വിദേശ നിക്ഷേപകർക്ക് സുവർണാവസരം; സൗദി അറേബ്യയിൽ സ്വന്തമായി വസ്തു വാങ്ങാം

Mail This Article
റിയാദ് ∙ വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ. പുതിയ ചട്ടങ്ങൾ ഉദാരമാക്കിയതോടെ സൗദിയിൽ ഇനി മുതൽ നിക്ഷേപകരായ വിദേശികൾക്കും വസ്തു സ്വന്തമായി വാങ്ങുന്നതിന് സാധ്യമാകും.
ഭൂമി വിലകൊടുത്തു വാങ്ങി സ്വന്തമാക്കുന്നതിനും വസ്തുകച്ചവടത്തിൽ ഇടപെടുന്നതിനും വിദേശികൾക്ക് അവസരം നൽകുന്നതോടൊപ്പം ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. മക്ക, മദീന പുണ്യനഗര അതിർത്തിക്ക് പുറത്ത് രാജ്യത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസിൽ വിദേശികൾക്ക് നിക്ഷേപം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത്. ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനായി അനുമതി നൽകുന്ന പുതിയ അനുകൂല ചട്ടങ്ങൾ സൗദി അറേബ്യയിൽ നിക്ഷേപകരായെത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകും. വിദേശ നിക്ഷേപകർക്ക് സൗദിയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ അവസരം ഒരുക്കുകയാണ് നിക്ഷേപ മന്ത്രാലയം.
എന്നാൽ വസ്തു സമ്പാദനത്തിന്റെ ലക്ഷ്യം ലാഭം പ്രതീക്ഷിച്ചുള്ള ഊഹക്കച്ചവടം ആവാൻ പാടില്ലെന്ന് മാർഗനിർദേശം നൽകുന്നുണ്ട്. അതായത് വിലയിലെ ഏറ്റക്കുറച്ചലുകളിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
നിക്ഷേപകന്റെ സ്വകാര്യ വസതികൾ, വ്യാവസായിക സൗകര്യങ്ങൾ, വ്യാവസായിക ആസ്ഥാനം, ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, വെയർഹൗസുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി വസ്തു മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വാങ്ങാനാവും. കൂടാതെ, ഈ സേവനത്തിന് സാമ്പത്തിക ഫീസ് ഇല്ല. മന്ത്രാലയത്തിന്റെ ഇ-സർവീസസ് പോർട്ടൽ വഴിയാണ് ഇത് നൽകുന്നത്, അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അംഗീകാരം ലഭിക്കും.
∙ നിക്ഷേപം എന്ന നിലയിൽരേഖകൾ സമർപ്പിക്കുന്നതിനുള്ള ആവശ്യകതകൾ, താൽപ്പര്യമുള്ള സ്ഥാപനങ്ങൾ സമർപ്പിക്കേണ്ടത് ഇവയാണ്:
മുനിസിപ്പാലിറ്റിയുടെ കെട്ടിട പെർമിറ്റിന്റെ പകർപ്പ്, മുനിസിപ്പാലിറ്റിയിൽ നിന്നുള്ള അംഗീകാര കത്ത്, അല്ലെങ്കിൽ ഒരു ഔദ്യോഗിക അധികാരി നൽകുന്ന ഭൂമിയുടെ ഉദ്ദേശിച്ച ഉപയോഗം സൂചിപ്പിക്കുന്ന ഒരു പ്രസ്താവന. വസ്തു ആധാരത്തിന്റെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടിവരും.
ഒരു റിയൽ എസ്റ്റേറ്റ് പ്രോജക്റ്റ് നടപ്പിലാക്കാനോ വിൽക്കാനോ ആഗ്രഹിക്കുന്ന റിയൽ എസ്റ്റേറ്റ് വികസന കമ്പനികൾ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ അംഗീകാരമുള്ള ഒരു എഞ്ചിനീയറിങ് ഓഫീസിൽ നിന്നുള്ള മൊത്തം പ്രോജക്ട് ചെലവ് വിശദമാക്കുന്ന ഒരു റിപ്പോർട്ട് സമർപ്പിക്കണം,
ഭൂമിക്കും നിർമാണത്തിനുമായി പദ്ധതി ചെലവ് മൂന്ന് കോടി റിയാൽ കുറയാത്തതായിരിക്കണം എന്നതും നിർദേശങ്ങളിൽപെടും. അഞ്ച് വർഷത്തിനുള്ളിൽ വസ്തു പദ്ധതിവികസനത്തിനായി ഉപയോഗപ്പെടുത്തേണ്ടതുമാണ്.