സൗദി അറേബ്യയുടെ 94–ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും
Mail This Article
റിയാദ് ∙ സൗദി അറേബ്യയുടെ 94–ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് ഇന്നു തുടക്കമാകുന്നു. മക്കയിലെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കായിക മന്ത്രാലയത്തിന്റെ സഹകരണത്തിൽ പൊതുജന പങ്കാളിത്തത്തിൽ സൈക്കിൾ മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് മക്കയിലെ അൽ നസീം വാക്ക് വേയിലാണ് ദേശീയദിന സന്ദേശവുമായി സൈക്കിൾ മത്സരം നടത്തുന്നത്. ജിദ്ദയിൽ നാളെ (വെള്ളി) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷ പരിപാടികൾക്ക് തുടക്കമിടും.
നാളെ വൈകിട്ട് 5 മുതൽ രാത്രി പന്ത്രണ്ട് മണി വരെ ഇനിയുള്ള നാലു ദിവസങ്ങളിൽ നഗരത്തിൽ പലതരം പരിപാടികൾ അരങ്ങേറുമെന്ന് മക്ക ഭരണകേന്ദ്രം അറിയിച്ചു. ആസ്വാദന പരിപാടികളും മത്സരങ്ങളും, പ്രദർശനങ്ങളും, നാടൻ കലാ സംഘങ്ങളുടെ പ്രകടനങ്ങളും കുട്ടികൾക്കുള്ള വിനോദങ്ങളും ഗെയിമുകളും സമ്മാനവിതരണവും ഈ ദിവസങ്ങളിൽ നടത്തും.
ഇവിടുത്തെ പ്രദേശവാസികൾക്കും സന്ദർശകർക്കും എത്തിച്ചേരുന്നതിനും ആസ്വദിക്കുന്നതിനും പങ്കെടുക്കുന്നതിനുമായാണ് മക്കയുടെ വിവിധ പ്രദേശങ്ങളിലായി പരിപാടിൾക്ക് അരങ്ങൊരുക്കുന്നതെന്ന് ഔദ്യോഗീക വ്യക്താവ് ഒസാമ അൽ സെയ്തൂനി പറഞ്ഞു.
ജിദ്ദ മുനിസിപ്പാലിറ്റി നാളെ (വെള്ളി) മുതൽ ദേശീയ ദിനം ആഘോഷിക്കാൻ വിവിധ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. പ്രധാന തെരുവുകളും ചത്വരങ്ങളും നഗര വീഥികളും ദേശീയ പതാകകളാൽ അലങ്കരിക്കും. പ്രിൻസ് മജീദ് പാർക്കിൽ, കുട്ടികൾക്കും കുടുംബങ്ങൾക്കും സന്തോഷം നൽകുന്ന പാവ ഷോകൾക്ക് പുറമേ കുട്ടികളുടെ തിയേറ്റർ, സമ്മാനങ്ങൾ, കുട്ടികളുടെ ഡ്രോയിങ് കോർണർ എന്നിവ ഉൾപ്പെടെ കുട്ടികൾക്കായി നാടൻ കലാ പ്രദർശനങ്ങളും മത്സരങ്ങളും ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
ദേശീയ വികാരം ഉണർത്തുന്ന രണ്ടു ദിവസത്തെ പരിപാടികൾക്കാണ് കിങ് അബ്ദുൽ അസീസ് കൾച്ചറൽ സെന്റർ സാക്ഷ്യം വഹിക്കുന്നത്. അൽ സരിയ സ്‌ക്വയറിലെ കവാടത്തിൽ ശനിയാഴ്ച മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചരിത്രവും വികസനവും പ്രതിഫലിപ്പിക്കുന്ന പ്രത്യേക 3 ഡി ഷോകളാണ് നടത്തുന്നത്. രാജ്യത്തെമ്പാടും, നിരവധി നഗര ചതുരങ്ങൾ സൗദി പതാകയുടെ ഹരിത നിറങ്ങളിൽ പ്രകാശിക്കും.
ലൈറ്റ് ഷോകൾ ഇന്ന് (വ്യാഴം) മുതൽ അഞ്ച് ദിവസത്തേക്ക് തുടരും, പ്രധാന റോഡ് സ്‌ക്രീനുകളിൽ ദേശീയ ദിന മുദ്രാവാക്യങ്ങളും അഭിനന്ദന സന്ദേശങ്ങളും പ്രദർശിപ്പിക്കുകയും നഗരത്തിന് ഉത്സവാന്തരീക്ഷം നൽകി ദേശീയ ദിനം ആഘോഷിക്കാൻ സന്ദർശകരെയും പൗരന്മാരെയും ആകർഷിക്കുകയും ചെയ്യും.