ചുറ്റും പച്ചപ്പ്; പ്രകൃതിഭംഗി ആസ്വദിക്കാൻ ഒരുക്കിയ പ്രവാസിവീട്

Mail This Article
വയനാട് മാനന്തവാടിയിൽ ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
ഞങ്ങൾ പ്രവാസികളാണ്. പക്ഷേ നാട് വളരെ പ്രിയപ്പെട്ടതാണ്. നാട്ടിൽ തിരികെയെത്തുമ്പോൾ താമസിക്കാൻ ഒരു വീട്. കൂടുതൽ കാര്യങ്ങൾ ഒന്നുംവേണ്ട, തീരെ കുറഞ്ഞുപോവുകയുമരുത്. ഇതായിരുന്നു ഞങ്ങളുടെ ആവശ്യം. ഭർത്താവ് മലയാളിയല്ല. അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വീടൊരുക്കിയത്. ദൂരെനിന്ന് വീടുകാണാം എന്നതാണ് ഞങ്ങൾക്കിഷ്ടമുള്ള മറ്റൊരു കാര്യം. നാട്ടിലെത്തി ടൗണിലൊന്ന് കറങ്ങി തിരിച്ചുവരുമ്പോൾ ദൂരെ പച്ചപ്പിനിടയിൽ ഞങ്ങളുടെ വീട് നിൽക്കുന്ന കാഴ്ച സുന്ദരമായ ഒരനുഭൂതിയാണ്.

പലതട്ടുകളായി കിടക്കുന്ന ഭൂമി നികത്താതെ ആർക്കിടെക്ടും സംഘവും വീട് നിർമിച്ചു. താഴെയുള്ള ഭാഗം മുറ്റവും പാർക്കിങ് സ്‌പേസുമാക്കി. മുകളിൽ ഇടങ്ങൾ വിന്യസിച്ചു. ദൂരെനിന്ന് വീട് കാണാൻസാധിക്കുംപോലെതന്നെ വീടിന്റെ മുകൾനിലയിൽ നിന്നാൽ ചുറ്റുമുള്ള പ്രകൃതിഭംഗി നന്നായി ആസ്വദിക്കാം. സമകാലിക ബോക്സ് ആകൃതി വരുമ്പോഴും മഴയും വെയിലും പ്രതിരോധിക്കാനുള്ള റെയിൻ ഷെയ്ഡുകൾ ചുറ്റും നൽകിയിട്ടുണ്ട്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് ഏകദേശം 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഓപൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. അതിനാൽ നല്ല വിശാലത അനുഭവപ്പെടും. വശത്തായി നീളത്തിൽ ഗ്രീൻ കോർട്യാർഡ് ഒരുക്കി. മുഴുനീള ഗ്ലാസ് വിൻഡോ വഴി ഇതിന്റെ ഭംഗിയാസ്വദിക്കാം. ഇൻഡോർ പ്ലാന്റ്സ് ഇവിടെ ഹരിതാഭ നിറയ്ക്കുന്നു. വശത്തെ ഭിത്തിയിൽ ബ്രിക്സ് ജാളി ഹാജരുണ്ട്.

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളുണ്ട്. സ്ഥിരതാമസം ഇല്ലാത്തതിനാൽ മിനിമൽ ഫർണിഷിങ് മാത്രമാണ് ചെയ്തത്. ചുറ്റുമുള്ള പ്രകൃതിയുടെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന ധാരാളം ജാലകങ്ങൾ കിടപ്പുമുറികളിൽ നൽകി.

ഡൈനിങ്- കിച്ചൻ ഇതുപോലെ ഓപൺ പ്ലാനിലാണ്. ഡൈനിങ് ടേബിൾ ടോപ്പും സമീപമുള്ള കിച്ചൻ കൗണ്ടറും ഒരേ മെറ്റീരിയൽ ഉപയോഗിച്ചു.
പ്ലോട്ടിന്റെ തട്ടുകളായുള്ള കിടപ്പുകാരണം തുടക്കത്തിൽ ഇവിടെ നല്ല ഒരു വീട് സാധ്യമാകുമോ എന്നാശങ്കയുണ്ടായിരുന്നു. പിന്നീട് കൃത്യമായ പ്ലാനിങ്ങിലൂടെ ആർക്കിടെക്ട് ടീം അത് മാറ്റിത്തന്നു. ചുരുക്കത്തിൽ ഞങ്ങൾ മനസ്സിൽ കണ്ടതിലും സുന്ദരമായ ഒരു വീട് ലഭിച്ചതിൽ ഡബിൾഹാപ്പി.
Project facts
Location- Mananthavady, Wayanad
Area- 3000 Sq.ft
Owner- Paras, Athira
Architect- Rakesh Kakkoth
Studio Acis, Kochi