മകരജ്യോതി കാത്ത് ഭക്തലക്ഷങ്ങൾ; ജ്യോതി കാണാവുന്ന സ്ഥലങ്ങൾ..
Mail This Article
ശബരിമല∙ അയ്യപ്പന്റെ പൂങ്കാവനമാകെ തീർഥാടകരാണ്. അവരുടെ നാവിൽ നിന്നുയരുന്ന ശരണകീർത്തനങ്ങളാൽ സംഗീത സാഗരമാണ് അയ്യപ്പ സ്വാമിയുടെ പൂങ്കാവനം. മകരജ്യോതി ദർശനത്തിനായുള്ള കാനനത്തിൽ പർണശാല കെട്ടിയാണ് തീർഥാടകർ കാത്തിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും മാത്രമല്ല പൂങ്കാവനത്തിലെ 18 മലകളിൽ അയ്യപ്പന്മാരുടെ പർണശാലയുണ്ട്. കാത്തിരിപ്പിനു ശരണകീർത്തനങ്ങളുടെ അകമ്പടിയുണ്ട്. ഗഞ്ചറയുടെ താളവും ഉടുക്കു കൊട്ടിന്റെ മേളവുമുണ്ട്.ദേശത്തിന്റെയും ഭാഷയുടെയും വ്യത്യാസമില്ലാതെയാണ് അവർ പർണശാലകൾ കെട്ടിയിട്ടുള്ളത്. വലിയ തിരക്കു കാരണം പർണശാലയ്ക്കു സ്ഥലം കിട്ടാത്തവർ നടന്നുപോകുന്ന വഴികളിൽ വരെ വിരിവച്ചിട്ടുണ്ട്. ജ്യോതി സ്വരൂപന്റെ പുണ്യം വിതറുന്ന മകരസംക്രമ സന്ധ്യയ്ക്കായുള്ള കാത്തിരിപ്പിലാണ് പൂങ്കാവനത്തിലെ 18 മലകളും. സന്ധ്യാ വേളയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ തെളിയുന്ന മകര ജ്യോതിക്കായി ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്.
ദർശന പുണ്യം തേടി സന്നിധാനത്തേക്കു തീർഥാടകരുടെ മഹാപ്രവാഹമാണ്. നിലയ്ക്കൽ എത്തുമ്പോഴേ സന്നിധാനത്തെ തിരക്കിന്റെ തീവ്രത മനസ്സിലാക്കും. കർശന നിയന്ത്രണത്തോടെയാണു വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നത്. പതിനെട്ടാംപടി കയറി ദർശനം കഴിഞ്ഞവർ 4 ദിവസമായി നാട്ടിലേക്ക് മടങ്ങാത്തതാണ് സന്നിധാനത്തെ ഇപ്പോഴത്തെ പ്രശ്നം. ഒന്നര ലക്ഷം പേർ ഉണ്ടെന്നാണ് രാവിലത്തെ കണക്ക്, വൈകിട്ട് 6 വരെ 64,194 തീർഥാടകർ മലകയറി സന്നിധാനത്ത് എത്തി. ഇവരിൽ ഭൂരിഭാഗവും ജ്യോതി ദർശനത്തിനായി വനമേഖലയിലേക്ക് കയറിയിട്ടുണ്ട്. തിരക്ക് കൂടിയതിനാൽ പാണ്ടിത്താവളം, മാളികപ്പുറം മേഖലയിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ജ്യോതി കാണാവുന്ന സ്ഥലങ്ങൾ
∙സന്നിധാനത്ത്:– തിരുമുറ്റം, മാളികപ്പുറം ക്ഷേത്രം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടൽ സമുച്ചയത്തിന്റെ പിൻവശത്തെ വിശാലമായ ഗ്രൗണ്ട്, ദർശനം കോംപ്ലക്‌സ് പരിസരം, ബിഎസ്എൻഎൽ ഓഫിസിന് എതിർവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതി നഗർ, ഫോറസ്റ്റ് ഓഫിസ് പരിസരം, ജലഅതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിൽ തടസ്സമില്ലാതെ ജ്യോതി കാണാൻ സൗകര്യം ഉണ്ട്. പാണ്ടിത്താവളം മേഖലയിൽ ഭക്ഷണം, വെള്ളം, ശുചിമുറി സൗകര്യം, തിരക്ക് നിയന്ത്രണത്തിനു ബാരിക്കേഡ് എന്നിവയും ക്രമീകരിച്ചു. പൊലീസിനെ നിയോഗിച്ചു.
