ഗൂഡല്ലൂരിൽ ഗതാഗത തടസ്സം

Mail This Article
ഗൂഡല്ലൂർ∙ മഴ ശക്തമായതോടെ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഗൂഡല്ലൂർ - പാട്ടവയൽ റോഡിൽ ദേവർഷോലയ്ക്ക് സമീപം സർക്കാർ മൂലയിൽ പുലർച്ചെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7 മണിയോടെ മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഓവാലി പഞ്ചായത്തിലെ ആത്തൂരിൽ മരക്കൊമ്പ് മുറിഞ്ഞ് വീണ് ആത്തൂർ സ്വദേശി സദാശിവ(64)ത്തിനു ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അയ്യംകൊല്ലി -കൊളപ്പള്ളി റോഡിൽ മരം വീണു. നെല്ലിയാളത്തിന് സമീപം ചേലകുന്നിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ 8 സ്ഥലങ്ങളിൽ റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. മരം വീണ് പന്തല്ലൂരിൽ കൃഷ്ണന്റെ വീട് ഭാഗികമായി തകർന്നു. മഴ ശക്തമാകുമെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ 43 അംഗങ്ങൾ ജില്ലയിൽ എത്തി. മഴയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ 24 മണിക്കൂറും അധികൃതരുടെ നിരീക്ഷണത്തിലാണ്.