സമയം ഇനിയും വൈകിയിട്ടില്ല; ടൈം മാനേജ്മെന്റ് പാലിച്ചാൽ കൂടെ പോരും ഫുൾ എ പ്ലസ്

Mail This Article
എത്ര പഠിച്ചിട്ടും പരീക്ഷയോടുള്ള പേടി മാറിയില്ലേ? പഠനത്തിനൊപ്പം തന്നെ ഉത്തരങ്ങൾ എഴുതുന്നതിലും അൽപം ശ്രദ്ധ പുലർത്തിയാൽ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കു നേടാം. പരീക്ഷ തുടങ്ങുന്നതിനു മുൻപുള്ള ദിവസങ്ങളിലും പരീക്ഷയുടെ ഇടവേളകളിലും കൂടുതൽ ശ്രദ്ധപുലർത്തിയാൽ പോലും മികച്ച വിജയംനേടാനുള്ള സമയം ഓരോ വിദ്യാർഥിക്കു മുന്നിലും ഉണ്ടെന്ന് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ പാലക്കാട് ജില്ലാ കോഓർഡിനേറ്ററും അധ്യാപകനുമായ സാനു സുഗതൻ, കൗൺസലിങ് സൈക്കോളജിസ്റ്റും പേരന്റിങ് എക്സ്പർട്ടുമായ വിജിത പ്രേംസുന്ദർ എന്നിവർ പറയുന്നു. പരീക്ഷപ്പേടിയെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ‘മലയാള മനോരമ’ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അവർ. ഈ സമയത്ത് കുട്ടികളെപ്പോലെ തന്നെ മാതാപിതാക്കളും വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്. കുട്ടികളിൽ മാർക്കിനെക്കുറിച്ച് ആശങ്ക ജനിപ്പിക്കാനും അവരിൽ കൂടുതൽ സമ്മർദം ചെലുത്താനും പാടില്ല. ഫോൺ ഇൻ പരിപാടിയിൽ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും:
Q പ്ലസ് വണ്ണിൽ ആണു പഠിക്കുന്നത്. പരീക്ഷയെക്കുറിച്ചോർത്ത് നല്ല പേടിയുണ്ട്. ഉറങ്ങാനും പറ്റുന്നില്ല. പഠിക്കണമെന്നുണ്ട്. പക്ഷേ, ഫോണിന്റെ ഉപയോഗം അതിനു സമ്മതിക്കുന്നില്ല. എന്താണു ചെയ്യേണ്ടത്?
A കുട്ടികളിൽ എല്ലാം കണ്ടുവരുന്ന വലിയ പ്രശ്നമാണ് ഫോണിന്റെ ഉപയോഗം. അതു കുറയ്ക്കണമെങ്കിൽ കുട്ടികൾ തന്നെ വിചാരിക്കണം. പരീക്ഷാ സമയത്ത് ഫോൺ ഉപയോഗം നിയന്ത്രിക്കണം. നിങ്ങളുടെ ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട കാര്യത്തിനു വേണ്ടിയാണ് ഈ സമയം ഉപയോഗിക്കുന്നതെന്ന ബോധ്യം ഉണ്ടാവണം. പഠനത്തിന്റെ ഇടവേളകളിൽ റിലാക്സ് ചെയ്യാൻ പാട്ട് കേൾക്കുകയോ മറ്റെന്തെങ്കിലും കാര്യത്തിനു ഫോൺ ഉപയോഗിക്കുകയോ ചെയ്യാം.
Q പത്താം ക്ലാസിലാണു പഠിക്കുന്നത്. ആദ്യമായി ബോർഡ് എക്സാം എഴുതുന്നതിന്റെ ടെൻഷനുണ്ട്. പരീക്ഷാ ടെൻഷൻ എങ്ങനെ മറികടക്കാം?
