ADVERTISEMENT

മനാമ ∙ സുഗുണന്റെ ചായക്കടയിൽ പലഹാരം കൊടുക്കാൻ മുടി പിന്നിക്കെട്ടിയ പാവാടക്കാരി, തൊട്ടടുത്ത അച്ചായന്റെ മീൻകറി കിട്ടുന്ന നാടൻ ഹോട്ടലിൽ കപ്പ വിളമ്പാൻ ചട്ടയും മുണ്ടുമുടുത്ത അച്ചായത്തിയും അച്ചായനും. അടുത്ത  കവലയിലെ ആൽത്തറയിൽ കൈനോട്ടക്കാരും അതിനടുത്തായി 'അങ്കക്കുറി'യുടെയും 'അവളുടെ രാവുകളു'ടെയും സിനിമാപോസ്റ്ററും...

കടകളിൽ നിന്ന് ആകാശവാണിയുടെ ചലച്ചിത്രഗാനങ്ങളിലൂടെ ഒഴുകിയെത്തുന്നത് ഉല്ലാസപ്പൂത്തിരികൾ. ഈ കവലയിലേക്കാണ് ഹെലിക്കോപ്റ്ററിൽ ജയൻ എത്തുന്നത്. ഇതെല്ലാം കേരളത്തിലെ പഴയ കാല കാഴ്ചകൾ ആണ് എന്ന് കരുതിയിട്ടുണ്ടെങ്കിൽ തെറ്റി. ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവത്തോടനുബന്ധിച്ച് അംഗങ്ങൾ ഒരുക്കിയ 'എൺപതോളം' എന്ന പരിപാടിയിലാണ് 1980  കാലഘട്ടത്തെ അനുസ്മരിപ്പിച്ച് കൊണ്ടുള്ള ഇത്തരം വേറിട്ട ഒരു മെഗാ പരിപാടി അരങ്ങേറിയത്.

ആസ്വാദകരും ക്യാമറാമാനും എത്തിയത് എൺപതുകളുടെ വേഷത്തിൽ നേരത്തെ അറിയിച്ചതനുസരിച്ച് ഈ കാലഘട്ടം നേരിട്ട് ആസ്വദിക്കാൻ എത്തുന്ന കാണികളും കമ്മിറ്റി അംഗങ്ങളും അടക്കം പലരും ബെൽബോട്ടം പാന്റും പുള്ളിക്കുപ്പായങ്ങളും അണിഞ്ഞു വന്നപ്പോൾ അത് കേരളത്തിലെ ആ കാലഘട്ടത്തിന്റെ നേർ പരിച്ഛേദം തന്നെ ആയി മാറുകയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിലെ അംഗങ്ങളായ പല ഫൊട്ടോഗ്രഫർമാർ പോലും എൺപതുകളിലെ ക്യാമറ അടക്കം കയ്യിൽ കരുതിയാണ് പരിപാടിക്ക് എത്തിയത്.

1500 ഓളം പേർക്കിരിക്കാവുന്ന സമാജത്തിന്റെ ഹാൾ മുഴുവനും പരസ്പരം മനസ്സിലാക്കാൻ പോലും ആകാത്ത വിധത്തിലുള്ള വേഷപ്പകർച്ചയുമായി അംഗങ്ങൾ 80-ലെ ഭാവാദികളോടെ തന്നെ എത്തിച്ചേർന്നപ്പോൾ പുതുതലമുറയിൽ പെട്ട പലർക്കും അത് വേറിട്ട അനുഭവമായി. കൈയിൽ മർഫി റേഡിയോയും ഹിപ്പി തലമുടിയോടെ  നടക്കുന്ന ഗൾഫുകാരനും  ഇരുഭാഗത്തും പോക്കറ്റുകൾ തുന്നിച്ചേർത്ത ഷർട്ടും ധരിച്ച് കൈയിൽ ഗിറ്റാറുമായി നടന്ന ഹിപ്പിക്കാരനും കൂടെ കറുത്ത സാരിയിൽ വെളുത്ത പുള്ളികളുമായി ഇരുഭാഗവും പിന്നിക്കെട്ടിയ മുടിയുമായി കാമുകിമാരും അരങ്ങു തകർത്തപ്പോൾ എണ്ണ തേച്ചു പിടിപ്പിച്ച മുടി ചീകി ഒതുക്കിവച്ച് ഷർട്ടിന്റെ കോളറിന് മുകളിൽ ചുവന്ന കർച്ചീഫും കെട്ടിവച്ച വില്ലനും കാണികളിൽ കൗതുകം വിടർത്തിയിരുന്നു.

