അഗസ്ത്യാർകൂടം ട്രക്കിങ് 20 മുതൽ ഫെബ്രുവരി 22 വരെ; കാനനക്കാഴ്ചകളുടെ മേഘത്തോപ്പിൽ..
Mail This Article
വിതുര ∙ സംസ്ഥാനത്തെ ഏറ്റവും കഠിനമായ ട്രക്കിങ് റൂട്ട് ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, പശ്ചമഘട്ടത്തിന്റെ ഭാഗമായ ‘അഗസ്ത്യാർകൂടം’. ഇവിടേക്കുള്ള ഈ വർഷത്തെ ട്രക്കിങ് 20ന് തുടങ്ങും. അടുത്ത മാസം 22 വരെയുള്ള 34 ദിവസങ്ങൾ; ഈ ദിവസങ്ങളിൽ വനംവകുപ്പിന്റെ കർശന നിർദേശങ്ങൾ പാലിച്ച്, അനുമതിയോടെ അഗസ്ത്യാർകൂട സന്ദർശനം നടത്താം. ട്രക്കിങ് നടത്തിയിട്ടുള്ളവരുടെ അനുഭവ പരിചയം കടമെടുത്താൽ ‘ഒരിക്കലെങ്കിലും പോകേണ്ട’, ‘ഒരു തവണയെങ്കിലും എക്സ്പ്ലോർ ചെയ്യേണ്ട’ അതിമനോഹര ഇടമാണ് അഗസ്ത്യാർകൂടം.
1,868 മീറ്റർ ഉയരമുണ്ട് അഗസ്ത്യാർകൂടത്തിന്. ഈ കൊടുമുടിയുടെ ഒരു ഭാഗം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന അഗസ്ത്യാർകൂടം കുറ്റിച്ചൽ പഞ്ചായത്തിലാണ്. 2016ൽ യുനെസ്കോ ബയോസ്പിയർ റിസർവായി പ്രഖ്യാപിച്ച ഇവിടം നെയ്യാർ,കരമനയാർ, താമരപർണി നദികളുടെ ഉത്ഭവ സ്ഥാനമാണ്. ശെന്തുരുണി, പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതകങ്ങളും മുണ്ടൻതുറൈ കടുവാ സങ്കേതവും അഗസ്ത്യാർകൂടത്തോടു ചേർന്നു കിടക്കുന്നു.
ജൈവവൈവിധ്യ കലവറ
നിത്യഹരിത വനങ്ങളാൽ സമ്പന്നമായ പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും നിറഞ്ഞ അഗസ്ത്യാർകൂടം വൈവിധ്യങ്ങളുടെ കലവറയാണ്. മുന്നൂറിലേറെ പക്ഷിവിഭാഗങ്ങളും അതിലേറെ വന്യജീവി വൈവിധ്യങ്ങളും രണ്ടായിരത്തിലേറെ വിവിധ സ്പീഷിസുകളിൽ സസ്യജാലങ്ങളുമുണ്ട്. സസ്യജാലങ്ങളിൽ ഏറിയ കൂറും ഔഷധ ഗുണമുള്ളവയാണ്. ഓർക്കിഡ് ഉൾപ്പെടെ അപൂർവയിനം സസ്യങ്ങളും ഇവിടെയുണ്ട്.
അഗസ്ത്യാർകൂടം പ്രാചീനകാലത്ത് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്നെന്നു ചരിത്രം പറയുന്നു. അന്നു നിലനിന്ന ആരാധനയെപ്പറ്റി മഹായാന ഗ്രന്ഥമായ ‘ഗടവ്യുഹ’ത്തിൽ പറയുന്നുണ്ട്. മഹായാന സമ്പ്രദായത്തിലെ ബോധി സത്വ സങ്കൽപ്പമായിരുന്നു ഇവിടെ നില നിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം. ശ്രീലങ്കയിൽനിന്നും ടിബറ്റിൽനിന്നും വരെ ബുദ്ധമത അനുയായികളും ലാമമാരും പൊതികൈ മല എന്ന് മുൻകാലത്ത് വിളിച്ചിരുന്ന അഗസ്ത്യാർകൂടം സന്ദർശിച്ചിരുന്നെന്നാണ് വിവരം.
