പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷമോ? | Fact Check
Mail This Article
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറെ ജനസമ്പന്നമായിരുന്നു. റോഡ് ഷോകളിലും റാലികളിലും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും സജീവമായി പങ്കെടുത്തിരുന്നു. ഇപ്പോൾ മുസ്‌ലിം ലീഗ് പതാക ഉപയോഗിച്ചതിന്റെ പേരില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ പ്രചാരണ റാലിയ്ക്കിടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവരുടെ പതാക ഉപയോഗിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ചുവെന്ന അവകാശവാദത്തോടെയാണ് ഒരു വൈറൽ വിഡിയോ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
പ്രചരിക്കുന്ന വിഡിയോയില്‍ തുറന്ന വാഹനത്തില്‍ പ്രിയങ്കഗാന്ധിയെയും കാണാം. വിഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് മാതൃഭൂമി ന്യൂസിന്റെ ദൃശ്യങ്ങളാണ്. ലോഗോയ്ക്കടുത്ത് താഴെയായി 2024 നവംബര്‍ 11 എന്ന തീയതിയും കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മാതൃഭൂമി ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ 2024 നവംബര്‍ 11 ന് ഈ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്ക ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളിയുണ്ടായതായാണ് റിപ്പോര്‍ട്ട്.
നവംബര്‍ 10ന് വൈകിട്ട് വയനാട് വടുവന്‍ചാലില്‍ നടന്ന പ്രകടനത്തിനിടെ പ്രിയങ്ക ഗാന്ധിയുടെ തുറന്ന വാഹനത്തിന് മുന്നില്‍ പ്രകടനം നടത്തവെ വാഹനത്തിന് മുന്നില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഇതേ റിപ്പോര്‍ട്ട് മാതൃഭൂമി ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചതായി കാണാം. ഇതേ ദൃശ്യങ്ങള്‍ സഹിതം ANI പങ്കുവെച്ച വിഡിയോയിലും സംഘര്‍ഷമുണ്ടായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും CRPF ഉദ്യോഗസ്ഥരും തമ്മിലാണെന്ന് സ്ഥിരീകരിക്കുന്നു. ഇതോടെ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം എന്ന അടിക്കുറിപ്പോടെയുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്‌തുത
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ റാലിയ്ക്കിടെ മുസ്‌ലിം ലീഗിന്റെ പതാക ഉപയോഗിച്ചതിന്റെ പേരില്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രിയങ്ക ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.
(രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary : The campaign that there was a scuffle between League and Congress workers over the use of Muslim League flag during UDF candidate Priyanka Gandhi's campaign rally in Wayanad is baseless