കൈനോട്ടക്കാരുടെ തത്തയെക്കൊണ്ട് ചീട്ടെടുപ്പിക്കാനും ഭാവി അറിയാനും കാണികളും ഒപ്പം ചേർന്നപ്പോൾ കാണികളും എൺപതുകളുടെ ആവേശം ആസ്വദിക്കുകയും പുതിയ തലമുറയ്ക്ക് അവരുടെ കാലഘട്ടത്തെ പരിചയപ്പെടുത്താനും മറന്നില്ല. മത്സരാടിസ്‌ഥാനത്തിൽ  ഗ്രൂപ്പുകൾക്കും വേഷ വിധാനങ്ങൾക്കും പ്രത്യേകം സമ്മാനങ്ങളും ഉണ്ടായിരുന്നു. 

∙ അഞ്ച് ഗ്രൂപ്പുകൾ 'എൺപതോള'ത്തിൽ അണിഞ്ഞൊരുങ്ങിയത് 500 ഓളം പേർ
ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവത്തോടനുബന്ധിച്ച് അമൃത വർഷിണി, ഹംസധ്വനി, ഹിന്ദോളം, മേഘമൽഹാർ, നീലാംബരി എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായിട്ടാണ് മത്സരം നടന്നിരുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും ചുരുങ്ങിയത് 75 പേരെങ്കിലും 80 കാലഘട്ടത്തിലേക്ക് മാറിയാണ് പരിപാടിയിൽ എത്തിയത്. ഓരോ ഗ്രൂപ്പിനും പ്രത്യേകം സ്‌ഥലം നൽകി ഫുഡ് സ്റ്റാൾ ഒരുക്കാനുള്ള സൗകര്യം ചെയ്തിരുന്നു. അവരുടെ ഗ്രൂപ്പുകളുടെ പേരോ അനുയോജ്യമായ പേരുകളോ ഇട്ടുകൊണ്ടാണ്ഓരോ ഗ്രൂപ്പുകളും തട്ടുകടകൾ ഒരുക്കിയത്. 

bahrain-keraliya-samajam-keralolsavam10
ചിത്രത്തിന് കടപ്പാട്: നന്ദകുമാർ, ഹെൽവിൻ ജോഷ്, വിജയകുമാർ, ശുഭപ്രഭ.
bahrain-keraliya-samajam-keralolsavam10
bahrain-keraliya-samajam-keralolsavam8
bahrain-keraliya-samajam-keralolsavam7
bahrain-keraliya-samajam-keralolsavam6

∙ ഷവർമയും ബർഗറും ഇല്ല;വിഭവങ്ങൾ  വിളമ്പിയതും 80 കളിലെ 
ഗൾഫ് നാടുകളിലെ ഷവർമയും പുതിയ രുചികളും ഒഴിവാക്കി ഓരോ തട്ടുകടകളിലും  ഭക്ഷണ വിഭവങ്ങൾക്ക് പോലും 80കളിലെ രുചിയാണ് നൽകിയത്. കള്ളു ഷാപ്പിലെ കപ്പപ്പുഴുക്ക്, ചമ്മന്തി, ചുട്ട പപ്പടം, കടകളിൽ നാരങ്ങാ മിഠായി തുടങ്ങിയ പല വിഭവങ്ങളും  മത്സരാർഥികൾ  വിളമ്പി.

ഈ തിരക്കുകൾക്കിടയിലേക്ക് വേദിയിൽ നിന്നും പറന്നെത്തിയ ഹെലികോപ്റ്ററിൽ  ജയൻ  'കോളിളക്കം 'സൃഷ്ടിച്ച്  പറന്നെത്തിയപ്പോൾ  സമാജം അംഗങ്ങൾ ഒരുക്കിയ ഫ്‌ളാഷ് മൊബിൽ കാണികളും പഴയ ഗാനങ്ങൾക്കൊപ്പം നൃത്തച്ചുവടുകൾ വച്ചതോടെയാണ് എൺപതോളത്തിനു സമാപനമായത്. പരിപാടി വിജയമാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ബഹ്‌റൈൻ കേരളീയസമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നന്ദി പറഞ്ഞു. ആഷ്‌ലി കുര്യന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് എൺപതോളത്തിന് ചുക്കാൻ പിടിച്ചത്.

English Summary:

Bahrain Keraliya Samajam Keralolsavam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com