥാനത്തേക്ക് ദിവ്യ റെജി മുഹമ്മദും ഉപാധ്യക്ഷ സ്ഥാനത്തേക്ക് രാജി ചെറിയാനും വന്നതോടെയാണ് നഗരസഭയുടെ ഭരണ നിയന്ത്രണം 2 വനിതകളുടെ കൈകളിലായിത്. ഉപാധ്യക്ഷ സ്ഥാനത്തു നിന്നാണ് ദിവ്യ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. അതേസമയം രാജി ചെറിയാന് നഗരസഭാ ഭരണ സമിതിയിൽ പദവി ലഭിക്കുന്നത് ആദ്യമായിട്ടാണ്.