ADVERTISEMENT

ഷാർജ ∙ അമ്പത് ഡിഗ്രി സെൽഷ്യലേറെയാണ് ഗൾഫിൽ മിക്ക രാജ്യങ്ങളിലും ഇപ്പോൾ രേഖപ്പെടുത്തുന്ന താപനില. രാവിലെ തന്നെ ഉച്ചയുടെ ചൂട്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്ന് വരെ ഉച്ചവിശ്രമമാണ്. പക്ഷേ, അപ്പോഴേയ്ക്കും അവർ ഒരു ദിവസത്തെ കഠിനവെയിൽ ഏറ്റു കരുവാളിച്ച് കഴിഞ്ഞിരിക്കും.

പുറം ജോലിക്കാര്‍ക്ക് ചൂടിൽ നിന്ന് അൽപമെങ്കിലും സമാശ്വാസം ലഭിക്കുമ്പോൾ, റസ്റ്ററന്റുകളിലെ അടുക്കളയിലും ബേക്കറികളിലെ തീച്ചൂളയിലും വെന്തുരുകുന്നവർ, സൈക്കിളിലും ഇലക്ട്രോണിക് സ്കൂട്ടറുകളിലും മറ്റു ഇരുചക്രവാഹനങ്ങളിലും സഞ്ചരിച്ച്  ജീവന്മരണ പോരാട്ടം നടത്തുന്നവർ... ഇവരാണ് യഥാർഥത്തിൽ  ജൂലൈയുടെ കാഠിന്യം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത്. ഇവര്‍ക്ക് കൂടി വിശ്രമം അനുവദിക്കണമെന്ന് അടുത്തിടെ ആവശ്യമുയർന്നിരുന്നു.

ബൈക്ക് ഡെലിവറി ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രം. ചിത്രത്തിന് കടപ്പാട്: വാം
ബൈക്ക് ഡെലിവറി ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രം. ചിത്രത്തിന് കടപ്പാട്: വാം

പുലർച്ചയ്ക്ക് തുടങ്ങുന്ന ഡെലിവറി. ഉച്ചയോടെ തളരും. പിന്നെ ഉച്ചഭക്ഷണത്തിന് കുറച്ച് വിശ്രമം. പക്ഷേ, വൈകിട്ടുപോലും നല്ല ചൂടാണെന്നതാണ് നേര്–ഷാർജയിലെ ഗ്രോസറിയിൽ ഡെലിവറി നടത്തുന്ന മലയാളി യുവാവ് പറഞ്ഞു. ലിഫ്റ്റ് പ്രവർത്തിക്കാത്ത ചില കെട്ടിടങ്ങളിൽ ഡെലിവറി ചെയ്യേണ്ടി വരാറുണ്ട്. ആറോ എട്ടോ നിലകൾ പോലും കയറിയിറങ്ങണം. ചിലപ്പോൾ അഞ്ച് ഗാലൻ കുടിവെള്ളം പോലും എത്തിക്കേണ്ടി വരുന്നു. എന്നാൽ വേതനമോ വളരെ കുറച്ചും. രണ്ട് വർഷത്തിലൊരിക്കലാണ് മിക്കവരും നാട്ടിലേക്കു പോവുക എങ്കിലും കുടുംബത്തെ ഒാർത്ത് ഗ്രോസറി–കഫറ്റീരിയ ഡെലിവറി ബോയിമാർ എല്ലാം പുഞ്ചിരിയോടെ നേരിടുന്നു.

അതേസമയം, യുഎഇയിലെ പ്രമുഖ ഡെലിവറി കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നവർക്ക് ഗവൺമെന്റ് സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലാ കമ്പനികളുമായും സഹകരിച്ച് 6,000 വിശ്രമകേന്ദ്രങ്ങൾ അടുത്തിടെ മനുഷ്യ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം അുവദിച്ചിരുന്നു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നടക്കുന്ന മധ്യാഹ്ന വിശ്രമത്തിൽ ഇൗ കേന്ദ്രങ്ങൾ ഡെലിവറി ജീവനക്കാർക്ക് ഏറെ ഗുണകരമാകുന്നു.

uae-summer2

ഡെലിവറിക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റര്‍, യുഎഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പുകൾ, തലാബത്ത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ ഡെലിവറി കമ്പനികൾ. നിരവധി റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവയും ഡെലിവറി സർവീസ് ഡ്രൈവർമാർക്ക് വിശ്രമ സ്ഥലങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ദുബായിലെ കെട്ടിടങ്ങളിലെ വിൻഡോ എസി. ചിത്രം: മനോരമ
ദുബായിലെ കെട്ടിടങ്ങളിലെ വിൻഡോ എസി. ചിത്രം: മനോരമ

∙ എസി അറ്റകുറ്റപ്പണികൾ 80% വരെ വർധിച്ചു
ഡെലിവറി ബോയിമാരെ പോലെ വേനൽക്കാലത്തും ജോലി കൂടുന്ന  മറ്റൊരു കൂട്ടരാണ് എയർകണ്ടീഷണർ നന്നാക്കുന്നവർ. എയർ കണ്ടീഷനിങ് യൂണിറ്റുകളുടെ റിപ്പയർ ഷോപ്പുകളിൽ വേനൽക്കാലമാകുന്നതോടെ തിരക്കാണ്. എസി ടെക്നീഷ്യൻമാർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. തണുപ്പുകാലത്തെ ബിസിനസ് കുറവ് ഇത്തരം സ്ഥാപനങ്ങൾ നികത്തുന്നത് വേനൽക്കാലത്താണ്.

ഷാർജയിലെ ഡെലിവറി ബോയ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഷാർജയിലെ ഡെലിവറി ബോയ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇപ്പോൾ ഓരോ ആഴ്ചയും 50 മുതൽ 60 വരെ എസികൾ നന്നാക്കേണ്ടി വരുന്നതായി ടെക്നീഷ്യൻമാർ പറയുന്നു. എസി യൂണിറ്റുകളുടെ കാര്യത്തിൽ പ്രത്യേകിച്ച് വിന്‍ഡോ എസി പരിപാലിക്കേണ്ടതിനെക്കുറിച്ച് ഉപദേശവും ഇവർ നൽകാറുണ്ട്.  കംപ്രസ്സറോ മറ്റോ തകരാറിലായതാണെങ്കിൽ അത് നന്നാക്കാൻ നല്ലൊരു തുക വേണ്ടി വരുന്നു. അതുകൊണ്ട് ഒരു പുതിയ യൂണിറ്റ് തന്നെ വയ്ക്കാനാണ് നിർദേശിക്കുക. പല സ്ഥാപനങ്ങളും രാപ്പകൽ ഭേദമന്യേയാണ് പ്രവർത്തിക്കുന്നത്. വിൻഡോ എസി യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾക്ക് സാധാരണയായി 80  മുതൽ 100 ദിർഹം വരെ ചെലവാകും. അതേസമയം സ്പ്ലിറ്റ്-എസി യൂണിറ്റുകൾക്ക് 150 മുതൽ 200 ദിർഹം വരെ വേണ്ടിവരുന്നു. ചില്ലർ, സ്പ്ലിറ്റ് എസി അറ്റകുറ്റപ്പണികൾക്ക് ഇപ്രാവശ്യം ദുബായിൽ  80 ശതമാനം വർധനവുണ്ടായതാണ് റിപോർട്ട്.

English Summary:

UAE Summer: Unrelenting Heat Sets AC Demand on Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com