ഹ്യുണ്ടേയ് ഐ 10 നിയോസ് പുതിയ മോഡൽ, വില 5.68 ലക്ഷം മുതൽ
Mail This Article
ഹ്യുണ്ടേയ് പ്രീമിയം ഹാച്ച്ബാക്ക് ഐ 10 നിയോസിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. ഇറ, മാഗ്ന, സ്പോർട്സ്, അസ്ത എന്നീ നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 5.68 ലക്ഷം മുതൽ 8.11 ലക്ഷം രൂപ വരെയാണ്. ജനുവരി ആദ്യം ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 നിയോസിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു.
ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം വിപണിയിലെത്തിയത്. കറുത്ത വലിയ ഗ്രില്ലുകളോടു കൂടിയ ബംബറാണ് മുൻ വശത്തെ പ്രധാന മാറ്റം. ബംബറിൽ ട്രൈആരോ ആകൃതിയിലുള്ള ഡേടൈം റണ്ണിങ് ലാംപുകളും നൽകിയിരിക്കുന്നു. സ്പോർട്ടി ലുക്ക് നൽകുന്ന 15 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്.
പിൻ വശത്തും ധാരാളം മാറ്റങ്ങളുണ്ട്, എൽഇഡി ടെയിൽ ലാംപുകൾ എൽഇഡി ടെയിൽ ബാറുകൊണ്ട് യോജിപ്പിച്ചിരിക്കുന്നു. പിൻ ബംബറിനും മാറ്റങ്ങളുണ്ട്. പുതിയ സ്പാർക്ക് ഗ്രീൻ നിറവും എത്തിയിട്ടുണ്ട്. ഇതു കൂടാതെ പോളാർ വൈറ്റ്, ടൈടെൻ ഗ്രേ, ടൈഫൂൺ സിൽവർ, ടേൽ ബ്ലൂ, ഫെറി റെഡ് എന്നീ നിറങ്ങളിൽ പുതിയ മോഡൽ ലഭിക്കും.
1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ് പുതിയ മോഡലിലും. 83 ബിഎച്ച്പി കരുത്തും 113.8 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നിവയാണ് ഗീയർബോക്സ് ഓപ്ഷനുകൾ. പെട്രോൾ കൂടാതെ സിഎൻജി കിറ്റോടു കൂടിയും 1.2 ലീറ്റർ എൻജിൻ എത്തിയിട്ടുണ്ട്. 69 എച്ച്പി കരുത്തും 95.2 എൻഎം ടോർക്കുമുണ്ട് സിഎൻജിന് പതിപ്പിന്. 5 സ്പീഡ് മാനുവലാണ് ഗിയർബോക്സ്. മുൻ പതിപ്പിലുണ്ടായിരുന്ന ടർബോ പെട്രോൾ എൻജിൻ ഒഴിവാക്കിയിരിക്കുന്നു. പെട്രോൾ മാനുവലിന് ലീറ്ററിന് 20.7 കിലോമീറ്ററും പെട്രോൾ ഓട്ടമാറ്റിക്കിന് 20.1 കിലോമീറ്ററും സിഎൻജി പതിപ്പിന് 27.3 കീലോമീറ്ററുമാണ് ഇന്ധനക്ഷമത.
സുരക്ഷയ്ക്കായി നാല് എയർബാഗുകൾ, എബിഎസ് ഇബിഡി എന്നിവ എല്ലാ വകഭേദങ്ങളിലുമുണ്ട്. ഉയർന്ന വകഭേദത്തിൽ ആറ് എയർബാഗുകൾ, ഇഎസ്‌സി, ഹിൽഹോൾഡ് അസിസ്റ്റ്, ഓട്ടോ ഹെഡ്‌ലാംപ് എന്നിവയുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, റിയർ എസി വെന്റ്, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്.
English Summary: Hyundai Grand i10 Nios facelift launched at Rs 5.68 lakh