A ആദ്യമായി ബോർഡ് എക്സാം എഴുതാൻ പോകുന്നു എന്ന ചിന്ത മാറ്റിവയ്ക്കണം. പ്രൈമറി ക്ലാസ് മുതൽ എത്രയോ പരീക്ഷകൾ എഴുതി. വർഷങ്ങളായി പരീക്ഷ എഴുതുന്നതിന്റെ അനുഭവ സമ്പത്ത് നിങ്ങൾക്കുണ്ടല്ലോ. അതൊരു വലിയ കാര്യമാണ്. പരീക്ഷയെ ആണോ, പരീക്ഷാ ഫലത്തെ ആണോ പേടി എന്നു തിരിച്ചറിയണം. എസ്എസ്എൽസി എന്നത് ഒരു വലിയ കടമ്പയുടെ ആദ്യ പടിയായി മാത്രം കാണുക. ഇനി ജീവിതത്തിൽ എത്രയോ മത്സരപരീക്ഷകൾ എഴുതാനുണ്ട്. അതിനാൽ തന്നെ എല്ലാം പഠിച്ചുകഴിഞ്ഞ് നല്ല ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കുകയാണു വേണ്ടത്. പരീക്ഷയെ പേടിയോടെ അല്ല സമീപിക്കേണ്ടത്. ഇത് ഒരു മെമ്മറി ടെസ്റ്റ് കൂടിയാണ്. പഠിച്ചത് ഒക്കെ നന്നായി പേപ്പറിൽ എഴുതുക. മനഃസാന്നിധ്യത്തോടെ എഴുതിത്തുടങ്ങുമ്പോൾ എല്ലാം ഓർമവരും.

Q എസ്എസ്എൽസി പരീക്ഷ എഴുതാൻ പോവുകയാണ്. എല്ലാം പഠിച്ചിട്ടുണ്ട്. ഭാഷാ വിഷയങ്ങൾ എഴുതുന്നതിന് സമയം തികയുന്നില്ല.
A പരീക്ഷാ ഹാളിൽ ടൈം മാനേജ്മെന്റ് (സമയ ക്രമീകരണം) ഒരു വലിയ ഘടകമാണ്. പരീക്ഷയെയും മാർക്കിനെയും ആകെ ബാധിക്കുന്ന ഒന്ന്. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ചോദ്യപ്പേപ്പറിലെ നിർദേശങ്ങൾ അതേപടി പാലിക്കുക എന്നതാണ്. 2–3 വാചകത്തിൽ ഉത്തരം എഴുതുക എന്ന ചോദ്യത്തിന് അത്തരത്തിൽ മാത്രം എഴുതുക. കൂൾ ഓഫ് ടൈമിൽ തന്നെ അതിനുള്ള പ്ലാനിങ് നടത്തുക. ഓരോ ചോദ്യത്തിനും ഉത്തരം എഴുതാൻ കൃത്യമായ സമയം പ്ലാൻ ചെയ്യണം. ആ സമയത്തിനുള്ളിൽ എഴുതിത്തീർക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. എഴുതിത്തീർന്നില്ലെങ്കിൽ കുറച്ച് സ്ഥലം വിട്ടിട്ട് അടുത്ത ചോദ്യത്തിന് ഉത്തരം എഴുതിത്തുടങ്ങണം. കൂൾ ഓഫ് ടൈമിൽ വിവരണാത്മക ചോദ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുക. റിവിഷൻ സമയത്ത് തന്നെ ഓരോ പാഠത്തിലെയും ചോദ്യങ്ങൾക്കു നൽകേണ്ട പൊതുവായ ആമുഖം (Introduction) പഠിച്ചുവയ്ക്കാം. പരീക്ഷ തുടങ്ങി ആദ്യത്തെ 45 മിനിറ്റാണ് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ടത്. ആ സമയത്ത് നന്നായി എഴുതുക. തീരാൻ പോകുന്ന സമയത്ത് എല്ലാ ചോദ്യത്തിനും ഉത്തരമെഴുതാൻ പറ്റില്ല എന്ന തോന്നൽ വന്നാൽ, എഴുതാനുള്ള ചോദ്യത്തിന്റെ നമ്പർ ഇട്ട് അറിയാവുന്ന കാര്യങ്ങൾ മാത്രം എഴുതിയതിനു ശേഷം അടുത്ത ചോദ്യത്തിലേക്കു പോവുക. ഇങ്ങനെ എല്ലാ ചോദ്യവും അറ്റൻഡ് ചെയ്യുക.
Q പ്ലസ്ടുവിലാണു പഠിക്കുന്നത്. ഉത്തരങ്ങൾ എഴുതുന്ന സമയത്ത് ഒട്ടും സ്പീഡ് കിട്ടുന്നില്ല. പരീക്ഷ എഴുതുന്നതിനു മുൻപ് പൊതുവേ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്?
