വാഹന ഫിറ്റ്നസ്: ആദ്യ ഒാട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ പ്രവർത്തനരഹിതം
Mail This Article
പാറശാല∙ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾക്ക് പന്ത്രണ്ട് വർഷം മുൻപ് സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച ഒാട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ നോക്കുകുത്തിയായി. പാറശാല ജോയിന്റ് ആർടി ഒാഫിസ് പരിധിയിലെ വാഹനങ്ങളുടെ പരിശോധനയ്ക്കായി ഇടിച്ചക്കപ്ലാമൂട്ടിൽ കെഎസ്ആർടിസിയുടെ സ്ഥലത്താണ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. ഫിറ്റ്നസ് പരിശോധനകളിലെ അഴിമതി തടഞ്ഞ് വാഹന നിലവാരം മെച്ചപ്പെടുത്താനാണ് പൂർണമായും ഒാട്ടമേറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകൾക്ക് രൂപം കൊടുത്തത്. ഉദ്ഘാടനത്തിൽ സംസ്ഥാനത്തെ എല്ലാ ആർടി ഒാഫീസ് പരിധിയിലും ഒാട്ടോമേറ്റഡ് സംവിധാനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം വരെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയിരുന്നു. കെൽട്രോണിന് ആയിരുന്നു ഫിറ്റ്നസ് സ്റ്റേഷന്റെ നടത്തിപ്പ് ചുമതല.
ഫിറ്റ്നസ് പരിശോധനകളുടെ മുഖം തന്നെ സ്റ്റേഷൻ മാറ്റിയതോടെ നാലു ടയർ വാഹനങ്ങൾക്ക് പിന്നാലെ ഏഴു വർഷം മുൻപ് ആറു ടയർ ഘടിപ്പിച്ച വാഹനങ്ങൾക്കു വേണ്ടി രണ്ടാമത് സ്റ്റേഷൻ സ്ഥാപിച്ചെങ്കിലും യന്ത്രങ്ങളുടെ തകരാറും നടത്തിപ്പ് സംബന്ധിച്ച് ഉയർന്ന ഭിന്നതകളും കാരണം പ്രവർത്തനം താളം തെറ്റി. കോവിഡ് ലോക്ഡൗണിനു ശേഷം സ്റ്റേഷൻ പ്രവർത്തിച്ചിട്ടില്ല. ഫിറ്റ്നസ് കുറ്റമറ്റതാക്കുന്നതിനൊപ്പം കൂടുതൽ വാഹനങ്ങൾ വേഗത്തിൽ പരിശോധിക്കുന്നതിനും സ്റ്റേഷനുകൾ കൊണ്ട് സാധ്യമായിരുന്നു. പരിശോധിക്കുന്ന വാഹനങ്ങളുടെ തകരാർ കണ്ടെത്തി റിപ്പോർട്ട് ചുമതലയുള്ള മോട്ടർ വാഹന വകുപ്പ് ജീവനക്കാരനു കൈമാറും. തകരാർ പൂർണമായി പരിഹരിച്ചാൽ മാത്രമേ ഫിറ്റ്നസ് പാസാകാൻ കഴിയൂ.
ഒാട്ടോമേറ്റഡ് സംവിധാനം നിലച്ചതോടെ ഫിറ്റ്നസ് പരിശോധനകളുടെ നിലവാരം കുറയുന്നതായി പരാതി ഉണ്ട്. അടുത്ത ഏപ്രിൽ മുതൽ സംസ്ഥാനത്ത് ഫിറ്റ്നസ് പരിശോധന പൂർണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റുന്നതോടെ സ്റ്റേഷൻ വീണ്ടും സജ്ജമാകും എന്നാണ് സൂചനകൾ.