ഐഐടി, എൻഐടി പ്രവേശനം: ‘ജോസ’ റജിസ്ട്രേഷൻ 19 മുതൽ, ശ്രദ്ധിക്കാം 7 കാര്യങ്ങൾ
Mail This Article
പാലക്കാട് ഉൾപ്പെടെ 23 ഐഐടികൾ, കോഴിക്കോട് ഉൾപ്പെടെ 31 എൻഐടികൾ, പാലാ ഉൾപ്പെടെ 26 ഐഐഐടികൾ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി), ശിബ്പുർ ഐഐഇഎസ്ടി, സർക്കാർ സഹായമുള്ള മറ്റ് 38 സാങ്കേതികപഠന സ്ഥാപനങ്ങൾ എന്നിവയിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ്. 5-വർഷ എംടെക് / എംഎസ്‌സി, 4–വർഷ ബിഎസ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും 19ന് ആരംഭിക്കും. സീറ്റുകൾ അലോട്ട് ചെയ്യാനുള്ള ചുമതല ‘ജോസ’യ്ക്ക് (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി) ആണ്.(https://josaa.nic.in). ജൂലൈ 31 വരെയായി 6 റൗണ്ട് പ്രവേശനമുണ്ട്.
Read Also : നീറ്റ് സാധ്യത വിലയിരുത്താം, മുൻവർഷ റാങ്ക് നോക്കി, കേരളത്തിലെ പ്രവേശനം ഇങ്ങനെ
ജെഇഇ മെയിനിൽ യോഗ്യത നേടിയവർക്ക് ഐഐടികൾ ഒഴികെയുള്ള 96 സ്ഥാപനങ്ങളിലേക്ക് (എൻഐടി+) ഒരുമിച്ചു റജിസ്റ്റർ ചെയ്യാം. അലൊക്കേഷൻ പ്രവർത്തനങ്ങളെല്ലാം ഓൺലൈനിലാണ്. ഇതു സംബന്ധിച്ച് സൈറ്റിലുള്ള ‘ബിസിനസ് റൂൾസ്’ ശ്രദ്ധയോടെ പഠിച്ചിട്ടാണു റജിസ്ട്രേഷനു ശ്രമിക്കേണ്ടത്. ഐഐടി പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് സ്കോർ വേണം. ഒരു പ്രോഗ്രാമും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന കൂട്ടിന് ജോസയിൽ ‘അക്കാദമിക് പ്രോഗ്രാം’ എന്നു പറയും. കേരള എൻട്രൻസിൽ നാം ‘ഓപ്ഷൻ’ എന്നു പറയുന്നതു പോലെ. റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങിനും ഫീസില്ല.
അർഹതയുള്ളവർക്ക് എൻഐടി പ്ലസിനു മാത്രമായോ, ഐഐടികളിലേക്കു മാത്രമായോ, രണ്ടും കലർത്തിയോ ചോയ്സ് ഫില്ലിങ് നടത്താം. സ്ഥാപനങ്ങളുടെയും പ്രോഗ്രാമുകളുടെയും സ്വന്തം മുൻഗണന ക്രമത്തിനു കാട്ടിയാകണം ചോയ്സ് ഫില്ലിങ്. എത്ര ചോയ്സുകൾ വേണമെങ്കിലും സമർപ്പിക്കാം. തുടർന്ന് ഇവ ലോക്ക് ചെയ്യണം. ഇല്ലെങ്കിൽ, സമയം തീരുമ്പോൾ, അവസാനമായി സേവ് ചെയ്തുകിടക്കുന്ന ചോയ്സുകൾ തനിയേ ലോക്ഡാകും.
ലോക്ക് ചെയ്ത ചോയ്സുകളുടെ പ്രിന്റ് എടുത്തു സൂക്ഷിക്കുക. ജൂൺ 25, 27 തീയതികളിൽ വരുന്ന മോക്ക് സീറ്റ്–അലൊക്കേഷനിലെ വിവരങ്ങൾ പഠിച്ച് ചോയ്സുകൾ ആവശ്യമെങ്കിൽ മാറ്റി സമർപ്പിക്കാം.
