ബസ് ഓഫ് ഗുഡ്നസ്: നോമ്പിന്റെ സുകൃതവുമായി തൊഴിലാളികളെ തേടിയെത്തുന്ന 'അക്ഷയപാത്രം'

Mail This Article
ദുബായ് ∙ റമസാന്റെ മഹത്വം മനുഷ്യസ്നേഹത്തിലൂടെയും കാരുണ്യ പ്രവർത്തനങ്ങളുടെയും എങ്ങും പ്രകടമാകുമ്പോൾ ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് സമൃദ്ധമായി ഇഫ്താർ വിതരണം ചെയ്യുകയാണ് ബസ് ഓഫ് ഗുഡ്നസ് എന്ന സംരംഭം. റമാസാനിലെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) 'നന്മ ബസ്' എന്ന പേരിലുള്ള പദ്ധതിയിലൂടെ ദിവസവും ആയിരക്കണക്കിന് തൊഴിലാളികൾകാണ് ആശ്വാസമേകുന്നത്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്നും വൈകിട്ട് തൊഴിലാളികളുടെ താമസ ഇടങ്ങളിലേക്ക് ഭക്ഷണവുമായി എത്തുന്ന ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
കഴിഞ്ഞ ദിവസം തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി. ദുബായ് തൊഴിൽക്കാര്യ സ്ഥിരം സമിതി ചെയർമാനും തഖ്ദീർ അവാർഡ് ചെയർമാനും ദുബായ് ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടറുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വർക് റെഗുലേഷൻ ഡയറക്ടർ ബ്രിഗേഡിർ ഉമ്മർ മത്വർ മസീന, കേണൽ ഖാലിദ് ഇസ്മായിൽ അടക്കമുള്ള തൊഴിൽ കാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന ഉന്നത തലവന്മാരാണ് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാനായി തൊഴിലാളികളുടെ താമസ ഇടങ്ങളിൽ എത്തിയത്.

ദുബായ് നഗരത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ റമസാനിൽ ചേർത്തു നിർത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. റമസാനിൽ ഒന്നര ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, മുഹൈസിന(സോണാപൂർ) തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

റമസാൻ നൽകലിന്റെയും സഹാനുഭൂതിയുടെയും യഥാർഥ അർഥം ഉൾക്കൊള്ളുന്നു. 'നന്മ ബസ്' സംരംഭത്തിലൂടെ സാമൂഹിക ഉത്തരവാദിത്ത മൂല്യങ്ങൾ ശക്തിപ്പെടുത്താനും ദുബായുടെ സമൃദ്ധിക്ക് സംഭാവന നൽകുന്ന തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണ നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അന്തരീക്ഷം വളർത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ദുബായ് ഇമിഗ്രേഷൻ അറിയിച്ചു.