ADVERTISEMENT

കൂടുതല്‍ വില്‍പനയും കുറച്ചു ലാഭവുമാണ് എന്‍ട്രി ലെവല്‍ ചെറു കാറുകളുടെ വിജയമന്ത്രം. വാഹന ലോകത്ത പല വമ്പന്മാരും മുട്ടുമടക്കിയ ഈ വിഭാഗത്തില്‍ കഴിവുതെളിയിച്ചവരാണ് റെനോ. മാരുതി സുസുക്കിയാണ് വിഭാഗത്തിലെ രാജാവെങ്കില്‍ റെനോയും ഒട്ടും പുറകിലല്ല. അതിന് അവരെ പ്രാപ്തരാക്കുന്നത് ക്വിഡ് എന്ന ജനപ്രിയ മോഡലാണ്.

ക്വിഡിനെ ഉടനെയൊന്നും കൈവിടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് റെനോ. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് കാര്‍ എന്ന പേരോടു കൂടി പുതിയ ക്വിഡ് പുറത്തിറക്കി സംസാരിക്കുമ്പോഴാണ് റെനോ ഇന്ത്യ എംഡിയും സിഇഒയുമായ വെങ്കട്‌റാം മാമില്ലപള്ളെ ക്വിഡിന്റെ ഭാവിയെക്കുറിച്ച് മനസു തുറന്നത്.

'പരമാവധി കാലം ക്വിഡിനെ വിപണിയില്‍ നിലനിര്‍ത്താന്‍ തന്നെയാണ് ഞങ്ങളുടെ ശ്രമം. ഈ വിഭാഗത്തില്‍ രണ്ട് കമ്പനികളും മൂന്നു മോഡലുകളും മാത്രമേയുള്ളൂ. ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നത് ഞങ്ങള്‍ തുടരും' മാമില്ലപള്ളെ പറഞ്ഞു.

ആറ് എയര്‍ബാഗുള്ള ക്വിഡ് മോഡല്‍ ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തും. വൈകാതെ ആറ് എയര്‍ബാഗുകള്‍ കാറുകളില്‍ നിര്‍ബന്ധമാക്കുമെന്ന സൂചനകള്‍ക്കിടെയാണിത്. വിപണിക്കു യോജിച്ച മാറ്റങ്ങള്‍ വരുത്തുമെങ്കിലും ക്വിഡിന്റെ ന്യൂജെനറേഷന്‍ മോഡലുകള്‍ ഇറക്കാന്‍ റെനോക്ക് പദ്ധതിയില്ല. അതേസമയം. കൈഗര്‍ എസ് യു വി, ട്രൈബര്‍ എം പി വി എന്നിവയുടെ പുതു തലമുറ വാഹനങ്ങള്‍ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറങ്ങും.

2015ലാണ് റെനോ ക്വിഡ് ഇന്ത്യയിലെത്തുന്നത്. എസ്‌യുവി രൂപത്തിലെത്തിയ ഈ ഹാച്ച് ബാക്കിനെ ഇന്ത്യക്കാര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. സെഗ്‌മെന്റിലെ പല ഫീച്ചറുകളും ആദ്യമായി അവതരിപ്പിച്ചത് ക്വിഡായിരുന്നു. 8 ഇഞ്ച് ഡിസ്‌പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ സൗകര്യങ്ങളും മൂന്നു മോഡലിലുണ്ട്. ഇഎസ്‌സി, ടിപിഎംഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് പിന്നില്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ അടക്കം 14+ സുരക്ഷാ ഫീച്ചറുകള്‍ പുതിയ ക്വിഡിലുണ്ട്. 

വില 4.69 ലക്ഷം രൂപ മുതല്‍ ആരംഭിക്കും. ഓട്ടോമാറ്റിക് വകഭേദത്തിന്റെ വില 5.44 ലക്ഷം മുതലാണ് ആരംഭിക്കുക. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 6.12 ലക്ഷം രൂപയാണ് വില. 67ബിഎച്ച്പി കരുത്തും പരമാവധി 91എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ക്വിഡിന്. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലും മികച്ച പ്രകടനം നടത്തുന്ന മോഡലാണ് റെനോ ക്വിഡ്. നിലവില്‍ പ്രതിമാസം 890 ക്വിഡുകളാണ് റെനോ ഇന്ത്യയില്‍ വില്‍ക്കുന്നത്.

ടച്ച്‌സ്‌ക്രീന്‍, ഓട്ടോമാറ്റിക് സൗകര്യങ്ങളുള്ള ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ കാറാണ് ക്വിഡ്. ചെറുകാര്‍ വിപണിയുടെ വലുപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ കുറഞ്ഞുവരുന്നുവെന്നതും ശ്രദ്ധേയമാണ്. കോവിഡിനു മുമ്പ് ഇന്ത്യയില്‍ കാര്‍വില്‍പനയുടെ 19 ശതമാനം ചെറുകാറുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് 9-10 ശതമാനം വിപണിവിഹിതം മാത്രമാണ് എന്‍ട്രിലെവല്‍ ഹാച്ച്ബാക്കുകള്‍ക്കുള്ളൂ.

English Summary:

Auto News, Renault not giving up on small cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com