അപകടമുക്തമാകാതെ ദേശീയപാത; പ്രതിരോധ നടപടികളിൽ ഭൂരിഭാഗവും ലക്ഷ്യം കണ്ടില്ല
Mail This Article
പാറശാല∙ ദേശീയപാതയെ അപകടമുക്തമാക്കാൻ കോടികൾ ചെലവിട്ട് ദേശീയപാത അതോറിറ്റി നടപ്പാക്കിയ പദ്ധതികൾ പാഴായി. ബാലരാമപുരം മുതൽ കളിയിക്കാവിള വരെ സ്ഥിരം അപകടമേഖലയായി കണ്ടെത്തിയ എട്ട് ബ്ലാക്ക് സ്പോട്ടുകളിൽ ഒരുക്കിയ പ്രതിരോധ നടപടികളിൽ ഭൂരിഭാഗവും ലക്ഷ്യം കണ്ടില്ല. ഇരുപത് കിലോമീറ്റർ വരുന്ന പാതയിലെ വളവുകളുടെ ഇരുവശത്തും ഇന്റർലോക്ക് നടപ്പാതയും രാത്രികാല വെളിച്ചത്തിനായി വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു.
രാത്രി വളവുകളിൽ നടക്കുന്ന അപകടങ്ങൾക്ക് പ്രധാന കാരണം വെളിച്ചക്കുറവ് ആണെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നാട്ടിയ വിളക്കുകൾ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. വൈദ്യുതി എത്തിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബിയുമായി ഉണ്ടായ ആശയവിനിമയത്തിലെ പ്രശ്നങ്ങൾ ആണ് വളവുകളിൽ വെളിച്ചം എത്താൻ വൈകുന്നത്. കോടികൾ ചെലവിട്ട പദ്ധതി പ്രയോജനമില്ലാതെ തുടരുമ്പോഴും നാമമാത്രമായ തുക മുടക്കി സോളർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ പോലും അധികൃതർ തയാറായിട്ടില്ല.
കൂട്ടപ്പന ചാനൽ പാലത്തിനു സമീപം, നെയ്യാറ്റിൻകര ഗ്രാമം ജംക്‌ഷൻ, ഉദിയൻകുളങ്ങര കോളജ് റോഡിനു അടുത്തുള്ള വളവ്, സ്ഥിരം അപകട മേഖലയായ കാരാളി വളവ് എന്നിവിടങ്ങളിൽ ആണ് റോഡ് വശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം ഇന്റർലോക്ക് നിർമിച്ച നടപ്പാത പലയിടത്തും കാടുകയറിയും ഒലിച്ചു പോയും അപ്രത്യക്ഷമായി. ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പാത അപകടമുക്തമാക്കാൻ കോടികൾ ചെലവിട്ട പദ്ധതികൾ വഴി മാറുന്നതാണ് ദേശീയപാതയിലെ അപകടം കുറയാത്തതിനു പിന്നിൽ.