വാർഡ് വിഭജനം: അതിർത്തികൾ മാറി മറിയുന്നു; സ്ഥാനാർഥി കുപ്പായം തയ്പിച്ചവർക്ക് ആശങ്ക
Mail This Article
പാറശാല∙വാർഡ് വിഭജന പേടിയിൽ രാഷ്ട്രീയ പാർട്ടികൾ. ജാതി,മത സമവാക്യങ്ങൾ ഭരണം നിശ്ചയിക്കുന്ന പഞ്ചായത്തുകളിൽ വാർഡുകളുടെ അതിർത്തികൾ മാറി മറിയുന്നു. സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കാൻ വർഷങ്ങളായി വാർഡുകളിൽ നിറഞ്ഞു നിന്നവരും വാർഡ് വിഭജനം എത്തിയതോടെ വെട്ടിലായി. പുതിയ സാഹചര്യത്തിൽ ഏതു വാർഡ് അനുകൂലമാകും എന്ന ആശങ്കയിൽ ആണ് ഭൂരിഭാഗവും. പാറശാല, ചെങ്കൽ, കാരോട്, കുളത്തൂർ, കൊല്ലയിൽ പഞ്ചായത്തുകളിൽ 2010ൽ ആണ് ഒരോ വാർഡുകൾ വീതം വർധിച്ചത്. നിലവിൽ അൻപത്തിരണ്ടായിരത്തോളം ജനസംഖ്യയുള്ള പാറശാല പഞ്ചായത്ത് വിഭജനം പതിറ്റാണ്ടുകളായി ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇക്കുറിയും ഒരു വാർഡ് വർധനയിൽ മാത്രം ഒതുക്കി.
പരശുവയ്ക്കൽ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പത്ത് വർഷം മുൻപ് ഹൈക്കോടതി വരെ ഹർജിയുമായി പോയിരുന്നു. പഞ്ചായത്ത് വിഭജനവും നഗരസഭയിലേക്ക് ഉയർത്തലും അവധിയിൽ പോയതോടെ ജനസംഖ്യ വർധനയും വിസ്തൃതിയും ഒാഫിസ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബൈപാസ് കടന്നു പോകുന്ന കാരോട്, ചെങ്കൽ പഞ്ചായത്തുകളിൽ പാതയുടെ ഇരുവശത്തേക്കും ചിതറിയ വാർഡുകളുടെ അതിർത്തി മാറ്റിയത് പ്രമുഖ പാർട്ടികൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. വാർഡുകൾ വനിതയും ജനറലും ആയി മാറുമ്പോൾ ബന്ധുക്കളെയും ഇഷ്ടക്കാരെയും രംഗത്ത് ഇറക്കുന്ന നേതാക്കളുടെ സ്ഥിരം പരിപാടിക്കും പുതിയ മാറ്റങ്ങൾ പ്രതിസന്ധി സൃഷ്ടിക്കും.