A കണ്ടും കേട്ടും വായിച്ചും പഠിച്ചാൽ മാത്രം പോരാ, പരീക്ഷയിൽ എല്ലാം നന്നായി എഴുതി ഫലിപ്പിച്ചാലേ മാർക്ക് ലഭിക്കൂ. സ്പീഡ് ലഭിക്കാനായി എഴുതി പ്രാക്ടിസ് ചെയ്യണം. പഴയ ചോദ്യപ്പേപ്പറുകൾ എടുത്ത് ഉത്തരങ്ങൾ എഴുതി നോക്കാം. സമയത്ത് തീർക്കാനായി ശ്രമിക്കണം. കൈവിരലുകൾക്ക് വ്യായാമം കൊടുക്കുന്നതും സ്പീഡ് കിട്ടാൻ സഹായിക്കും. എല്ലാ പരീക്ഷകൾക്കും മോഡൽ കഴിഞ്ഞതിനാൽ അതിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഇനിയുള്ള ദിവസങ്ങളിൽ തയാറെടുപ്പുകൾ നടത്തേണ്ടത്.
Q പ്ലസ്ടു ബയോളജി സയൻസാണു വിഷയം. ഇതുവരെയും പഠിച്ചുതീർന്നിട്ടില്ല. ആകെ ടെൻഷനും.
A പഠിച്ചു തീർക്കാനുള്ള പാഠഭാഗമോർത്ത് ടെൻഷനടിക്കുകയല്ല വേണ്ടത്. അതിനായി പ്ലാനിങ് നടത്തണം. ആദ്യം തന്നെ പഠിച്ചുതീർക്കാൻ ഏതൊക്കെ ഭാഗം ഉണ്ടെന്നും അതിന് എത്ര സമയം എടുക്കണമെന്നും കൃത്യമായി മനസ്സിലാക്കി കുറിച്ചുവയ്ക്കാം. ഇനി ബാക്കിയുള്ള സമയം അതിനായി വീതിക്കാം. എല്ലാ പരീക്ഷകൾക്കുമിടയിൽ അവധിദിവസങ്ങളുണ്ട്. ആ ദിവസങ്ങളിൽ തീർക്കാനുള്ള വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക. അതിനായി കൂട്ടുകാരുടെയോ അധ്യാപകരുടെയോ സഹായം തേടാം.
Q പത്തിലാണ് മകൻ പഠിക്കുന്നത്. കുത്തിയിരുന്ന് പഠിക്കുന്ന സ്വഭാവം അവനില്ല. മകൻ നന്നായി പരീക്ഷ എഴുതാൻ കഴിയുമോയെന്ന ആധിയാണ് എപ്പോഴും.
A എല്ലാ കുട്ടികളും ഒരേ രീതിയിലല്ല പഠിക്കുന്നത് എന്ന് ആദ്യം മനസ്സിലാക്കണം. ഓരോരുത്തർക്കും ഓരോ രീതികളാണ്. ചിലർ കേട്ടു പഠിക്കും, ചിലർ കുറേ നേരം ഇരുന്ന് വായിച്ചു പഠിക്കും, എഴുതിപ്പഠിക്കും... അങ്ങനെ വ്യത്യസ്ത രീതിയിലാണ് ഓരോ കുട്ടിയും പഠിക്കുന്നത്. മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളെ ആരുമായും താരതമ്യം ചെയ്യാതിരിക്കുക. അവർക്ക് പഠിക്കാനും പരീക്ഷ എഴുതാനും അവരുടേതായ സ്പേസ് കൊടുക്കുക. മാർക്കിനെക്കുറിച്ച് കൂടുതൽ സമ്മർദം കൊടുക്കാതിരിക്കുക. പരീക്ഷാദിവസങ്ങളിൽ അവരെപ്പോലെ തന്നെ നിങ്ങളും ശ്രദ്ധാലുക്കളായിരിക്കുക. ആദ്യം തന്നെ അവരുടെ ടൈംടേബിൾ നോക്കി എന്നൊക്കെ പരീക്ഷ ഉണ്ടെന്നു മനസ്സിലാക്കുക. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപേ സ്കൂളിലെത്തുന്നവിധം പറഞ്ഞുവിടുക. ഹാൾ ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
