ADVERTISEMENT

ഹൂസ്റ്റൺ  ∙ 'എന്റെ കൂട്ടുകാരൻ കുഞ്ഞൂഞ്ഞ്' അമേരിക്കയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന  മാർത്തോമ്മാ സഭയുടെ ജോസഫ് മാർ  ബർണബാസ്  സഫ്രഗൻ മെത്രാപ്പൊലീത്ത ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു 

 

rev-joseph-mar-barnabas-remembers-oommen-chandy1

ഏഴ് ദശാബ്ദങ്ങളിൽ നിറഞ്ഞൊഴുകിയ സ്നേഹം അതാണ് എനിക്ക് പ്രിയ കുഞ്ഞൂഞ്ഞ്. ബലജനസഖ്യത്തിൻ ജന്മം കൊണ്ട ആ സ്നേഹ നദി പിന്നീട് മലയാളക്കരയാകെ നനയ്ക്കുന്ന കരുതലിന്റെയും വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും അദ്ഭുത പ്രവാഹമായി ഒഴുകിയപ്പോഴും കുഞ്ഞൂഞ്ഞിന്റെ ഹ്യദയത്തിൽ ഒരിടം എനിക്കായി എപ്പോഴും ഒഴിച്ചിട്ടിരുന്നു. ഏതു തിരക്കിന്റെയും ഏത് ആനന്ദത്തിന്റെയും ഏതു നൊമ്പരത്തിന്റെയും ഏതു പദവിയുടെയും മുഹൂർത്തങ്ങളിലും ആ ഇടത്തിൽ നിറഞ്ഞ സന്തോഷത്തോടെ ഒരു ഇരിപ്പിടം എനിക്ക് ഒരുക്കിയിട്ടിരുന്നു.

 

എല്ലാവർക്കും തങ്ങളുടെ ഭാരങ്ങളുടെ ഭാണ്ഡങ്ങൾ അഴിച്ചു വയ്ക്കാവുന്ന പുതുപ്പള്ളി പള്ളിയുടെ  നടുമുറ്റത്ത് വളർന്നതു കൊണ്ടാവും കുഞ്ഞൂഞ്ഞിന്റെ ജീവിതവും ഒരു ദേവാലയം പോലെ ജനങ്ങളുടെ നൊമ്പരങ്ങൾ ഉയരുന്ന നിവേദനത്തിന്റെ  പ്രാർത്ഥനകൾ ഉണരുന്ന ഒരു തിരുസന്നിധി പോലെ നിറഞ്ഞുനിന്നത്. ദേശത്തിന്റെയും ജനതയുടെയും സങ്കടങ്ങൾ ഭക്ഷിച്ചും കണ്ണുനീരിനെ തെളിനീർ ഉറവയായി പാനം ചെയ്തും തന്റെ ദാഹവും വിശപ്പുമെല്ലാം പരിഹരിച്ചു. തന്റെ സ്വകാര്യ കാര്യങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയാത്തത് മാത്രമേ കുഞ്ഞൂഞ്ഞിന് എന്നും അസാധ്യമായി ഉണ്ടായിരുന്നുള്ളു.  ആ ചരിത്രം രോഗകാര്യത്തിലും മാറ്റം പാലിച്ചു കൊണ്ടാണ്  കുഞ്ഞൂഞ്ഞ് യാത്രയാകുന്നത്.

 

പുരുഷാരത്തിന്റെ മധ്യത്തിലെ നിൽപ്പിലും, കല്ലേറിനു മുൻപിലെ പുഞ്ചിരിയിലും, 'ഇപ്പോൾ ക്രൂശിക്ക' എന്ന ആരവങ്ങളുടെ മധ്യത്തിലെ മന്ദഹാസത്തിലും , 'കൂട്ടുവാൻ വല്ലതും ഉണ്ടോ' എന്ന ചോദ്യം മുഴക്കിയ ജനസമ്പർക്ക യാത്രയിലും എല്ലാം കുഞ്ഞൂഞ്ഞ് പലപോഴും എന്നെ യേശുവിനെ ഓർമിപ്പിച്ചിട്ടുണ്ട്. 

 

കുഞ്ഞൂഞ്ഞ് പോകുമ്പോൾ ഹ്യദയത്തിന്റെ കോണിൽ എവിടെയോ ഒരു ചെറിയ നീറ്റൽ അനുഭവപ്പെടുന്നുണ്ട് അത് കേരളക്കരയുടെ ഹൃദയത്തിൽ വീണ ശൂന്യതയുടെ നോവാണ്. ആ ശൂന്യതയെ നാം എന്നും ഉമ്മൻ ചാണ്ടീ ....എന്ന് നീട്ടി വിളിക്കും.  

 

ദാനിയേൽ പ്രവാചകൻ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു "ആകയാൽ ബുദ്ധിമാൻമാർ ആകാശ മണ്ഢലത്തിലെ പ്രഭ പോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെ പോലെയും എന്നും എന്നേക്കും ശോഭിക്കും". കേരളം കൺകുളിർക്കെ കണ്ട ആ നക്ഷത്രം ആകാശ മണ്ഡലത്തിൽ പ്രഭ ചൊരിയുന്ന നക്ഷത്രമായിരിക്കുന്നു. കുഞ്ഞൂഞ്ഞ് കൂടുതൽ ജനകീയനായിരിക്കുന്നു ... തല ഉയർത്തി ആകാശത്തിലേക്ക് നോക്കുന്ന ആർക്കും കാണാവുന്ന ഒരു നക്ഷത്രത്തോളം

 

വിശ്രമിക്കാൻ പറയുന്നില്ല കുഞ്ഞൂഞ്ഞേ ... പ്രകാശിച്ചു കൊണ്ടിരിക്ക സ്മൃതിയിലും ... മൃതിയിലും .

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com