അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ
Mail This Article
അബുദാബി ∙ ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനത്തിനായി യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന പൗരസ്വീകരണത്തിന്റെ (അഹ്‌ലൻ മോദി 2024) ഒരുക്കം സജീവം. ഫെബ്രുവരി 13ന് വൈകിട്ട് നാലിന് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിലാണ് പരിപാടി. നാനൂറിലേറെ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറും.
കാൽ ലക്ഷത്തിലേറെ ഇന്ത്യക്കാർ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയുടെ ഭൂത, വർത്തമാന, ഭാവി കാലങ്ങളെക്കുറിച്ച് മോദി വിശദീകരിക്കും. പ്രധാനമന്ത്രിയായതിനു ശേഷം മോദിയുടെ ഏഴാമത് യുഎഇ സന്ദർശനമാണിത്. 2015ലെ പ്രഥമ സന്ദർശനത്തിൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും വൻ സ്വീകരണം ഒരുക്കിയിരുന്നു.
ഇന്ത്യ–യുഎഇ സൗഹൃദത്തിന്റെയും സമ്പന്നമായ സാംസ്കാരിക വിനിമയത്തിന്റെയും പ്രദർശനം കൂടിയാവും സ്വീകരണ പരിപാടി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശനങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഉഭയകക്ഷി വ്യാപാരവും ശക്തിപ്പെടുകയും സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. 2015ൽ പ്രധാനമന്ത്രിയുടെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ചാണ് മേഖലയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന് അബുദാബിയിൽ ഭൂമി അനുവദിച്ചത്. നിർമാണം പൂർത്തിയാക്കിയ ക്ഷേത്രം ഫെബ്രുവരി 14ന് മോദി ഉദ്ഘാടനം ചെയ്യും.
യുഎഇയിലെ നൂറ്റി അമ്പതിലേറെ ഇന്ത്യൻ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'അഹ്‌ലൻ മോദി 2024' സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ www.ahlanmodi.ae എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യം. 7 ഏഴ് എമിറേറ്റുകളിൽനിന്നും സൗജന്യ ഗതാഗത സൗകര്യവും ഉണ്ടായിരിക്കും.
ഹെൽപ് ലൈൻ - +971 56 385 8065 (വാട്സാപ്)
വെബ്സൈറ്റ് - www.ahlanmodi.ae