ആശുപത്രിയിലെത്തിയത് ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ കാണാൻ; ദുരന്തം കവർന്നത് 8 മാസം പ്രായമുള്ള മകളെയും

Mail This Article
വെയിൽസ്∙ 18 മാസത്തിന് ശേഷവും അമ്മയുടെയും മകളുടെയും വിയോഗത്തിന്റെ വേദനയിൽ നിന്ന് മുക്തനായിട്ടില്ല നീത്ത് സ്വദേശിയായ റോബ് ഹാൾ. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ കാണാനാണ് 2023 ജൂണിൽ റോബ് ആശുപത്രിയിലേക്ക് പോയത്. റോബിന്റെ ഭാര്യ ഗ്വെൻ അമ്മായിയമ്മയ്ക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. അന്നേ ദിവസം ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ കാറിടിച്ചാണ് റോബിന്റെയും ഗ്വെന്റെയും എട്ടുമാസം പ്രായമുള്ള മകൾ മരിച്ചത്.
റോബും സഹോദരനും കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് നടക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. 71കാരിയായ ബ്രിഡ്ജറ്റ് കർട്ടിസ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. കാറിടിച്ച് റോബ് ഹാൾ തെറിച്ചു വീണു. കുഞ്ഞിരുന്ന മാബ്ലിക്ക് ഗുരുതരമായി പരുക്കേറ്റു.
‘‘പെട്ടെന്ന് ഒരു ഭയങ്കര ശബ്ദം കേട്ടു. അടുത്ത നിമിഷം വെളുത്ത കാർ വായുവിൽ പറക്കുന്നത് കണ്ടു. ഞാൻ പാർക്കിങ് ബേയിലേക്ക് തെറിച്ചു വീണു. എനിക്ക് മോളെ കാണാൻ കഴിഞ്ഞില്ല. അടുത്തതായി ഓർക്കുന്നത് ആരോ മാബ്ലിയുടെ ശരീരവുമായി നടന്നുപോകുന്നതാണ്. എനിക്ക് അത് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല " – റോബ് ഓർക്കുന്നു.
കുഞ്ഞിനെ എയർലിഫ്റ്റ് ചെയ്ത് കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിലെത്തിച്ചെങ്കിലും നാലു ദിവസത്തിനുശേഷം മരിച്ചു. അപകടത്തിൽപ്പെട്ട കുഞ്ഞിനെ കാണാൻ 100 മൈൽ അകലെയുള്ള കാർഡിഫിലേക്ക് പോകേണ്ടി വന്നതിനാൽ അമ്മയുടെ അവസാന നിമിഷങ്ങൾക്കൊപ്പം കൂടെ ഉണ്ടാകാൻ റോബ് ഹാളിനു കഴിഞ്ഞില്ല.
റോബ് ഹാളും ഭാര്യയും കുഞ്ഞിനെ കാണാൻ ബ്രിസ്റ്റോളിലെത്തി. ഡോക്ടർമാർ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് അറിയിച്ചു. ‘‘അമ്മയ്ക്ക് അവസാനമായി ഫെയ്‌സ്‌ടൈം കോൾ ചെയ്തു. കുഞ്ഞിന്റെ അവസ്ഥയെക്കുറിച്ച് അമ്മയോട് പറഞ്ഞില്ല. രണ്ടു മണിക്കൂറിനുശേഷം അമ്മ മരിച്ചു. അന്നേ ദിവസം ഡോക്ടർമാർ കുഞ്ഞ് മരിച്ചതായി അറിയിച്ചു. മാബ്ലിയുടെ സഹോദരങ്ങൾ അവസാനമായി കാണാൻ വന്നു ’’ – റോബ് പറഞ്ഞു.
കുഞ്ഞിന്റെ ശവസംസ്കാരം റോബ് ഹാളിന്റെ അമ്മയുടെ ശവസംസ്കാരത്തിന് ഒരു ദിവസം മുൻപായിരുന്നു. കുഞ്ഞിന്റെ മരണത്തിന് 18 മാസത്തിനുശേഷം കഴിഞ്ഞ മാസമാണ് കർട്ടിസിനെ ശിക്ഷിച്ചത്. അപകടകരമായ ഡ്രൈവിങ്ങിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കർട്ടിസിന് നാലുവർഷം തടവ് ശിക്ഷ വിധിച്ചു. 18 മാസത്തിന് ശേഷം ഇതാദ്യമായാണ് റോബ് അപകടത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത്.