നടപ്പാതയും കൈവരിയും സുരക്ഷയ്ക്ക് ഭീഷണി
Mail This Article
വർക്കല∙ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നിർമിച്ച നടപ്പാതയും കൈവരിയും റോഡ് സുരക്ഷയെ ബാധിക്കുന്നതായും അപകടം വർധിപ്പിക്കുന്നതായും പരാതി. ബീച്ച് റോഡിന്റെ ഭാഗമായി ഗവ.ഗെസ്റ്റ് ഹൗസിനു മുന്നിൽ നിന്നു കൊച്ചുവിള മുക്ക് വരെ റോഡിന്റെ ഒരു ഭാഗത്ത് മാത്രം പണിത നടപ്പാതയുടെ കൈവരികളിൽ നിയന്ത്രണം തെറ്റി വാഹനങ്ങൾ ഇടിക്കുന്നത് പതിവായി. ഗെസ്റ്റ് ഹൗസ് കഴിഞ്ഞുള്ള വളവിൽ അടിക്കടി അപകടങ്ങളും നടക്കുന്നുണ്ട്. രാത്രി വെളിച്ചക്കുറവ് കാരണം കൊച്ചുവിള മുക്ക് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങളാണ് നടപ്പാത കൈവരി ഇടിച്ചു തകർക്കുന്നത്.
ഒരു ഭാഗത്ത് മാത്രം പണിത നടപ്പാത അശാസ്ത്രീയമെന്നു വാദം നേരത്തെ തന്നെയുണ്ട്. ഗെസ്റ്റ് ഹൗസ് വളവ് മുതൽ കൊച്ചുവിള മുക്ക് വരെ ചുരുങ്ങിയത് 500 മീറ്ററോളം ദൂരത്തിൽ സ്ഥാപിച്ച കൈവരികൾ പൂർണമല്ല. റോഡ് അരികിലെ വീടുകൾക്കും കടകൾക്കുമായി ഇടവിട്ടു വഴി നൽകിയതിനാൽ നടപ്പാതയുടെ പൂർണ പ്രയോജനവും ലഭ്യമല്ല. അപകടം കഴിഞ്ഞാൽ ഓരോ തവണയും തകർന്ന കൈവരികൾ മാറ്റി സ്ഥാപിക്കും.
നിലവിൽ ഇതുവഴിയുള്ള റോഡിൽ വാഹനഗതാഗതം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ റോഡ് വീതി കൂട്ടണമെന്ന ആവശ്യമുണ്ട്. ഗെസ്റ്റ് ഹൗസ് കഴിഞ്ഞു റോഡ് വളവാണ് ഏറെ അപകടം സൃഷ്ടിക്കുന്നത്. കയറ്റം കയറി വരുന്ന വാഹനങ്ങൾ വളവിൽ എത്തുമ്പോൾ എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടി സാധ്യതയേറെയാണ്. എതിരെ വരുന്ന വാഹനങ്ങൾ കൂട്ടിയിടി ഒഴിവാക്കാൻ പെട്ടെന്നു വെട്ടിക്കുന്നതു കാരണമാണ് കൈവരിയിൽ ഇടിക്കുന്നത്. റോഡ് വീതി കൂടിയാൽ വാഹന പാർക്കിങ് കൂടുതൽ സുഗമമാകും എന്ന പ്രത്യേകത കൂടിയുണ്ട്.