ADVERTISEMENT

ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബെനെല്ലിയുടെ മോഡേൺ ക്ലാസിക് വിഭാഗത്തിലെ എൻട്രി ലവൽ മോഡലായ ‘ഇംപീരിയൽ 400’ മോട്ടോർ സൈക്കിൾ വിലയിൽ 10,000 രൂപയുടെ ഇളവ് അനുവദിച്ചു. ഇതോടെ ബൈക്കിന്റെ ഇന്ത്യയിലെ ഷോറൂം വില 1.89 ലക്ഷം രൂപയായി. ബൈക്കിൽ പ്രാദേശികമായി നിർമിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഉയർന്നതും ഡോളറുമായുള്ള വിനിമയത്തിൽ രൂപ നില മെച്ചപ്പെടുത്തിയതുമൊക്കെയാണ് ഇളവിന് വഴി തെളിച്ചതെന്നാണു ബെനെല്ലിയുടെ വിശദീകരണം. വീൽ, ടയർ, ബ്രേക്ക്, ഇലക്ട്രിക്കൽ തുടങ്ങിയ ഘടകങ്ങൾ പ്രാദേശികമായി സമാഹരിച്ചാണ് റിട്രോ ക്രൂസറായ ‘ഇംപീരിയൽ 400’ വില പിടിച്ചു നിർത്താൻ ബെനെല്ലി നേരത്തെ ശ്രമിച്ചിരുന്നത്. 

വിലയിലെ കുറവിനപ്പുറം റോയൽ എൻഫീൽഡ് ‘ക്ലാസിക് 350’ മോട്ടോർ സൈക്കിളിനെ വെല്ലുവിളിക്കാനെത്തുന്ന ‘ഇംപീരിയലി’ൽ മറ്റു മാറ്റമൊന്നും ബെനെല്ലി വരുത്തിയിട്ടില്ല. ക്ലാസിക് ബൈക്കുകളുടെ ലളിതമായ രൂപകൽപ്പനാശൈലി പിന്തുടരുന്ന ‘ഇംപീരിയലി’നെ ക്രോമിയത്തിന്റെ ധാരാളിത്തത്തോടെയാണു ബെനെല്ലി അവതരിപ്പിക്കുന്നത്. വിഭജിച്ച സീറ്റ്, ട്വിൻ പോഡ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പീ ഷൂട്ടർ ടൈപ് എക്സോസ്റ്റ് തുടങ്ങിയവയും ബൈക്കിലുണ്ട്. പഴമയുടെ പകിട്ടിനായി വൃത്താകൃതിയിലുള്ള ഹെഡ്ലാംപ്, നിലക്കടലയെ അനുസ്മരിപ്പിക്കുന്ന ഇന്ധനടാങ്ക്, നേർരേഖയിലുള്ള ഹാൻഡിൽ ബാർ, സ്പോക്ക് വീൽ തുടങ്ങിയവയും ബെനെല്ലി തിരഞ്ഞെടുത്തിട്ടുണ്ട്. ചെറിയ എൽ സി ഡി സഹിതം വൃത്താകൃതിയിലുള്ള അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണു ബൈക്കിലുള്ളത്. 

മുന്നിൽ ഇരട്ട പിസ്റ്റൻ ഫ്ളോട്ടിങ് കാലിപർ സഹിതമുള്ള 300 എം എം സിംഗിൾ ഡിസ്കും പിന്നിൽ 240 എം എം ഡിസ്കുമാണു ബ്രേക്ക്; ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനവും ബൈക്കിലുണ്ട്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുകളുമാണു സസ്പെൻഷൻ. 1950കളിൽ നിർമിച്ചിരുന്ന ‘ബെനെല്ലി — മോട്ടോ ബി’ ശ്രേണിയിൽ നിന്നു പ്രചോദിതമായ റിട്രോ ക്ലാസിക് ബൈക്ക് ചുവപ്പ്, വെള്ളി, കറുപ്പ് നിറങ്ങളിലാണു ലഭ്യമാവുക.

ബൈക്കിനു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 374 സി സി, സിംഗിൾ സിലിണ്ടർ, എസ് ഒ എച്ച് സി, ഫോർ സ്ട്രോക്ക്, എയർ കൂൾഡ് എൻജിനാണ്. 6,000 ആർ പി എമ്മിൽ 20.7 ബി എച്ച് പി കരുത്തും 3,500 ആർ പി എമ്മിൽ 29 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും എൻജിനിലുണ്ട്. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. കിലോമീറ്റർ പരിധിയില്ലാതെ, മൂന്നു വർഷത്തെ അൺലിമിറ്റഡ് വാറന്റിയും ‘ഇംപീരിയൽ 400’ ബൈക്കിനു കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം രണ്ടു വർഷക്കാലം സൗജന്യ സർവീസും ലഭ്യമാണ്. തുടർന്ന്  ബൈക്കിന്റെ സർവീസിങ്ങിനും അറ്റകുറ്റപ്പണിക്കുമായി അധിക തുക നൽകി വാർഷിക പരിപാലന കരാറും സ്വന്തമാക്കാം.

English Summary: 2021 Benelli Imperiale 400 Launched In India: Prices Start At Rs 1.89 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com