നിറയെ സ്നേഹം: അച്ഛനും അമ്മയ്ക്കും വേണ്ടി ആർക്കിടെക്ടായ മകൻ ഒരുക്കിയ വീട്: വിഡിയോ
Mail This Article
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം മാതാപിതാക്കൾക്കായി നിർമിച്ച വീടിന്റെ കഥയാണിത്. മലപ്പുറം തിരൂരിൽ, വിരമിച്ച അധ്യാപകരായ രമേശൻ-രത്ന ദമ്പതികൾക്ക്, മകൻ രോഹിത് നിർമിച്ചു കൊടുത്ത സ്വപ്നവീടിന് പ്രത്യേകതകളേറെയുണ്ട്.

പുറമെ പഴമയുടെ രൂപഭാവവും ഉള്ളിൽ പുതിയകാല സൗകര്യങ്ങളുമുള്ള വീടാണിത്. കേരളത്തനിമയ്ക്കായി പ്രധാന ഗെയ്റ്റിനൊപ്പം പടിപ്പുരയുമുണ്ട്. പഴമ തോന്നാനായി പഴയ ഓടാണ് മേൽക്കൂരയിൽ ഉപയോഗിച്ചിരിക്കുന്നത്. സീലിങ് രണ്ടുരീതിയിലാണ് ചെയ്തിരിക്കുന്നത്. ഒരുഭാഗം ട്രസ് ചെയ്ത് ഓടുവിരിച്ചശേഷം താഴെ സീലിങ്ങ് ഓട് വിരിച്ചു. വീടിന്റെ കുറച്ച് ഭാഗം എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിലും ചെയ്തിരിക്കുന്നു.

ഓപ്പൺ പ്ലാനിലാണ് വീടിന്റെ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, താഴെ രണ്ടു കിടപ്പുമുറി, മുകളിൽ ഒരുകിടപ്പുമുറി, മൾട്ടിപർപസ് റൂം എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. രണ്ടു സോണുകളായിട്ടാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. ഒരുഭാഗത്ത് കിടപ്പുമുറികളുള്ള ഇടവും മറുഭാഗത്ത് പഴമയും പുതുമയും ഒത്തുചേർന്ന പൂമുഖവും വിന്യസിച്ചു.

ഗൃഹനാഥൻ 30 വർഷംമുൻപ് നട്ട തേക്ക് ഉപയോഗിച്ചാണ് പ്രധാനവാതിലും ഉള്ളിലെ ചില തടിപ്പടികളും ചെയ്തത്. കോമൺ ഏരിയ മുഴുവൻ കോട്ടസ്റ്റോണാണ് വിരിച്ചത്.

റീയൂസ് ചെയ്ത ഫർണിച്ചറുകളാണ് ഉള്ളിൽ ഉപയോഗിച്ചത്. ലിവിങ്ങിൽ തെങ്ങിൻ തടിയിൽ തീർത്ത ഫർണിച്ചറിനൊപ്പം പഴയ വീടുകളിലെ തടിപ്പെട്ടി ടീപ്പോയാക്കി മാറ്റിയിരിക്കുന്നു.

വീട്ടിലെ ഏറ്റവും മനോഹരമായ ഇടം പച്ചപ്പ് നിറച്ച കോർട്യാർഡാണ്. തണലേകാൻ മാവും ഒപ്പം ചെറിയ വാട്ടർബോഡിയും ബുദ്ധപ്രതിമയും ഇവിടെ സ്ഥാപിച്ചു.

കയ്യൊതുക്കത്തിലുള്ള ചെറിയ കിച്ചൻ ഒരുക്കി. മൾട്ടിവുഡിലാണ് കബോർഡുകൾ. കൗണ്ടർ ടോപ്പ് ഗ്രാനൈറ്റിലാണ്.

ആഗ്രഹിച്ചപോലെ പ്രകൃതിയെ തൊട്ടറിഞ്ഞും പച്ചപ്പും നിശബ്ദതയും ആസ്വദിച്ചും വിശ്രമജീവിതം ആസ്വദിക്കുകയാണ് ദമ്പതികൾ.

വീടിന്റെ ഭംഗി ആസ്വദിക്കാൻ തുടക്കത്തിൽ നൽകിയിരിക്കുന്ന വിഡിയോ കാണുമല്ലോ...
***
Follow us on
www.youtube.com/@manoramaveedu
www.facebook.com/ManoramaVeedu
www.instagram.com/manoramaveedu
Project facts
Location- Tirur
Owner- Ramesh & Rathnam
Area- 2300 sq.ft
Architect -Rohit Roy