സാജു ജോസഫ് 2020-22 വർഷത്തെ ഫോമ പിആർഒ
Mail This Article
ന്യൂയോർക്ക് ∙ ബുധനാഴ്ച നടന്ന ഫോമ നാഷനൽ കമ്മിറ്റി യോഗം 2020-22 വർഷത്തെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി സാജു ജോസഫിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഏകാഭിപ്രായത്തെ തുടർന്നാണ് നാഷനൽ കമ്മിറ്റി സാജുവിനെ തിരഞ്ഞെടുത്തത്. 2016 -18 ലെ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ടീമിൽ വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷനൽ കമ്മിറ്റി മെമ്പർ ആയും ഇക്കഴിഞ്ഞ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി ആയും സാജു ഫോമായിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.
കഴിഞ്ഞ നാലുവർഷം സാജുവിന്റെ കർമ്മനിരതമായ പ്രവർത്തനം ഫോമയ്ക്ക് ഒരു മുതൽകൂട്ടായിരുന്നുവെന്ന് പ്രസിഡന്റ് അനിയൻ ജോർജ്ജ് അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധികാലത്ത് ഫോമായുടെ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ട് പോകാൻ സാജു എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷനൽ കമ്മിറ്റിയുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളും സേവനങ്ങളും അമേരിക്കൻ മലയാളികൾക്ക് അറിയാവുന്നതാണ്.
ഇന്ത്യയിലേക്ക് പോകാൻ ബുദ്ധിമുട്ടിയ നിരവധി യാത്രക്കാർക്ക് യാത്രാ സൗകര്യങ്ങളും വീസ സൗകര്യങ്ങളും ലഭ്യമാക്കുവാൻ സാജു കഠിനമായി യത്നിച്ചിരുന്നു. മുൻ ഫോമാ ജനറൽ സെക്രട്ടറി ജോസ് അബ്രാഹവും ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണനും ആയി ചേർന്ന് പ്രവാസികാര്യ മന്ത്രി മുരളീധരനും, എംപി സുരേഷ് ഗോപിയും ആയി നിരന്തരം ബന്ധപ്പെട്ട് ഒട്ടേറേ ആൾക്കാർക്ക് യാത്രാ സൗകര്യങ്ങൾ ഏർപ്പാടാക്കി.
കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി വർഷങ്ങളായുള്ള സ്‌നേഹബന്ധം ഇക്ാര്യം സുഗമമാക്കി. നിരവധി ഗർഭിണികൾക്കും ജോലി നഷ്ടപ്പെട്ടവർക്കും വിദ്യാർഥികൾക്കും യാത്ര സാധ്യമായി. പല അടിയന്തിരഘട്ടങ്ങളിലും സാൻഫ്രാൻസിസ്കോ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പലർക്കും വീസ പ്രശ്നങ്ങൾ പരിഹരിക്കാൻ സാജുവിന് സാധിച്ചിട്ടുണ്ട്.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഏവർക്കും സുപരിചതനായ സാമൂഹ്യ പ്രവർത്തകനും 2013 -2015 ലെ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക)യുടെ പ്രസിഡന്റും ഇപ്പോൾ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാനും ഫോമാ യുടെ അംഗ സംഘടനയായ ബേമലയാളി യുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് സാജു.
ഇനിയും എക്സ്ക്യൂട്ടീവ് കമ്മിറ്റിയും നാഷനൽ കമ്മിറ്റിയുമായി ചേർന്ന് ഫോമായുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുവാൻ പരമാവധി ശ്രമിക്കുമെന്നും സാജു ഉറപ്പുനൽകി. ആത്മാർഥമായ ലാളിത്യം നിറഞ്ഞ സാജുവിന്റെ പ്രവർത്തനരീതി ഫോമായ്ക്കു കരുത്തേകുമെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷനൽ കമ്മിറ്റിയും ആശംസകളും പൂർണ്ണ സഹകരണവും അറിയിച്ചു.