ഇത് കുറച്ചു കടന്നുപോയി; 7.5 കോടി രൂപ വിലയുള്ള ബാത്റൂം!

Mail This Article
ഒരു ബാത്റൂമിനായി മാത്രം ചെലവിട്ടത് 1 മില്യൺ ഡോളർ! എന്നുവച്ചാൽ ഏകദേശം 7.5 കോടി രൂപ. മയാമിയിൽ ആഡംബരത്തിന് പേരുകേട്ട ഫിഷർ ഐലൻഡിലെ ഒരു സൗധത്തിന്റെ ഏറ്റവും മുകൾനിലയിലുള്ള 190 കോടി വിലമതിക്കുന്ന പെന്റ്ഹൗസിന്റെ ഭാഗമാണ് ഈ ബാത്റൂം.
65 അടി നീളമാണ് ബാത്റൂമിന് ഉള്ളത്. മുന്തിയ ഗോൾഡ് മാർബിളിലാണ് ബാത്റൂം പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്. വെറ്റ് ബാർ, ടോയ്‌ലറ്റ്, ജെറ്റഡ് ടബ്, വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള ഇടം, കടലിന്റെയും നഗരത്തിന്റെയും കാഴ്ചകൾ കാണാനാവുന്ന വിധത്തിൽ ഫ്രോസ്റ്റഡ് ഗ്ലാസിൽ നിർമ്മിച്ച വോക് ഇൻ റെയിൻ ഷവർ എന്നിങ്ങനെ പല വിഭാഗങ്ങളാണ് ബാത്റൂമിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.

മാർബിൾ ഉപയോഗിച്ച് നിർമ്മിച്ച ധാരാളം ഷെൽഫുകൾ, സിങ്ക് ഏരിയ, മേക്കപ്പ് ഏരിയ എന്നിവയും ഈ ബാത്റൂമിലുണ്ട്. യൂട്യൂബറായ ജയ്സൺ മറ്റൂക്കിന്റെ വീഡിയോയിലൂടെയാണ് ബാത്റൂമിന്റെ ആഡംബര കാഴ്ചകൾ പുറത്തുവന്നിരിക്കുന്നത്. ഫ്ലോറിങ്ങിലും ഭിത്തിയിലും ടബ്ബിലും എല്ലാം ഇത്രത്തോളം ഫിനിഷിംഗുള്ള മറ്റൊരു ബാത്റൂം താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് മറ്റൂക് പറയുന്നു.

ബാത്റൂം അവസാനിക്കുന്ന ഭാഗത്ത് സ്റ്റീം റൂം, എൽഇഡി ലൈറ്റ് -സ്പീക്കർ എന്നിവ ഘടിപ്പിച്ച സോന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 9200 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. ഇതിനുപുറമേ 6000 ചതുരശ്ര അടിയുള്ള ടെറസ്സ് സ്പേസും ഉണ്ട് . മൂന്നു നിലകളിലായി നിർമിച്ചിട്ടുള്ള പെന്റ്ഹൗസിൽ ആറ് കിടപ്പുമുറികളാണുള്ളത്. മൂവി തിയേറ്റർ, ബാർ , രണ്ട് സ്വകാര്യ എലവേറ്ററുകൾ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ആഡംബര സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 2014 ൽ നിർമ്മാണം ആരംഭിച്ച പെന്റ് ഹൗസ് 2017 ലാണ് ആദ്യം വിപണിയിലെത്തിയത്. 291 കോടി രൂപയാണ് അന്ന് വിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതുവരെയും വീടിന് പുതിയ ഉടമസ്ഥരെ കണ്ടെത്താനായിട്ടില്ല.
English Summary- 7 Crore Worth Single Bathroom; Interior Design News