ADVERTISEMENT

ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ബിവൈഡി സീല്‍ സെഡാൻ. കഴിഞ്ഞവര്‍ഷം ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച സീലിനെ ബിവൈഡി 2023ൽ നിരത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇറക്കാനായില്ല. സീല്‍ അടുത്ത മാസം ഇന്ത്യന്‍ നിരത്തിലെത്തുമെന്ന് കരുതുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളായി എത്തുന്ന വാഹനത്തിന് ഒറ്റ ചാർജിൽ 700 കിലോമീറ്റർ റേഞ്ചും ലഭിക്കും. ഏകദേശം 50 ലക്ഷം രൂപയായിരിക്കും ഈ ആഡംബര ഇവിയുടെ വില.

ഡിസൈൻ

ബിവൈഡി 2021ല്‍ അവതരിപ്പിച്ച ഓഷ്യന്‍ എക്‌സ് എന്ന സമുദ്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട സീരിസിലുള്ള ഡിസൈനാണ് സീലിന്റേതും. കൂപെകളിലേതുപോലുള്ള ഗ്ലാസ് റൂഫ്, ബൂമറാങുകളുടെ ആകൃതിയിലുള്ള ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ്, ബോഡിയോടു ചേര്‍ന്നു നില്‍ക്കുന്ന ഫ്‌ളഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകള്‍, പിന്‍ഭാഗത്ത് മുഴുനീള എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവയെല്ലാം സീലിന്റെ സവിശേഷതകളാണ്. 4,800എംഎം നീളവും 1,875എംഎം വീതിയും 1,460എംഎം ഉയരവുമുള്ള വാഹനമാണിത്. 

സാങ്കേതികവിദ്യക്കും യാത്രാസുഖത്തിനും പ്രാധാന്യം

സാങ്കേതികവിദ്യക്കും യാത്രാസുഖത്തിനും പ്രാധാന്യം നല്‍കുന്ന വാഹനമാണ് സീൽ ഇവി. ആദ്യം ശ്രദ്ധ ലഭിക്കുന്ന ഫീച്ചര്‍ തിരിക്കാവുന്ന 15.6 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേയാണ്. ബിവൈഡിയുടെ തന്നെ ആട്ടോ 3 എസ്‌യുവി, ഇ6 എംപിവി എന്നിവയില്‍ കണ്ടുവരുന്ന ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനാണ് സീലിലുമുള്ളത്. ഡ്രൈവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേകം 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ് അപ് ഡിസ്‌പ്ലേയുമുണ്ട്. ഡ്രൈവിങ് മോഡുകള്‍ തിരഞ്ഞെടുക്കാനും എസി നിയന്ത്രിക്കാനും വിന്‍ഡ്‌സ്‌ക്രീന്‍ ചൂടാക്കാനും ഓഡിയോ സിസ്റ്റത്തിന്റെ ശബ്ദം കൂട്ടാനും കുറയ്ക്കാനും അടക്കമുളള നിരവധി ഫീച്ചറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാം.

ബാറ്ററി

രണ്ട് ബാറ്ററി പായ്ക്കുകളിലാണ് സീല്‍ എത്തുക. കൂട്ടത്തില്‍ ആദ്യത്തെ 61.4 kWh യൂണിറ്റിന്റെ ബാറ്ററിക്ക് ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. രണ്ടാമത്തെ 82.5 kWh യൂണിറ്റിന്റെ ബാറ്ററിയുടെ റേഞ്ച് 700 കിലോമീറ്ററാണ്. 100 kW വേഗത്തില്‍ ആദ്യത്തെ ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍ കൂടുതല്‍ വലിയ രണ്ടാം ബാറ്ററി 150 kW വേഗത്തില്‍ ചാര്‍ജു ചെയ്യും. ഓള്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ട് ചെയ്യുന്ന ഡുവല്‍ മോട്ടോര്‍ പവര്‍ സ്‌ട്രെയിനായിരിക്കും ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സീലിലുണ്ടാവുക. 530 എച്ച്പി കരുത്തു പുറത്തെടുക്കുന്ന എന്‍ജിനുള്ള സീല്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 3.8 സെക്കൻഡിൽ കുതിക്കും.

ആട്ടോ 3 എസ്‌യുവിക്കും ഇ6 എംപിവിക്കും ശേഷം ഇന്ത്യയില്‍ ബിവൈഡി ഇറക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സീല്‍. സ്‌റ്റൈലും സാങ്കേതികവിദ്യയും പെര്‍ഫോമെന്‍സും ഒത്തിണങ്ങുന്ന സീല്‍ ഇന്ത്യന്‍ വിപണിയില്‍ കിയ ഇവി6, ഹ്യുണ്ടേയ് അയോണിക് 5 തുടങ്ങിയ കാറുകളോടാണ് മത്സരിക്കുക. ഇന്ത്യയിലേക്കെത്താന്‍ വൈകിയെങ്കിലും ആഗോളതലത്തില്‍ മികച്ച പ്രകടനമാണ് ബിവൈഡിയും അവരുടെ വൈദ്യുത കാറുകളും നടത്തുന്നത്. ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിക്ക് കൂടുതല്‍ വൈവിധ്യവും കരുത്തും നല്‍കുന്നതായിരിക്കും ബിവൈഡിയുടെ സീലിന്റെ വരവ്.

English Summary:

Auto News, BYD Seal EV spied in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com