ADVERTISEMENT

അബുദാബി∙ മതസൗഹാർദത്തിന്റെ സന്ദേശം പകർന്ന് ജാതിമത ഭേദമെന്യേ 5 നിർധന പെൺകുട്ടികളുടെ വിവാഹം നടത്താനൊരുങ്ങി പ്രവാസി മലയാളി. അബുദാബി ആസ്ഥാനമായുള്ള ലൈലക് ഗ്രൂപ്പ് എംഡിയും കഴക്കൂട്ടം ചന്തവിള ആമ്പല്ലൂർ സ്വദേശുമായ എംഐ ഷാനവാസ് ഖാനാണ് കാരുണ്യപ്രവർത്തനത്തിലൂടെ 5 പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം ഒരുക്കുന്നത്.

മാർച്ച് 28ന് വൈകിട്ട് 4ന് ആമ്പല്ലൂർ മുസ്​ലിം ജമാഅത്ത് അങ്കണത്തിൽ പ്രത്യേകം തയാറാക്കുന്ന പന്തലിൽ വച്ച് അതതു മതാചാര പ്രകാരം വിവാഹം നടത്തും. വ്യത്യസ്ത മത പുരോഹിതരായിരിക്കും വിവാഹ കർമങ്ങൾക്കു നേതൃത്വം നൽകുക. 5 പവൻ സ്വർണാഭരണവും 1 ലക്ഷം രൂപയും നൽകുന്നതിനു പുറമേ വിവാഹ വസ്ത്രം, സദ്യ, താമസം, യാത്ര തുടങ്ങി എല്ലാ ചെലവും വഹിക്കുമെന്ന് ഷാനവാസ് ഖാൻ മനോരമയോടു പറഞ്ഞു.

പാവപ്പെട്ട കുടുംബങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അർഹരായവർ രംഗത്തുവന്നാൽ രണ്ടുപേരെ കൂടി പരിഗണിക്കുമെന്നും സൂചിപ്പിച്ചു. അപേക്ഷകരുെട കുടുംബ പശ്ചാത്തലം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരഞ്ഞെടുക്കുന്നത്. 30 വർഷമായി അബുദാബിയിലുള്ള ഷാനവാസിന്റെ ആദ്യകാല ജീവിതം കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. അക്കാലത്ത് മനസ്സിൽ കരുതിയതാണ് എന്നെങ്കിലും പണമുണ്ടാകുമ്പോൾ പാവപ്പെട്ടവരെ കല്യാണം നടത്തിക്കൊടുക്കുമെന്നത്. 10 വർഷത്തോളം അറബി വീട്ടിൽ ജോലി ചെയ്ത ഇദ്ദേഹം ആ വീട്ടുകാർ ഏർപ്പാടാക്കി നൽകിയ മുനിസിപ്പാലിറ്റി ജോലിയിലേക്കു മാറുകയും 5 വർഷത്തിനുശേഷം ജോലി രാജിവച്ച് ബിസിനസ് ആരംഭിക്കുകയുമായിരുന്നു.

റെന്റ് എ കാർ ബിസിനസിൽ തുടങ്ങി പിന്നീട് റിയൽ എസ്റ്റേറ്റിലേക്കു കടന്നു. സാമ്പത്തിക മാന്ദ്യത്തിൽ നഷ്ടം ഏറെയുണ്ടായെങ്കിലും പിടിച്ചുനിന്നു. പിന്നീട് മൊബൈൽ, കംപ്യൂട്ടർ ഷോപ്പുകളും കൂടി തുടങ്ങിയതോടെ ജീവിതം പച്ചപിടിച്ചു. 30 വർഷത്തെ അധ്വാനത്തിനൊടുവിൽ നിർമിച്ച പുതിയ വീട്ടിലേക്കു താമസം മാറുന്നതിന് തലേന്നാണ് സമൂഹവിവാഹം. പുതിയ വീട്ടിൽ ദമ്പതികൾക്കു വിരുന്ന് സൽക്കാരവും ഒരുക്കുന്നുണ്ട്. മതത്തിന്റെ പേരിൽ പരസ്പരം കലാപമുണ്ടാക്കുന്ന കാലത്ത് ഷാനവാസിന്റെ ഈ കാരുണ്യപ്രവൃത്തി മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവർക്ക് മാതൃകയാക്കാം.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com