ഭക്തിസാന്ദ്രമായി പമ്പവിളക്കും സദ്യയും
Mail This Article
ശബരിമല∙ നൂറുകണക്കിനു ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണം വിളികളും ശരണ കീർത്തനങ്ങളുടെ ആരതിയും ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ പമ്പവിളക്കും പമ്പാസദ്യയും നടന്നു.അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് പമ്പാസദ്യ ചടങ്ങുകളോടെ നടത്തിയത്. അയ്യപ്പ സേവാസംഘം ഷെഡിലാണ് ഇവർ പമ്പാസദ്യ ഒരുക്കിയത്. ഉച്ചയോടെ പാചകം പൂർത്തിയായി. തുടർന്നു ഗുരുസ്വാമിയുടെ പാദം തൊട്ടുവണങ്ങി ഇലയിട്ട് എല്ലാ വിഭവങ്ങളും ആദ്യം അയ്യപ്പ സ്വാമിക്കു വിളമ്പി.
ശരണകീർത്തനങ്ങൾ മുഴക്കി ശബരീശനെ സ്തുതിച്ചു നിൽക്കെ മറ്റുള്ള അംഗങ്ങൾക്കും സദ്യ വിളമ്പി. സന്ധ്യയോടെയായിരുന്നു പമ്പ വിളക്ക്. ഈറ്റക്കമ്പിൽ ഗോപുരം ഉണ്ടാക്കി അതിൽ ബലൂണുകൾ കെട്ടി മെഴുകുതിരി കത്തിച്ച് ആടിപ്പാടി നൃത്തം ചെയ്താണ് തീർഥാടകർ പമ്പാനദിയിൽ ഒഴുക്കിയത്. ഇതിന്റെ ശോഭയിൽ പമ്പാനദി മിന്നിത്തിളങ്ങി. പമ്പ തീർഥാടകരാൽ തിങ്ങിനിറഞ്ഞിട്ടുണ്ട്.
ഹരിവരാസനം പുരസ്കാരം ഇന്നു സമ്മാനിക്കും
സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഏർപ്പെടുത്തിയ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഇന്ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായിരിക്കും. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു മുഖ്യാതിഥിയായിരിക്കും.