ADVERTISEMENT

ഡിസംബര്‍ ആറിന് റിലീസ് ചെയ്യാനിരിക്കേ അല്ലു അര്‍ജുന്റെ പുഷ്പയുടെ രണ്ടാംഭാഗത്തെ ചൊല്ലിയുള്ള വിവാദങ്ങളും അരങ്ങു തകര്‍ക്കുകയാണ്. ഇക്കുറി അല്ലു അര്‍ജുന്റെ എതിരാളി ആരാധകര്‍ പുറത്തുവിട്ട വിഡിയോയാണ് വിവാദമായിരിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ഈ വിഡിയോകൾസമൂഹമാധ്യമങ്ങളിൽ  ആരാധക യുദ്ധത്തെ വേറെ ലെവലിലെത്തിക്കുകയാണ്. 

നവംബര്‍ 17നാണ് 'പുഷ്പ 2: ദ റൂള്‍' എന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും പാട്ടും മാസ് ഡയലോഗുകളും താര സമ്പന്നതയും കൊണ്ടെല്ലാം ട്രെയിലര്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ ട്രെയിലറിലെ ദൃശ്യങ്ങള്‍ സിനിമക്ക് മോശപ്പേരുണ്ടാക്കുന്ന രീതിയിലേക്ക് മാറ്റിയെടുത്ത് പ്രചരിപ്പിച്ചുവെന്നാണ് ഉയരുന്ന ആരോപണം. പ്രചരിക്കുന്ന ദൃശ്യങ്ങളുടെ വാസ്തവമറിയാം.

∙ അന്വേഷണം

ആദ്യത്തെ വിഡിയോയില്‍ രശ്‌മിക മന്ദാനയുടെ കാലില്‍ അല്ലു അര്‍ജുന്‍ കടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. പുഷ്പയുടെ ഒന്നാം ഭാഗത്തിൽ തന്നെ ഹിറ്റായതാണ് താടി കൈകൊണ്ട് തടവുന്ന സീന്‍. കൈകള്‍ക്കു പകരം രശ്‌മിക മന്ദാനയുടെ കാലുകൊണ്ട് താടി തടവുന്ന രീതിയിലാണ് ട്രെയിലറില്‍(1:04 മിനുറ്റ്) ചിത്രീകരിച്ചിരുന്നത്. ഈ സീന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് മാറ്റി രശ്‌മികയുടെ കാലില്‍ പുഷ്പ കടിക്കുന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. 

അല്ലു അര്‍ജുന്റെ ദേഹത്തേക്ക് രശ്‌മിക മന്ദാനയുടെ കഥാപാത്രം വെള്ളം തെറിപ്പിക്കുന്ന ദൃശ്യങ്ങളും(1:02 മിനുറ്റ്) ട്രെയിലറിലുണ്ട്. വൈറൽ വിഡിയോ ക്ലിപ്പില്‍ ഈ ദൃശ്യത്തെ അപ്പാടെ മാറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്. രശ്മിക വെള്ളം തെറിപ്പിക്കാന്‍ നോക്കുമ്പോഴേക്കും അല്ലു അര്‍ജുന്‍ എകെ 47 തോക്കുകൊണ്ട് എല്ലാവരേയും വെടിവയ്ക്കുന്നതാണ് കൃത്രിമമായി നിര്‍മിച്ച ദൃശ്യത്തിലുള്ളത്. 

അല്ലു അര്‍ജുന്‍ സിഗരറ്റ് കത്തിക്കാന്‍ ശ്രമിക്കുന്നതും തീ പടരുന്നതും ആ തീയില്‍ അല്ലു അര്‍ജുന്‍ കത്തുന്നതുമാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. അതേസമയം സിഗരറ്റ് കത്തിക്കുന്ന ദൃശ്യം(0:56 മിനുറ്റ്) യഥാര്‍ഥ ട്രയിലറിലുമുണ്ട്. താടിയിൽ കൈകൊണ്ട് തടവുന്ന സിഗ്നേച്ചര്‍ മൂവ് കാണിച്ച് ഒരു സ്ത്രീയെ പുഷ്പ ആക്രമിക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. ഹെലിക്കോപ്റ്ററില്‍ നിന്നും പുഷ്പ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെക്കുമ്പോള്‍ വെള്ളം ചീറ്റുന്നതാണ് മറ്റൊരു വിഡിയോയിലുള്ളത്. 

വൈറല്‍ വിഡിയോ ദൃശ്യങ്ങൾ എഐ നിർമ്മിതമാണോ എന്ന് ഞങ്ങൾ പരിശോധിച്ചു. ഹൈവ് മോഡറേഷനില്‍ പരിശോധിച്ചപ്പോള്‍ 99.9 ശതമാനം എഐ നിര്‍മിത വിഡിയോയാണിതെന്നാണ് കണ്ടെത്തിയത്. ഡീപ്പ് ഫേക്ക് ഒ മീറ്റേഴ്‌സ് ഡിറ്റക്ടര്‍  ഉപയോഗിച്ചുള്ള പരിശോധനയിലും വൈറൽ വിഡിയോ 99.2 ശതമാനവും എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തമായി

ലഭ്യമായ വിവരങ്ങളിൽ നിന്ന് പുഷ്പ 2 സിനിമയിലേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ എഐ നിർമ്മിതമാണ്. 

∙ വസ്തുത

പുഷ്പ 2 സിനിമയിലേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ എഐ നിർമ്മിതമാണ്

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The scenes circulating with the claim of  Pushpa 2 movie are AI generated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com