പനോരമിക് സൺറൂഫ്, എഡിഎഎസ്; കിയ ക്ലാവിസിൽ ഫീച്ചറുകളുടെ നീണ്ട നിര
Mail This Article
ഇന്ത്യയില്‍ സബ് കോംപാക്ട് എസ്യുവിയായ കിയ ക്ലാവിസ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കിയ. ഹൈദരബാദില്‍ കിയ ക്ലാവിസ് ടെസ്റ്റ് റണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നു. പനോരമിക് സണ്‍റൂഫ് സഹിതമായിരിക്കും കിയ ക്ലാവിസ് എത്തുക. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് അഡാസ് ഫീച്ചറുകള്‍ കൂടി ക്ലാവിസില്‍ കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കിയ ക്ലാവിസിന്റെ ടെസ്റ്റ് വിഡിയോ വൈറല്‍ കാര്‍സ് ഹൈദരാബാദ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വന്നത്. കറുത്ത ആവരണം കൊണ്ട് ഡിസൈനും മറ്റും മറച്ച രീതിയിലായിരുന്നു വാഹനം. ഡിസൈന്‍ ഫീച്ചറുകളില്‍ കാര്യമായൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം വേറെ ചില ഫീച്ചറുകള്‍ ഈ വിഡിയോ വഴി തിരിച്ചറിയാനും സാധിക്കുന്നുണ്ട്.
അഡാസ് സുരക്ഷാ സൗകര്യങ്ങളോടെയായിരിക്കും കിയ ക്ലാവിസ് പുതിയ മോഡല്‍ എത്തുകയെന്നത് വ്യക്തം. എത്രയൊക്കെ മറച്ചാലും പുറത്തായിപ്പോയ മുന്നിലെ സെന്‍സറാണ് അഡാസിന്റെ തെളിവായി മാറിയത്. മുന്നിലെ ബംപറിന്റെ നടുവിലായാണ് കിയ ക്ലാവിസിന്റെ അഡാസ് സെന്‍സറുള്ളത്.
വിന്‍ഡ് ഷീല്‍ഡിലെ ക്യാമറയും ക്ലാവിസിലുണ്ട്. ആധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ക്ലാവിസിലുണ്ടെന്നതിന്റെ സൂചനയാണ് ഈ ക്യാമറ. സെല്റ്റോസിന്റേതിനു സമാനമായ അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളായിരിക്കും കിയ ക്ലാവിസിലുണ്ടാകുക. മറ്റൊരു സുപ്രധാന ഫീച്ചര്‍ പനോരമിക് സണ്‍റൂഫാണ്. നിലവില്‍ ഇന്ത്യയിലെ സബ് കോംപാക്ട് എസ്യുവികളില് മഹീന്ദ്ര എക്സ്യുവി 3 എക്സ്ഒ –ൽ മാത്രമാണ് പനോരമിക് സണ്‍റൂഫുള്ളത്.
എക്സ്റ്റീരിയര്‍
മുന്നില്‍ കുത്തനെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകളാണ് ക്ലാവിസിന്റെ പുതിയ മോഡലിലുള്ളത്. രണ്ട് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്ക്കു സമീപത്താണ് എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. കാറിന്റെ ബോഡി പോലെ തന്നെ മുന്‍ഭാഗവും ബോക്സി ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. വശങ്ങളിലെ ബി പില്ലറിന്റെ ഡിസൈന്‍ വ്യത്യസ്തമാണ്. കറുത്ത റൂഫ് റെയിലുകളും 17 ഇഞ്ച് അലോയ് വീലുകളുമുണ്ട്. പിന്നിലും ബോക്സി ഡിസൈനാണ്. പിന്നിലെ എല്‍ഇഡി ലൈറ്റുകള്‍ അല്പം താഴ്ത്തിയാണ് നല്‍കിയിട്ടുള്ളത്.
ഇന്റീരിയര്‍
മറ്റു കിയ മോഡലുകളിലേതു പോലെ പ്രീമിയം ഇന്റീരിയര്‍ തന്നെ പുതിയ ക്ലാവിസിലും പ്രതീക്ഷിക്കാം. ഇതുവരെ ക്ലാവിസിന്റെ ഡാഷ്ബോര്ഡിന്റേയോ മറ്റോ ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ല. നേരത്തെ പുറത്തുവന്നിട്ടുള്ള ടെസ്റ്റ് വാഹനങ്ങളില്‍ ഡ്യുവല്‍ ടോണ്‍ ലെതറൈറ്റ് ഇന്റീരിയറാണ് ഉപയോഗിച്ചിരുന്നത്. കിയ സെല്‍റ്റോസിലേതു പോലെ 10.25 ഇഞ്ച് ട്വിന്‍ സ്ക്രീനുകള്‍. വെന്റിലേറ്റഡ് ആന്റ് പവേഡ് മുന്സീറ്റുകള്, വ്യത്യസ്ത ഡ്രൈവിങ് മോഡുകള്‍, ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, ബോസ് ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 12 പാര്‍ക്കിങ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്ട്രോള് മോഡുകള്‍ എന്നിവയും പ്രതീക്ഷിക്കാം.
പവര്‍ട്രെയിന്‍
ഐസിഇ, ഇവി പവര്‍ട്രെയിനുകളില്‍ കിയ ക്ലാവിസ് പുറത്തിറങ്ങുമെന്നാണ് സൂചന. ഇവിയെക്കുറിച്ചുള്ള കാര്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 350-400കിമി റേഞ്ച് പ്രതീക്ഷിക്കാം. സോണറ്റിന്റേതിന് സമാനമായ എന്‍ജിനായിരിക്കും ഐസിഇ മോഡലിലുണ്ടാവുക.
1.0 ലീറ്റര്‍ പെട്രോള്‍ എന്ജിന് 120പിഎസ് പരമാവധി കരുത്തും 172എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്സ്മിഷന്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് എന്നീ ട്രാന്സ്മിഷന് ഓപ്ഷനുകളും കിയ ക്ലാവിസിലുണ്ടാവും.