ഒന്നും നിസ്സാരമെന്ന് കരുതി അവഗണിക്കരുത്; അതിന്റെ ഫലങ്ങൾ വലുതാണ്; അനുഭവം
![185321544 185321544](https://img-mm.manoramaonline.com/content/dam/mm/mo/homestyle/nest/images/2022/12/27/house-experience.jpg?w=1120&h=583)
Mail This Article
ഒന്നുരണ്ടു വർഷം മുൻപ് ഇതുപോലൊരു തണുപ്പുകാലത്ത് അബുദാബിയിലെ ഒരു ചായക്കടയിലിരുന്ന് ഓരോ സുലൈമാനി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുഹൃത്ത് ഇസ്മയിൽ തന്റെ അമ്മാവനെക്കുറിച്ചു പറയുന്നത്. അമ്മാവൻ ആളൊരു സംഭവമാണ്, ഒരു സംഭവമല്ല, ഒന്നൊന്നര സംഭവം.
അമ്മാവന് അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല, ഉമ്മയോടൊപ്പം കണ്ണൂരിലെ തറവാട്ടിലാണ് താമസം, വീട്ടിലെ കൃഷി കാര്യങ്ങളൊക്കെ നോക്കി നടത്തും, പശുക്കളെ നോക്കും, വീട്ടിൽ ക്ഷണിച്ച കല്യാണങ്ങൾക്കു പോകും. മൊത്തത്തിൽ നോക്കുമ്പോൾ സ്വസ്ഥജീവിതം. സ്വസ്ഥമായ ജീവിതം കാംക്ഷിക്കുന്ന ആളാണ് എന്നതുകൊണ്ടുതന്നെ അമ്മാവൻ കല്യാണം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമ്മാവന് പെണ്ണും പിടക്കോഴിയും ഒന്നുമില്ല.
അങ്ങനെ സ്വസ്ഥമായും സമാധാനമായും ജീവിതം നയിച്ചുവരവേയാണ് അമ്മാവന്റെ ജീവിതത്തിലേക്ക് ഒരുകൂട്ടം വില്ലന്മാർ എത്തുന്നത്. വില്ലന്മാർ എന്നുപറയുമ്പോൾ ഏതെങ്കിലും തീവ്രവാദികളോ, കൊള്ളക്കാരോ ആണെന്ന് കരുതരുത്, ഇവിടെ വില്ലന്മാരായി വന്നത് ഒരുകൂട്ടം ഉറുമ്പുകളാണ്. അമ്മാവനോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവ അദ്ദേഹത്തിൻറെ റൂമിന്റെ ഒരു മൂലയിൽ മണ്ണ് കൂട്ടാൻ തുടങ്ങി.
എന്തിനാണ് ഉറുമ്പുകൾ ഇങ്ങനെ മണ്ണ് കൂട്ടുന്നത് എന്ന് ചോദിച്ചാൽ അവക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഒരു ആവാസ വ്യവസ്ഥ സൃഷ്ഠിക്കാനാണ് എന്ന് പറയേണ്ടിവരും. ഞങ്ങളുടെ വള്ളുവനാട്ടിൽ പൊതുവെ 'പുറ്റ് എന്നറിയപ്പെടുന്ന ഈ ആവാസവ്യവസ്ഥ പിന്നീട് പാമ്പുകൾ കയ്യടക്കാറുണ്ട്. എന്തുകൊണ്ടാണ് അവ അങ്ങനെ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. അക്കാര്യം പാമ്പുകളോട് തന്നെ ചോദിക്കണം.
ഉറുമ്പുകൾ വലിയൊരു പ്രോജക്ടാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും ആദ്യ ദിവസം തന്നെ അമ്മാവൻ ഉറുമ്പുകൾ കൂട്ടിവച്ച മണ്ണൊക്കെ കോരി എടുത്തു ദൂരെക്കളഞ്ഞു. ഉറുമ്പുകളും വിട്ടില്ല, അവ വീണ്ടും മണ്ണ് കൂട്ടാൻ തുടങ്ങി. ഇങ്ങനെ ആര് ജയിക്കും എന്ന മട്ടിൽ യുദ്ധം തുടർന്നപ്പോൾ അമ്മാവൻ ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചു. അദ്ദേഹം ഉറുമ്പുകളെ നിരീക്ഷിക്കാൻ തുടങ്ങി. ആ നിരീക്ഷണത്തിൽ നിന്നും അദ്ദേഹത്തിന് മനസ്സിലായ കാര്യങ്ങൾ താഴെ പറയുന്നവയാണ്.