മറക്കരുത് റിവിഷൻ ചെക്‌ലിസ്റ്റ്
∙ റിവിഷൻ ഫലപ്രദമായി നടത്താനായാൽ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം. പഠിച്ച കാര്യങ്ങൾ ഓരോന്നും സ്വയം വിലയിരുത്തി, പൂർണപഠനം, ഭാഗിക പഠനം, പഠിച്ചിട്ടില്ല എന്നിങ്ങനെ പട്ടികയിൽ അടയാളപ്പെടുത്തുക. അതിനു ശേഷം അതുവരെ പഠിക്കാത്തതോ, ഭാഗികമായി മാത്രം പഠിച്ചതോ ആയ കാര്യങ്ങൾ പൂർത്തീകരിക്കാൻ എത്ര സമയം വേണമെന്നും ആരുടെ സഹായം തേടാമെന്നും തീരുമാനിക്കുക. ഓരോ പരീക്ഷയ്ക്കുമിടയിൽ ഒട്ടേറെ അവധി ദിവസങ്ങൾ വരുന്നതിനാൽ ആ ദിവസങ്ങളിലെ പഠനം വളരെ ആസൂത്രിതമായി നടത്തണം. മോഡൽ പരീക്ഷയ്ക്ക് ഏതൊക്കെ ഭാഗങ്ങൾ കവർചെയ്യാൻ പറ്റാതായോ ആ ഭാഗങ്ങൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കാം. പഠിച്ചുതീർക്കാനുള്ള വിഷയങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകാം. ഇതിനു ശേഷം റിവിഷൻ നടത്തുക.
∙ പരീക്ഷയ്ക്കു മുൻപ് ആവശ്യത്തിന് ഉറക്കവും വിശ്രമവും ഉറപ്പാക്കണം.
∙ ഹാൾടിക്കറ്റും ആവശ്യമായ പേനകളും ഡയഗ്രം വരയ്ക്കാനുള്ള പെൻസിലും കയ്യിൽ കരുതണം.
∙ വേനൽകാലമായതിനാൽ ധാരാളം ശുദ്ധജലം കുടിക്കാനും പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക.
∙ പരീക്ഷാ ഹാളിൽ വെള്ളം കയ്യിൽ കരുതണം.
∙ റജിസ്റ്റർ നമ്പർ തെറ്റാതെ ആദ്യം തന്നെ ഉത്തരക്കടലാസിൽ എഴുതണം.
∙ ചോദ്യങ്ങളുടെ ക്രമനമ്പർ കൃത്യമാണെന്ന് ഉറപ്പാക്കണം.
∙ ഓരോ ചോദ്യത്തിനും ഉത്തരം എഴുതാനുള്ള സമയം വിഭജിക്കുക. ആ സമയത്തിനുള്ളിൽ എഴുതിത്തീർക്കാൻ ശ്രമിക്കുക.
∙ അറിയാത്ത ചോദ്യങ്ങൾ ആലോചിച്ച് സമയം പാഴാക്കരുത്.
∙ വിവരണാത്മക ചോദ്യങ്ങൾ പാരഗ്രാഫ് തിരിച്ചും തലക്കെട്ട് നൽകിയും എഴുതുക.
∙ ഓരോ ഉത്തരങ്ങൾ എഴുതുമ്പോഴും ഒരു വരി വിട്ട് എഴുതണം.
∙ ഉത്തരക്കടലാസിന്റെ അവസാന വരികളിൽ പുതിയ ഉത്തരം എഴുതിത്തുടങ്ങാതിരിക്കുന്നതാണ് ഉചിതം
∙ ഒരു ഉത്തരം തെറ്റിയാൽ അടുത്ത പേജിൽ ശരിയായ ഉത്തരം എഴുതിയ ശേഷം മാത്രം തെറ്റിയ ഉത്തരം വെട്ടിയാൽ മതി. ചെരിച്ച് ഒറ്റ വരമാത്രം തെറ്റായ ഉത്തരങ്ങൾക്കു നൽകിയാൽ മതി.
∙ പരീക്ഷാ ദിവസങ്ങളിൽ കളിക്കാൻ പോകുന്നതും റിസ്ക് ഉള്ള ജോലികളിൽ ഏർപ്പെടുന്നതും ഒഴിവാക്കുക.