∙ ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ്
അലോട്മെന്റ് കിട്ടുന്ന മുറയ്ക്ക് ‘ഇനിഷ്യൽ സീറ്റ് അലോട്മെന്റ് സ്ലിപ്’ ഡൗൺലോഡ് ചെയ്ത്, സീറ്റ് സ്വീകരിക്കണം. ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊരു ഓപ്ഷൻ സമർപ്പിക്കണം. തുടർന്നു ഫീസ് അടയ്ക്കണം. ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ 40,000 രൂപ. ഭിന്നശേഷി, പട്ടികവിഭാഗക്കാർക്ക് 20,000 രൂപ. ഇത് ഒരിക്കൽ മാത്രം അടച്ചാൽ മതി. യുപിഐ, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, എസ്ബിഐയുടെ ഇ–ചലാൻ ഇവയിലൊന്നുപയോഗിച്ചു പണമടയ്ക്കാം.
തുടർന്ന് റിപ്പോർട്ടിങ് കേന്ദ്രത്തിൽ രേഖകളെല്ലാം ശരിയെന്ന് ഓൺലൈനായി ഉറപ്പു വരുത്തണം. നിർദിഷ്ട എൻഐടിയോ ഐഐടിയോ ആയിരിക്കും റിപ്പോർട്ടിങ് കേന്ദ്രം. രേഖകളിൽ പോരായ്മയുണ്ടെങ്കിൽ അറിയിക്കും; തിരുത്തി ബോധ്യപ്പെടുത്തണം. ഇത്രയുമാകുമ്പോൾ ജോസ സൈറ്റിൽനിന്നു ‘പ്രൊവിഷനൽ സീറ്റ്–അലൊക്കേഷൻ െലറ്റർ’ ഡൗൺലോഡ് ചെയ്യാം. നിർദിഷ്ടസമയത്തിനകം ഓൺലൈൻ റിപ്പോർട്ടിങ് നടത്തിയില്ലെങ്കിൽ, അലോട്മെന്റ് വ്യവസ്ഥയിൽനിന്നു പുറത്താകും. നാം സ്വീകരിച്ചിരിക്കുന്നത് താൽക്കാലികമാണ്. നമ്മുടെ താൽപര്യപ്രകാരം മാറ്റം വരുത്താൻ പിന്നീടു കഴിഞ്ഞേക്കാം.
∙ ഫ്രീസ്: കിട്ടിയ സീറ്റിൽ പൂർണതൃപ്തി. ഇനി മാറ്റമേ വേണ്ട.
∙ ഫ്ലോട്ട്: ഇപ്പോൾ കിട്ടിയത് സ്വീകരിക്കുന്നു. പക്ഷേ മുൻഗണനയിൽ മുന്നിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തിൽ വരുംറൗണ്ടുകളിൽ സീറ്റ് കിട്ടിയാൽ സ്വീകരിക്കും.
∙ സ്ലൈഡ്: മാറ്റത്തിൽ താൽപര്യമുണ്ട്; പക്ഷേ ഇപ്പോൾ കിട്ടിയ സ്ഥാപനത്തിലെ മറ്റു പ്രോഗ്രാമുകളിലേക്കു മാത്രം.
ഈ മൂന്നിലേതാണ് നിങ്ങൾ സ്വീകരിക്കുന്നത് എന്നതനുസരിച്ചാണ് തുടർന്നുള്ള റൗണ്ടുകളിൽ പങ്കെടുക്കേണ്ടത്. ആദ്യ ചോയ്സ്തന്നെ കിട്ടിയവർക്ക് ഫ്ലോട്ട് / സ്ലൈഡ് ഇല്ല.
∙ഇരട്ട റിപ്പോർട്ടിങ്
മറ്റു സ്ഥാപനങ്ങളിൽനിന്ന് ഐഐടിയിലേക്കു മാറ്റം വന്നാൽ രേഖകളെല്ലാം ശരിയെന്ന് ഐഐടിയിൽ ബോധ്യപ്പെടുത്തണം.
ഐഐടിയിൽനിന്ന് ഐഐടിയല്ലാത്ത സ്ഥാപനത്തിലേക്കാണു മാറ്റമെങ്കിൽ, മാറിയെത്തുന്ന സ്ഥാപനത്തിൽ രേഖകളുടെ കാര്യം ഉറപ്പിക്കണം. ഇത്തരം മാറ്റങ്ങൾ വരുത്തുന്നവർ വ്യത്യസ്ത സ്ഥാപനങ്ങളിലായി രണ്ടു തവണ ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടി വരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ പ്ലസ്ടു മാർക്ക് / പെർസെന്റൈൽ അടക്കം ഐഐടി / എൻഐടി+ പ്രവേശനത്തിനുള്ള അക്കാദമികയോഗ്യത നേടിയിരിക്കണം.
∙ മോക്ക് സീറ്റ് അലൊക്കേഷൻ നോക്കി ആവശ്യമെങ്കിൽ ചോയ്സുകൾ പരിഷ്കരിക്കണം.
