പേരക്കുഴി ഗവ.എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിങ് വീണു
Mail This Article
പാലോട്∙ പേരക്കുഴി ഗവ.എൽപി സ്കൂളിൽ ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടത്തിന്റെ സീലിങ് പാളികൾ ഇളകിവീണു. കുട്ടികൾ ഉണ്ടായിരുന്നില്ല. 250 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ 80 വർഷത്തോളം പഴക്കമുള്ള ഓടിട്ട കെട്ടിടം ചോർന്നൊലിച്ചും മേൽക്കൂരകൾ ദ്രവിച്ച നിലയിലുമാണ്. ഈ കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളാണ് പ്രവർത്തിക്കുന്നത്. മറ്റ് ക്ലാസുകൾ സമീപത്തെ ബിആർസിയുടെ പരിശീലന ഹാളിലും തെറപ്പി സെന്ററിലും സ്കൂളിന്റെ ലൈബ്രറി കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.
പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളാണിത്. ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സ്കൂളിൽ പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ടെന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത്, എംഎൽഎ, എംപി അടക്കമുള്ളവർക്ക് ഒട്ടേറെ നിവേദനങ്ങൾ നൽകി. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടാണ് എല്ലാവരുടെയും മറുപടി. പുതിയ കെട്ടിടം കിട്ടിയില്ലെങ്കിൽ കുട്ടികളുടെ പഠനം ദുരിതപൂർണമാകും. കെട്ടിടം അനുവദിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തര പരിഗണന നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.