തുമ്പിപ്പെണ്ണേ... വാ..വാ; വയനാടൻ കാടുകളിൽ പുതിയ തുമ്പിയെ കണ്ടെത്തി

Mail This Article
കൽപറ്റ ∙ വയനാടൻ കാടുകളിൽ പുതിയ ഇനം തുമ്പിയെ കണ്ടെത്തി ഗവേഷകർ. വയനാടൻ അരുവിയൻ ( വയനാടൻ ടോറന്റ് ഡാർട്ട്) എന്ന പേരു നൽകിയിരിക്കുന്ന സൂചിതുമ്പിയെ തിരുനെല്ലിയിലെ കാളിന്ദി നദിയിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. യൂഫേയ വയനാഡെൻസിസ് എന്നാണ് ശാസ്ത്രീയ നാമം.2013ൽ നടത്തിയ ജന്തു ജാല സർവേയിലാണ് കാളിന്ദി നദിയിൽ നിന്നു ഗവേഷകർ ആദ്യമായി യൂഫിയ വയനാഡെൻസിസിനെ കാണുന്നത്. തുടന്ന് 2019 വരെ ഇതേ ഭാഗത്ത് കൂടുതൽ നിരീക്ഷണങ്ങൾ നടത്തി.
പിന്നീട്, 2019 മുതൽ 2023 വരെയുള്ള ഗവേഷണത്തിൽ ആറളത്തും കർണാടകയിലെ കൂർഗിലെ വിവിധ ഭാഗങ്ങളിലും ഈ തുമ്പിയെ കണ്ടിരുന്നു. ആദ്യഘട്ടത്തിൽ മഹാരാഷ്ട്രയിൽ കണ്ടെത്തിയ യൂഫിയ സ്യൂഡോഡിസ്പാർ എന്ന ഇനമായി ഗവേഷകർ ഇതിനെ തെറ്റിദ്ധരിച്ചു. എന്നാൽ പിന്നീട് നടത്തിയ തന്മാത്ര പഠനത്തിൽ ഇരു വിഭാഗത്തിനും രൂപശാസ്ത്രപരമായും ജനിതകപരമായും സാരമായ വ്യത്യാസമുള്ളതായി ഗവേഷകർ തിരിച്ചറിയുകയായിരുന്നു.
ഇതോടെ പശ്ചിമഘട്ടത്തിലെ തുമ്പികളുടെ എണ്ണം 223 ആയും (ഡ്രാഗൺഫ്ലൈസ്, ഡാംസെൽഫ്ലൈസ്) കേരളത്തിലുള്ള തുമ്പികളുടെ എണ്ണം 191 ആയും ഉയർന്നു. ഇവയുടെ ആവാസ വ്യവസ്ഥ വളരെ പരിമിതമാണെന്നും പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സമ്പന്നതയാണ് ഈ കണ്ടെത്തൽ വെളിവാക്കുന്നതെന്നും ഗവേഷകർ പറയുന്നു. വയനാടൻ കാടുകളിൽ നിന്ന് അടുത്ത കാലത്തായി പുതിയ തുമ്പികളെ കണ്ടെത്താനായത് ഈ പ്രദേശത്ത് കൂടുതൽ ഗവേഷണപഠനങ്ങൾ ആവശ്യമാണെന്ന് തെളിയിക്കുന്നു.
ആവാസവ്യവസ്ഥയുടെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിനു കടുത്ത നാശങ്ങൾ വരുത്തുന്നതായും സംരക്ഷണപ്രവർത്തനങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്നും ഗവേഷക സംഘം അഭിപ്രായപ്പെട്ടു. എസ്.എസ്. അനൂജ് (കേരള കാർഷിക സർവകലാശാല, വെള്ളായണി) , സി.സുഷാന്ത് (വാർബ്ലേഴ്സ് ആൻഡ് വേഡേഴ്സ്), ഡോ. കലേഷ് സദാശിവൻ (ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി തിരുവനന്തപുരം), വിനയൻ പി. നായർ (അൽഫോൻസ കോളജ്, പാല), ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. മിലിന്ദ് ഭകരെ (മഹാരാഷ്ട്ര) എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തലിനു പിന്നിൽ.