∙പമ്പ ഹിൽടോപ്പ്:–പാർക്കിങ് ഗ്രൗണ്ടിൽ നിന്നു വണ്ടികൾ മാറ്റി 8000 പേർക്ക് ഇരുന്നു ജ്യോതി കാണാൻ സൗകര്യം ഏർപ്പെടുത്തി.അപകടം ഒഴിവാക്കാൻ അധികമായി ഒരു ബാരിക്കേഡ് കൂടി നിർമിച്ചു. പൊലീസിനെയും നിയോഗിച്ചു.
∙ അട്ടത്തോട്:– കിഴക്കേ കോളനിയിലും പടിഞ്ഞാറേ കോളനിയിലും ജ്യോതി കാണാൻ സൗകര്യം ഉണ്ട്. കിഴക്കേ കോളനിയിൽ 2500 പേരെ പ്രവേശിപ്പിക്കും. പടിഞ്ഞാറേ കോളനിയിൽ 300 പേർക്ക് ജ്യോതി കാണാം. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസുണ്ട്.
∙ ആങ്ങമൂഴി– പഞ്ഞിപ്പാറ 1000 തീർഥാടകർക്ക് ഇരുന്നു ജ്യോതി കാണാൻ കഴിയും. മെഡിക്കൽ ടീം , ആംബുലൻസ്, 8 ബയോ ടോയ്‌ലറ്റ് എന്നിവ ഉണ്ട്. തീർഥാടകരുടെ വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി പാതയുടെ വശത്ത് പാർക്ക് ചെയ്യണം.
∙ ഇലവുങ്കൽ 1000 പേർക്ക് ഇരുന്നു ജ്യോതി കാണാ. കാടുകൾ തെളിച്ച് ബാരിക്കേഡ് സ്ഥാപിച്ചു. മെഡിക്കൽ ടീം ഉൾപ്പെടെ ഉണ്ട്. അഗ്നിരക്ഷാസേന അസ്കാ ലൈറ്റും ക്രമീകരിച്ചു.
∙നെല്ലിമല 800 തീർഥാടകർക്ക് ഇരുന്നു ജ്യോതി കാണാം. വാഹനങ്ങൾ തുലാപ്പള്ളി പാർക്ക് ചെയ്യണം. കുടിവെള്ളം, വെളിച്ചം, മെഡിക്കൽ ടീം എന്നിവ ക്രമീകരിച്ചു.
∙ ഇടുക്കി ജില്ലയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശിക്കാൻ കഴിയും. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭക്തർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
∙പുല്ലുമേട്: കോട്ടയം – കുമളി റൂട്ടിൽ വണ്ടിപ്പെരിയാറിൽ നിന്നു വള്ളക്കടവ്, കോഴിക്കാനം വഴിയും വണ്ടിപ്പെരിയാർ സത്രം വഴിയും പുല്ലുമേട് എത്താം. കുമളി-കോഴിക്കാനം റൂട്ടിൽ 50 ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടാകും. സത്രത്തിൽ നിന്നു പുല്ലുമേട് വഴി തീർഥാടകരെ കടത്തിവിടുന്ന സമയക്രമം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയാണ്.
∙ പരുന്തുംപാറ: കോട്ടയം – കുമളി റൂട്ടിൽ പീരുമേട് കല്ലാർ കവലയിൽ നിന്നു തിരിഞ്ഞാൽ പരുന്തുംപാറയിലെത്താം. കല്ലാർ കവലയിൽ നിന്നു 3 കിലോമീറ്റർ. തീർഥാടകർക്ക് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
∙ പാഞ്ചാലിമേട്: കോട്ടയം – കുമളി റൂട്ടിൽ പെരുവന്താനത്തിനും കുട്ടിക്കാനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞ് പാഞ്ചാലിമേട്ടിൽ എത്താം. മുറിഞ്ഞപുഴയിൽ നിന്നു 4 കിലോമീറ്റർ ദൂരം.