∙ സീറ്റ് അക്സപ്റ്റൻസ് ഫീയിൽ 4000 രൂപ പ്രോസസിങ്ങിനെടുത്തിട്ട്, ബാക്കി പ്രവേശനഫീയിൽ വകവച്ചുതരും.
∙ ഐഐടി സീറ്റ് സ്വീകരിച്ചവർക്ക് 2 മുതൽ 5 വരെ റൗണ്ടുകളിൽ അതു വേണ്ടെന്നുവയ്ക്കാം. എൻഐടി+ വിഭാഗത്തിൽ ആറാം റൗണ്ടിലും സീറ്റ് വേണ്ടെന്നുവയ്ക്കാം.
∙ ജെഇഇ മെയിനിലെ 2എ / 2ബി പേപ്പറുകളിലെ സ്കോർ നോക്കി ബിആർക് /ബിപ്ലാനിങ് പ്രോഗ്രാമുകൾക്ക് വിശേഷ റാങ്ക്‌ലിസ്റ്റുകളുണ്ട്.
∙ എൻഐടികളിൽ വിശേഷ ക്വോട്ടാ സമ്പ്രദായമുണ്ട് : HS (ഹോം സ്റ്റേറ്റ് : ഇൻസ്റ്റിറ്റ്യൂട്ട് നിലകൊള്ളുന്ന സംസ്ഥാനത്തെ വിദ്യാർഥികൾ), OS (അദർ സ്റ്റേറ്റ്: ഇൻസ്റ്റിറ്റ്യൂട്ട് നിലകൊള്ളുന്ന സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ).
∙ വനിതാപ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി ഐഐടികളിലും എൻഐടികളിലും മറ്റു ചില സ്ഥാപനങ്ങളിലും 20% വരെ ഫീമെയിൽ ഒൺലി’ അധികസീറ്റുകളുണ്ട്.
ശ്രദ്ധിച്ചില്ലെങ്കിൽ പുറത്ത്
തുടക്കത്തിൽ കൃത്യസമയത്തിനകം റജിസ്റ്റർ ചെയ്യുകയോ ചോയ്സ് ഫില്ലിങ് നടത്തുകയോ ചെയ്യാത്തവരെ ഇക്കൊല്ലം പ്രവേശനത്തിനു പരിഗണിക്കുകയേയില്ല. ഒരിക്കൽ ലോക്ക് ചെയ്ത ചോയ്സിൽ സാധാരണഗതിയിൽ മാറ്റം അനുവദിക്കില്ല. പക്ഷേ മാറ്റം കൂടിയേ തീരൂ എന്നുണ്ടെങ്കിൽ ഓൺലൈൻ അപേക്ഷ നൽകി, ഒടിപി വാങ്ങി, എഡിറ്റ് ചെയ്യാം. പക്ഷേ ചോയ്സ് ഫില്ലിങ്ങിനുള്ള നേരം അവസാനിച്ചുകഴിഞ്ഞ് അൺലോക്ക് ഇല്ല.
ഐഐടി റാങ്ക് ലിസ്റ്റിൽപെടാൻ
ഐഐടി റാങ്ക്–ലിസ്റ്റിൽ ഉൾപ്പെടുത്തണമെങ്കിൽ ജെഇഇ അഡ്വാൻസ്ഡിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് ഇനിപ്പറയുന്നത്ര ശതമാനമെങ്കിലും മാർക്ക് വേണം. ഓരോ വിഷയത്തിനും 10, മൂന്നിനും ചേർത്ത് 35. പിന്നാക്കത്തിനും സാമ്പത്തികപിന്നാക്കത്തിനും ഓരോ വിഷയത്തിനും 9, മൊത്തം 31.5. പട്ടിക, ഭിന്നശേഷി 5, 17.5.
പ്രിപ്പറേറ്ററി–കോഴ്സ് റാങ്ക്‌ലിസ്റ്റിൽ പെടാൻ 2.5, 8.75. (പട്ടികവിഭാഗക്കാർക്ക് സാധാരണഗതിയിൽ പ്രവേശനം കിട്ടാത്തപക്ഷം ഐഐടിയിൽ ഒരു വർഷം പരിശീലനം നൽകി, വിജയിക്കുന്നവരെ അവിടെ പ്രവേശിപ്പിക്കുന്ന കോഴ്സ്).
Content Summary : JoSAA Counselling 2023 Dates Announced! Registration Begins for IIT, NIT Admissions on June 19