ഇത് ലോവൽ തോമസ് ജൂനിയറിന്റെ ‘ഔട്ട് ഓഫ് ദിസ് വേൾഡ്: എക്രോസ് ദി ഹിമാലയാസ് ടു ഫോർബിഡൻ ടിബറ്റ്’ എന്ന പുസ്തകത്തിൽ വിവരിക്കുന്നു. കൂടാതെ ‘മണിമേഖലയിലും’ ‘ചിലപ്പതികാരത്തിലും’ അഗസ്ത്യാർകൂടത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. തീർഥാടനം നിന്നുപോകുകയും കേരളത്തിലെ പ്രാചീന ബുദ്ധ ജനതയുടെ ഇതര ബുദ്ധകേന്ദ്രങ്ങളുമായുള്ള ബന്ധം അറ്റുപോവുകയും ചെയ്തെന്നാണ് ചരിത്രം.
അഗസ്ത്യമല തൊടാം, കരുതലോടെ
എച്ച്.എച്ച്.മൺറോയുടെ ‘ദി സ്റ്റോറി ടെല്ലർ’ എന്ന ചെറുകഥയിൽ ഒരു പ്രയോഗമുണ്ട്; ‘അതിഭയങ്കരമാംവിധം നല്ലത്’. അതുപോലെയാണ് അഗസ്ത്യാർകൂടം താണ്ടുന്ന ദിനങ്ങൾ. മഞ്ഞിന്റെ സുഖലഹരിയാണ് ട്രക്കിങ്ങിന്റെ ത്രിൽ. വന്യമൃഗങ്ങളെ പേടിക്കണം. നിർദേശങ്ങൾ പാലിക്കാതെ കാടുകയറിയാൽ പണിപാളും. ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ നിന്നുള്ള ആദ്യദിനത്തിലെ പുൽമേടിലൂടെയുള്ള യാത്ര കഴിഞ്ഞാൽ മുട്ടിടിച്ചാൻ തേരിയെത്തും. ‘മുട്ടിടിക്കുന്ന കയറ്റ’മാണെങ്കിലും തണലും തണുപ്പും തുണയാകും. വൈകിട്ടോടെ അതിരുമലയെത്തും.
അപ്പോഴേക്കും ആകെയുള്ള 27 കിലോമീറ്ററിൽ 17 കിലോമീറ്റർ താണ്ടിയിട്ടുണ്ടാകും. അവിടെ വിശ്രമിക്കാൻ വനംവകുപ്പ് ക്യാംപ് ഷെഡ്ഡുണ്ട്.പിറ്റേദിവസം രാവിലെ മുതലാണ് ശേഷിക്കുന്ന 10 കിലോമീറ്റർ താണ്ടേണ്ടത്. പരിചിതമല്ലാത്ത കാട്ടുകാഴ്ചകളിലൂടെ നടന്ന് പൊങ്കാലപ്പാറയെത്തും. ഇവിടെ ആചാരപ്രകാരം വിശ്വാസികൾ പൊങ്കാല ഇട്ടിരുന്നു. ഇപ്പോൾ വിലക്കുണ്ട്. ലഘുഭക്ഷണം കഴിച്ച ശേഷം അഞ്ച് പാറക്കെട്ടുകൾകൂടി താണ്ടണം. ഇത് കഠിനയാത്രയാണ്.
യാത്ര ലഘൂകരിക്കാൻ വനംവകുപ്പ് വടം കെട്ടിയിട്ടുണ്ട്. അതിൽ പിടിച്ച് കയറി അഗസ്ത്യമല തൊടാം. ഇവിടെ കാഴ്ചയുടെ ഉത്സവമാണ്. ഇവിടെ അഗസ്ത്യമുനിയുടെ പൂർണകായ പ്രതിമയുണ്ട്. കുറച്ചുനേരം ചെലവഴിച്ച ശേഷം മടക്കയാത്ര. ഉച്ചയ്ക്ക് 2 മണിക്കെങ്കിലും അതിരുമലയിൽ തിരിച്ചെത്തിയാൽ അന്നു തന്നെ മടങ്ങാം. അല്ലെങ്കിൽ ക്യാംപ് ഷെഡിൽ തങ്ങിയ ശേഷം പിറ്റേ ദിവസം രാവിലെ മടങ്ങണം.
എങ്ങനെ പോകാം?
വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്താൽ അഗസ്ത്യാർകൂടം പോകാം. ഓരോ ദിനവും പരമാവധി 70 പേർക്കാണ് പ്രവേശനം. 20 മുതൽ 31 വരെ പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള റജിസ്ട്രേഷൻ ഇതിനകം പൂർത്തിയായി. അടുത്ത മാസം 1 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 21ന് രാവിലെ 11 മുതലും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ദിനങ്ങളിലെ സന്ദർശനത്തിന് ഫെബ്രുവരി 3 ന് രാവിലെ 11 മുതലും ഓൺലൈൻ റജിസ്റ്റർ ചെയ്യാം. സന്ദർശകർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ വരുമ്പോൾ ഹാജരാക്കണം.