സർവീസ് റോഡുകളിൽ അപകടക്കെണി; യാത്രക്കാർക്ക് ഭീഷണിയായി റോഡിലെ കുഴികളും, സ്ലാബ് തകർച്ചയും
Mail This Article
കഴക്കൂട്ടം∙ ബൈപാസിൽ കഴക്കൂട്ടം മുതൽ ചാക്ക വരെയുള്ള സർവീസ് റോഡിന്റെ ഓടകൾ അപകടക്കെണിയായി. രണ്ടു ദിവസം മുൻപ് ഇൻഫോസിസിനു സമീപം സർവീസ് റോഡിലെ സ്ലാബ് ഇളകി ഓടയിൽ വീണു 2 യാത്രക്കാർക്കു പരുക്കേറ്റു. സർവീസ് റോഡിനു സമീപമുള്ള എടിഎമ്മിൽ നിന്നു പണമെടുത്ത ശേഷം മടങ്ങുമ്പോഴാണ് ഓടയുടെ മേൽ ഇട്ടിരുന്ന സ്ലാബ് പൊളിഞ്ഞ് 6 അടിയിലേറെ താഴ്ചയിലേക്കു വീണത്. രണ്ടു പേർക്കും പരുക്കുണ്ട്.
ബൈപാസ് ഇരട്ടിപ്പിച്ചതിന്റെ ഭാഗമായി ഇരുവശത്തും സർവീസ് റോഡുകൾ ഉണ്ടാക്കിയെങ്കിലും വർഷങ്ങളോളം ഇവിടത്തെ ഓട മൂടിയിരുന്നില്ല. പലയിടത്തും 10 അടി മുതൽ 6 അടി വരെയാണ് ഓടയുടെ താഴ്ച. മൂടി ഇല്ലാത്ത ഓടകൾ മൂടണം എന്ന് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സ്ലാബ് ഇട്ട് ഓട മൂടാനുള്ള നടപടികൾ മാസങ്ങൾക്കു മുൻപ് ആരംഭിച്ചത്. ഓട സ്ലാബിട്ട് മൂടാനുള്ള സപ്പോർട്ടിങ് വാൾ റോഡിന്റെ നിർമാണ സമയത്ത് ചെയ്തിരുന്നില്ല.
അതിനാൽ ഓടയുടെ വശത്തെ ചുവരിന്റെ ഒരു ഭാഗം ഡ്രിൽ ചെയ്ത് സ്ലാബുകൾ പലയിടത്തും കോൺക്രീറ്റ് ഇട്ട് ഒട്ടിച്ചു വയ്ക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. അശാസ്ത്രീയമായാണ് സ്ലാബ് സ്ഥാപിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും ദേശീയപാത അധികൃതരോട് പരാതിപ്പെട്ടിരുന്നു. പല ഭാഗങ്ങളിലും ഓട പൊട്ടിപ്പൊ ളിഞ്ഞ അവസ്ഥയിലാണ്. ചില സ്ഥലങ്ങളിൽ യാത്രക്കാർ ചവിട്ടി നടന്നാൽ തന്നെ സ്ലാബ് പൊട്ടി താഴ്ചയിലേക്കു വീഴുന്ന സ്ഥിതിയാണ്.
വേങ്ങപ്പൊറ്റ ജംക്‌ഷൻ സർവീസ് റോഡിൽ അപകടക്കെണി
വിഴിഞ്ഞം∙ബൈപാസിനോടനുബന്ധിച്ച സർവീസ് റോഡിലെ കുഴി അപകടക്കെണി.തുറമുഖത്തേക്കു പാറ കയറ്റിപ്പോകുന്ന ലോറികൾ കുഴിയിലകപ്പെട്ടു ടയറുകൾ പൊട്ടുന്നത് പതിവാണ്. മുക്കോല - കാരോട് ബൈപ്പാസിന്റെ വേങ്ങപ്പൊറ്റ ജംക്‌ഷനിലെ സർവീസ് റോഡിലാണ് കുഴി. ഒരു മാസം മുൻപ് പൈപ്പു പൊട്ടിയതിനെ തുടർന്നാണ് ഗർത്തം രൂപപ്പെട്ടത്. പൈപ്പു തകരാർ പരിഹരിച്ചുവെങ്കിലും കുഴി മൂടാത്തതാണ് പ്രശ്നം.