തുടക്കത്തിൽ ഉറുമ്പുകൾ ചെയ്യുന്നത് തറയിൽ നിന്നും മണ്ണ് കുഴിച്ചെടുക്കുക എന്നതാണ്. തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ അവ ആ മണ്ണിലെ ചെറുകല്ലുകൾ എല്ലാം ദൂരേക്ക് ചുമന്നു കൊണ്ടുപോയി കളയും. അങ്ങനെ ആദ്യം കുഴിച്ചെടുത്ത മണ്ണിനെ നല്ല പൂഴി മണ്ണാക്കി മാറ്റും . അത് കഴിയുമ്പോൾ വീണ്ടും പുതിയ മണ്ണ് കുഴിച്ചെടുക്കും, കല്ലുകൾ ചുമന്നു ദൂരെ കളയും, ഈ പ്രക്രീയ വീണ്ടും ആവർത്തിക്കും. അതായത് കല്ലുകൾ ഒട്ടും ഇല്ലാത്ത നല്ല പൂഴി മണ്ണാണ് തങ്ങളുടെ ആവാസവ്യവസ്ഥ ഉണ്ടാക്കാൻ ഉറുമ്പുകൾക്കു വേണ്ടതെന്നു വ്യക്തം.
ഇത് മനസ്സിലായതോടെ അമ്മാവൻ കളം മാറ്റിക്കളി തുടങ്ങി. എന്നും വൈകുന്നേരം അദ്ദേഹം കുറച്ചു മണിക്കല്ലുകൾ കൊണ്ടുവന്നു ഉറുമ്പുകൾ ശുദ്ധീകരിച്ച മണ്ണിൽ കൊണ്ടുവന്നിടും. പിറ്റേന്ന് രാവിലെ ഉറുമ്പുകൾ അമ്മാവൻ ഇട്ട ഈ കല്ലുകൾ എടുത്തുമാറ്റും, വൈകുന്നേരം അമ്മാവൻ വീണ്ടും കല്ല് കൊണ്ട് വന്നു അതേ മണ്ണിൽ ഇടും.
അതോടെ പുതിയ മണ്ണ് കുഴിച്ചെടുക്കുന്ന പണി ചെയ്യാൻ ഉറുമ്പുകൾക്കു നേരം കിട്ടാതായി. തങ്ങളുടെ പരിപ്പ് അമ്മാവന്റെ അടുത്തു വേവില്ലെന്നു ഉറുമ്പുകൾക്കു മനസ്സിലായി, അവ അമ്മാവനെ ചീത്ത വിളിച്ചു അവരുടെ വഴിക്കു പോയി, അമ്മാവൻ അമ്മാവന്റെ വഴിക്കും പോയി. ഇതിനെയാണ് നിരീക്ഷണം എന്ന് പറയുന്നത്. ചെറിയ കാര്യങ്ങളിലേക്കുള്ള നിരീക്ഷണം. അതുണ്ടാക്കുന്ന ഫലങ്ങൾ പലപ്പോഴും വലുതാണ് എന്ന് മാത്രം.
ഏതൊരു പ്രശ്നപരിഹാരത്തിനും ഇത്തരത്തിലുള്ള നിരീക്ഷണം അനിവാര്യമാണ്, വീടുകളുടെ രൂപകൽപനയിൽ പ്രത്യേകിച്ചും. കാരണം നാം നിർമ്മിക്കുന്ന ഓരോ വീടും വ്യത്യസ്തമാണ് എന്നതാണ് അതിനുള്ള കാരണം. പ്ലോട്ടുകൾ വ്യത്യസ്തമാണ്.. ഉടമകൾ വ്യത്യസ്തരാണ്, അവരുടെ ബജറ്റുകൾ വ്യത്യസ്തമാണ്, ജീവിതരീതികൾ വ്യത്യസ്തമാണ്, ആവശ്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അനവധിയും സൂക്ഷ്മവുമായ നിരീക്ഷണത്തിനും അപഗ്രഥനത്തിനും മാത്രം സൃഷ്ടിക്കപ്പെടേണ്ട ഒന്നാണ് ഓരോ പ്ലാനുകളും.
എങ്കിലും നമുക്ക് ഇതിനെ പൊതുവെ മൂന്നായി തരാം തിരിക്കാം.
ആദ്യത്തേത് പ്ലോട്ടിനെ സംബന്ധിച്ച നിരീക്ഷണവും അപഗ്രഥനവുമാണ്. കേരളം പോലെ നിമ്നോന്നതങ്ങൾ നിറഞ്ഞ ഒരു നാട്ടിൽ ഈ നിരീക്ഷണം അത്യന്താപേക്ഷിതമാണ്. കാരണം തൊട്ടടുത്ത അയൽവാസി ഭാവിയിൽ പണിതേക്കാവുന്ന ഒരു ഭിത്തി പോലും നമ്മുടെ പ്ലോട്ടിൽ വെള്ളക്കെട്ട് ഉണ്ടാക്കിയേക്കാം.പ്ലോട്ടിൽ മുൻകാലങ്ങളിൽ ഉള്ള കല്ലുവെട്ടു മടകളോ, തൂർത്ത കിണറുകളോ കണ്ടേക്കാം. ദുർബ്ബലമായ കുന്നിൻചെരിവുകളിൽ ആണ് നിർമ്മാണം നടത്തേണ്ടത് എങ്കിൽ അതിനു അനുസൃതമായ സാങ്കേതിക വിദ്യകൾ സ്വീകരിക്കേണ്ടി വന്നേക്കാം. ഇതുപോലെ പ്ലോട്ടിലെ മണ്ണിന്റെ സ്വഭാവം, മുൻകാലങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വെള്ളക്കെട്ട് ഒക്കെ നിരീക്ഷിക്കണം, മനസ്സിലാക്കണം.
