വിദേശ വ്യവസായം: ഒന്നാമത് ഇന്ത്യൻ കമ്പനികൾ

Mail This Article
ദുബായ് ∙ വിദേശ വ്യവസായങ്ങളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ദുബായിൽ ഒന്നാം സ്ഥാനത്തെന്ന് ദുബായ് ചേംബേഴ്‌സ് ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി പറഞ്ഞു. ഇന്ത്യൻ വ്യവസായങ്ങൾക്കും സംരംഭകർക്കും ഏറ്റവും പ്രിയപ്പെട്ട വ്യാപാര, നിക്ഷേപ കേന്ദ്രമാണ് ദുബായ്.
2024-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ അംഗങ്ങളായവരിൽ കൂടുതലും ഇന്ത്യൻ കമ്പനികളാണ് – 16,623 എണ്ണം. ദുബായ് ചേംബേഴ്‌സ് ആസ്ഥാനത്ത് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായിയും ഇന്ത്യയുമായുള്ള ശക്തമായ ബന്ധം എല്ലാ വ്യവസായ മേഖലകളുടെയും വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. സാമ്പത്തിക ബന്ധത്തിന്റെ പ്രാധാന്യവും വ്യാപാരത്തിലും നിക്ഷേപത്തിലും ഉഭയകക്ഷി സഹകരണം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും സഞ്ജയ് സുധീറും ചർച്ച ചെയ്തു. ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്തയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
വ്യാപാര അവസരങ്ങൾ വികസിപ്പിക്കുക, ആഗോള വ്യാപാരത്തിന്റെ ഒഴുക്ക് സുഗമമാക്കുക, ചെലവ് കുറയ്ക്കുക, ലോജിസ്റ്റിക് സേവന സമയപരിധി കുറയ്ക്കുക, ചേംബറിൽ അംഗങ്ങളായ കമ്പനികൾക്ക് ലോക വിപണിയിൽ അവസരം നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച വേൾഡ് ലോജിസ്റ്റിക്സ് പാസ്‌പോർട്ട് സംരംഭത്തെക്കുറിച്ചും ചർച്ച ചെയ്തു.