ഇരട്ടി ഭംഗി തോന്നിപ്പിക്കുന്ന മാജിക്! ഇത് ഹൃദയം കീഴടക്കുന്ന വീട്

Mail This Article
മലപ്പുറം ജില്ലയിലെ പട്ടിക്കാടാണ് നാട്ടിൽ ട്രാവൽ ബിസിനസ് ചെയ്യുന്ന റിയാസിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പലതട്ടുകളായി കിടന്ന 60 സെന്റ് കുടുംബവസ്തുവിലാണ് വീട് പണിതത്.

കൊളോണിയൽ+ ട്രോപ്പിക്കൽ ശൈലിയുടെ അഴകും ഗുണങ്ങളും എലിവേഷനിൽ സമ്മേളിക്കുന്നു. ആദ്യകാഴ്ചയിൽ തന്നെ ഉള്ളതിലും വലുപ്പവും പ്രൗഢിയും തോന്നിപ്പിക്കാൻ ഇത് ഉപകരിക്കുന്നു. പ്ലോട്ടിന്റെ രണ്ടുവശത്തുകൂടെയും റോഡുണ്ട്. അതിനാൽ മുന്നിൽനിന്നും വശത്തുനിന്നും വ്യത്യസ്ത രൂപഭംഗി വീടിനുലഭിക്കുന്നുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 4840 ചതുരശ്രയടിയാണ് വിസ്തീർണം.

മേൽക്കൂര ചരിച്ചുവാർത്ത് ഷിംഗിൾസ് വിരിച്ചു. കൊളോണിയൽ ശൈലിയുടെ സിഗ്നേച്ചറായ ഡോർമർ വിൻഡോസും മേൽക്കൂരയിൽ ഹാജരുണ്ട്. ഡിറ്റാച്ഡ് ആയി ഒരുക്കിയ പോർച്ചും വീടിന്റെ മിനിയേച്ചർ പതിപ്പാണ്.

ഡ്രൈവ് വേ താന്തൂർ സ്‌റ്റോണും ഗ്രാസും ഇടകലർത്തി ഒരുക്കി. പലതട്ടുകളായി നിലനിർത്തിയ ലാൻഡ്സ്കേപ്പിൽ ചെടികളും മരങ്ങളും ഭംഗിനിറയ്ക്കുന്നു. സിറ്റൗട്ടിന്റെ പിന്നിലും ഒരു ഓപ്പൺ കോർട്യാർഡുണ്ട്. ഇവിടെ പെബിൾസ് വിരിച്ചു ഭംഗിയാക്കി. ഇവിടെ മഴ പെയ്യുന്നത് കണ്ടിരിക്കാൻ പ്രത്യേക രസമാണെന്ന് വീട്ടുകാർ പറയുന്നു.

ഡബിൾ ഹൈറ്റ് സ്‌പേസുകളുടെ സാന്നിധ്യമാണ് അകത്തളങ്ങൾ വിശാലമാക്കുന്നത്. ഫോർമൽ ലിവിങ്, ഡൈനിങ്, കോർട്യാർഡ് എന്നിവ ഡബിൾഹൈറ്റിലാണ്. വിട്രിഫൈഡ് ടൈലാണ് കോമൺ ഏരിയകളിൽ കൂടുതൽ. ഫോർമൽ ലിവിങ്, കിടപ്പുമുറികൾ എന്നിവിടങ്ങളിൽ വുഡൻ ഫ്ളോറിങ്ങും ഹൈലൈറ്റാണ്. ഫർണിച്ചറുകൾ കൂടുതലും ഇന്റീരിയർ തീമനുസരിച്ച് കസ്റ്റമൈസ് ചെയ്തു.

ഫാമിലി ലിവിങ്- ഡൈനിങ്- കോർട്യാർഡ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഡൈനിങ്ങിൽനിന്ന് കോർട്യാർഡിന്റെ ഭംഗി ആസ്വദിക്കാം. ഡബിൾഹൈറ്റ് കോർട്യാർഡിന്റെ സീലിങ്ങിലും ചുവരുകളിലും മെറ്റൽ സിഎൻസി ജാളികളുണ്ട്. സീലിങ്ങിൽ ഗ്ലാസ് വിരിച്ചു. ഇതുവഴി വെളിച്ചം സമൃദ്ധമായി ഉള്ളിലെത്തുന്നു. ഇൻഡോർ ചെടികളും ഇവിടം ഹരിതാഭമാക്കുന്നു.

മെറ്റൽ സ്ട്രക്ചറിൽ തടി പൊതിഞ്ഞാണ് സ്‌റ്റെയർ. സ്ക്വയർ ട്യൂബിലാണ് കൈവരികൾ.

സ്‌റ്റെയറിന്റെ താഴെയായി ഫാമിലി ലിവിങ് വേർതിരിച്ചു.

സ്‌റ്റെയർ കയറിയെത്തുമ്പോൾ മനോഹരമായി അപ്പർ ലിവിങ് സ്‌പേസും വേർതിരിച്ചു.

ഒരു റിസോർട് ഫീൽ ലഭിക്കുംവിധം വിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വോക്-ഇൻ വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, വർക്കിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെയുണ്ട്.

വിശാലമാണ് കിച്ചൻ. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ടൈൽ വിരിച്ചു. ഇവിടെ അത്യാവശ്യം വലുപ്പമുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുണ്ട്. അനുബന്ധമായി ഒരുക്കിയ വർക്കേരിയയിലും മിനി ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുണ്ട്.

ചുരുക്കത്തിൽ പുറമെനിന്നുനോക്കിയാൽ 4840 ചതുരശ്രയടിയുടെ ഇരട്ടി തോന്നിക്കും എന്നതാണ് ഈ വീടിന്റെ പ്രധാനഹൈലൈറ്റ്.

Project facts

Location- Pattikad, Nilambur
Plot- 66 cent
Area- 4840 Sq.ft
Owner- Riyas
Design- Shameer Babu
Shameer Associates
Mob- 75106 00504
Y.C- Sep 2022
ചിത്രങ്ങൾ- അഖിൽ കൊമാച്ചി
English Summary- Colonial Fusion House with Elegant Interiors- Veedu Magazine Malayalam