രണ്ടാമത്തെ നിരീക്ഷണം നടത്തേണ്ടത് ബജറ്റിലാണ്. അതായത് ഉടമയുടെ പോക്കറ്റിലേക്ക്. ഉടമയുടെ ബജറ്റിന് അനുസൃതമായ രീതിയിൽ വേണം രൂപകൽപ്പന പുരോഗമിക്കേണ്ടത്. ഒന്നുകൂടി വ്യക്തമാക്കിയാൽ ഉടമ പറയുന്ന ബജറ്റിൽ വീട് രൂപകൽപ്പന ചെയ്യേണ്ടത്. അല്ലാതെ ഡിസൈനർ പറയുന്ന തുക ഉടമ ഉണ്ടാക്കുകയല്ല വേണ്ടത്.
മൂന്നാമത്തെ കാര്യമാണ് ഏറെ സമയമെടുക്കുന്ന ഒന്ന്.
ഇതിനായി വേണ്ടത് ഉടമയെ, അദ്ദേഹത്തിൻറെ ജീവിതത്തെ അറിയുക എന്നതാണ്. ഉടമയ്ക്ക് വേണ്ടതും വേണ്ടാത്തതും വേർതിരിച്ചെടുക്കാൻ അദ്ദേഹത്തെ സഹായിക്കേണ്ടതും ഡിസൈനർ ആണ്. വീടിനെ സംബന്ധിച്ച ഉടമയുടെ ആവശ്യങ്ങൾ, സങ്കല്പങ്ങൾ, സ്വപ്‌നങ്ങൾ, ഒക്കെ ഡിസൈനറുടെ പങ്കുവെക്കണം. എന്നുവച്ചാൽ ഡിസൈനർ നല്ലൊരു കേൾവിക്കാരൻ ആവണം എന്നർത്ഥം.
ഈ ആവശ്യങ്ങളിലൂടെ, സങ്കല്പങ്ങളിലൂടെ, സ്വപ്നങ്ങളിലെ ഒക്കെ ആവണം ഡിസൈനറുടെ പേന ചലിക്കേണ്ടത്. ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ ചേട്ടാ എന്നൊരു ചോദ്യം വന്നേക്കാം.
ഒരുദാഹരണം പറയാം.
തൃശൂരിലെ ബാങ്ക് മേനേജർ രാധാകൃഷ്ണന് വേണ്ടി ഏതാണ്ട് അഞ്ചടി നീളത്തിലും, അഞ്ചടി വീതിയിലും ഉള്ള പൂജാമുറി രൂപകൽപന ചെയ്തുകഴിഞ്ഞപ്പോഴാണ്, പൂജാമുറിക്കുള്ളിൽ താൻ കിടന്നു നമസ്കരിക്കുന്ന വിവരം അദ്ദേഹം പറയുന്നത്. മീനാക്ഷീപുരത്തെ നീതുവിന് വേണ്ടിയിരുന്നത് തന്റെ 'അമ്മ സമ്മാനിച്ച മൂന്നു ഘടാഘടിയൻ അലമാരകൾ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു. മേജർ വിനോദിന് ആവശ്യം രാവിലെ എണീറ്റ് താഴെ അടുക്കളയിൽ പോകാതെത്തന്നെ ഒരു കപ്പു ചായ തിളപ്പിക്കാനുള്ള സംവിധാനം ഒന്നാം നിലയിൽ വേണം എന്നായിരുന്നു. ഇതിനെയൊക്കെയാണ് വ്യക്തിഗത ആവശ്യങ്ങൾ എന്ന് പറയുന്നത്.
ഈ വ്യക്തിഗത ആവശ്യങ്ങൾ പഠിച്ചു, അവയെ ഡിസൈനിൽ ഉൾക്കൊള്ളിക്കുമ്പോഴാണ് അത് നിങ്ങളുടെ വീടാവുന്നത്. അല്ലാതെ ചുമ്മാ ബെഡ് റൂമുകളും എണ്ണം പറഞ്ഞതുകൊണ്ട് മാത്രം രൂപപ്പെടുത്താവുന്ന ഒന്നല്ല ഒരു വീടിന്റെ പ്ലാൻ. അതിനു അർഹിക്കുന്ന പ്രാധാന്യം നൽകുകതന്നെ വേണം. ഉടമ ആയാലും ശരി, ഡിസൈനർ ആയാലും ശരി. കാരണം ഒരാൾ അയാളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഉറുമ്പുകളെപ്പോലെ ജോലി ചെയ്താണ് തന്റെ വീടിനു വേണ്ടുന്ന മൂലധനം സ്വരൂപിക്കുന്നത്.
നമ്മുടെ അമ്മാവൻറെ വീട്ടിൽ അതിഥികളായി വന്ന ഉറുമ്പുകളെപ്പോലെ ...
English Summary- Importance of Reserach in House Construction